Asianet News MalayalamAsianet News Malayalam

'മനസാക്ഷി വോട്ട് ചെയ്യുന്നയാളുടെ ഉള്ളിലും ഒരു സ്ഥാനാര്‍ത്ഥിയുണ്ടാവും', കെ സുധാകരന്‍

കേരളത്തില്‍ നിന്നുള്ള നേതാക്കളാണ് കൂടുതല്‍ എതിര്‍ക്കുന്നതെന്ന തരൂരിന്‍റെ പരാതിയില്‍ വാസ്‍തവം ഉണ്ടോയെന്ന് അറിയില്ലെന്നും സുധാകരന്‍ പറഞ്ഞു.
 

k sudhakaran said that he is firm on conscience voting in AICC elections
Author
First Published Oct 5, 2022, 4:40 PM IST

കൊച്ചി: എ ഐ സി സി തെരഞ്ഞെടുപ്പില്‍ മനസാക്ഷി വോട്ടെന്നതില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍. ഇത് പരസ്യമായി പറയുന്നതില്‍ തെറ്റില്ല. ജനാധിപത്യരീതിയിലെ തെരഞ്ഞെടുപ്പാകുമ്പോള്‍ പലരും പല നിലപാട് എടുക്കും. മനസാക്ഷി വോട്ട് ചെയ്യുന്ന ആളുടെ മനസിലും ഒരു സ്ഥാനാര്‍ത്ഥിയുണ്ടാവും. ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് പറയാന്‍ താന്‍ ആളല്ലെന്നും സുധാകരന്‍ പറഞ്ഞു.

കേരളത്തില്‍ നിന്നുള്ള നേതാക്കളാണ് കൂടുതല്‍ എതിര്‍ക്കുന്നതെന്ന തരൂരിന്‍റെ പരാതിയില്‍ വാസ്‍തവം ഉണ്ടോയെന്ന് അറിയില്ലെന്നും സുധാകരന്‍ പറഞ്ഞു.  കെ സുധാകരൻ, വി ഡി സതീശൻ, രമേശ് ചെന്നിത്തല തുടങ്ങിയ സംസ്ഥാനത്തെ മുതിർന്ന നേതാക്കൾ നേരത്തെ തന്നെ ഖാർഗെക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് പിന്തുണ കിട്ടാത്തതിലെ അതൃപ്തി ശശി തരൂര്‍ തുറന്ന് പറഞ്ഞത്.

എതിര്‍പ്പ് ഏറെയും തട്ടകത്തിൽ നിന്നാണെന്ന് തരൂര്‍ പറഞ്ഞ് നിര്‍ത്തിയതിന് പിന്നാലെയാണ് ഖാര്‍ഗെക്ക് വേണ്ടി നേരിട്ട് പ്രചാരണത്തിന് ഇറങ്ങുമെന്ന രമേശ് ചെന്നിത്തലുടെ പ്രഖ്യാപനം. മല്ലികാർജ്ജുന ഖാർഗെക്കായി രമേശ് ചെന്നിത്തല വിവിധ സംസ്ഥാനങ്ങളിൽ പ്രചാരണം നടത്തും. ഏഴിന് ഗുജറാത്തിലും എട്ടിന് മഹാരാഷ്ട്രയിലും 9 ,10 തിയ്യതികളിൽ ആന്ധ്രാ, തെലങ്കാന എന്നിവിടങ്ങളിലും ഖാർഗെയ്ക്കൊപ്പം ചെന്നിത്തല ഇറങ്ങും.

ശശി തരൂരിനെ തള്ളിക്കളയുന്നില്ലെങ്കിലും സാധാരണ ജനങ്ങളുടെ വികാരം മനസിലാക്കേണ്ടവരാണ് അധ്യക്ഷസ്ഥാനത്തേക്ക് വരേണ്ടതെന്ന് പറഞ്ഞ് കെ മുരളീധരനും ഖാര്‍ഗെയെ പിന്തുണച്ചു. പിന്തുണ തേടി തരൂര്‍ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കണ്ടു. 321 അംഗ വോട്ടര്‍ പട്ടികയിലെ യുവനിരയിലാണ് കേരളത്തിൽ തരൂരിന്‍റെ പ്രതീക്ഷ. 

Follow Us:
Download App:
  • android
  • ios