Asianet News MalayalamAsianet News Malayalam

'സെക്രട്ടേറിയറ്റ് രാവണന്‍കോട്ട'; പിണറായി ഭരണത്തിൽ പാലും റൊട്ടിയും വരെ മുടങ്ങി, ധൂർത്ത് തുടരുന്നുവെന്ന് സുധാകരൻ

സര്‍ക്കാര്‍ സംഭരിച്ച നെല്ലിന്റെ 1.5 ലക്ഷം രൂപ നല്‍കാത്തതിനെ തുടര്‍ന്ന് അമ്പലപ്പുഴയില്‍ രാജപ്പന്‍ എന്ന കര്‍ഷകന്‍ ആത്യമഹത്യ ചെയ്തിട്ട് ഒരാഴ്ചപോലും ആയില്ല.

K Sudhakaran says even milk and bread have stopped in the Pinarayi regime btb
Author
First Published Sep 21, 2023, 7:51 PM IST

തിരുവനന്തപുരം: ഡല്‍ഹി കേരള ഹൗസിലും തിരുവനന്തപുരം മെഡിക്കല്‍ കോളജിലുമൊക്കെ പാല്‍ പോലും വാങ്ങാന്‍ കഴിയാതെ വരുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട് സംസ്ഥാനം ഉഴറുമ്പോഴാണ് പ്രതിമാസം 80 ലക്ഷം രൂപ വാടക നല്കി ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുത്തതെന്ന് കെപിസിസി പ്രസിഡന്റ്  കെ സുധാകരന്‍ എംപി. സംസ്ഥാന  സര്‍ക്കാരിന്‍റെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ബില്ലുകള്‍ മാറാന്‍ വൈകിയതോടെ ഡല്‍ഹി കേരള ഹൗസില്‍ ജീവനക്കാര്‍ പോക്കറ്റില്‍നിന്ന് 20,000 രൂപ മുടക്കിയാണ് ഈ ദിവസങ്ങളില്‍ പാല്‍ വാങ്ങിയത്.

പിന്നീട് അതും നിര്‍ത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ കിടപ്പുരോഗികള്‍ക്ക് കൊടുത്ത പാലിന്റെ കുടിശിക 1.19 കോടി ആയതിനെ തുടര്‍ന്നാണ് മില്‍മ പാല്‍ വിതരണം നിര്‍ത്തിയത്. ബ്രെഡ് വിതരണവും നിലച്ചു. യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് മൂന്നു മാസം വരെ സര്‍ക്കാര്‍ ആശുപത്രികളില്‍നിന്ന് മരുന്ന് സൗജന്യമായി നല്‍കിയത്. ഇപ്പോള്‍ പത്തു ദിവസത്തേക്കാണ് ഡോക്ടര്‍മാര്‍ കുറിപ്പു നൽകുന്നത്. എന്നാല്‍ രോഗികള്‍ക്ക് രണ്ടോ മൂന്നോ ദിവസത്തെ മരുന്നേ ലഭിക്കുന്നുള്ളു.

സര്‍ക്കാര്‍ സംഭരിച്ച നെല്ലിന്റെ 1.5 ലക്ഷം രൂപ നല്‍കാത്തതിനെ തുടര്‍ന്ന് അമ്പലപ്പുഴയില്‍ രാജപ്പന്‍ എന്ന കര്‍ഷകന്‍ ആത്യമഹത്യ ചെയ്തിട്ട് ഒരാഴ്ചപോലും ആയില്ല. ഇതിനിടയിലാണ് ഹെലികോപ്റ്റും സൗദിയില്‍ ലോ കകേരള സമ്മേളനവും പോലെയുള്ള ധൂര്‍ത്ത് അരങ്ങേറുന്നത്. ഹെലികോപ്റ്ററിന്  മൂന്നു വര്‍ഷത്തേക്ക് 28.80 കോടി രൂപയാണ് വാടകയായി നൽകേണ്ടത്. ലോക കേരള സഭയുടെ വരവ് ചെലവ് കണക്കുകള്‍ ഇതുവരെ പരസ്യമാക്കിയിട്ടില്ല.  

വലിയ സുരക്ഷാസംവിധാനമൊരുക്കി സെക്രട്ടേറിയറ്റിനെ രാവണന്‍കോട്ട ആക്കിയതിന പിന്നാലെ സെക്രട്ടേറിയറ്റ് അനക്‌സിലും 2 കോടിയോളം രൂപ മുടക്കി സുരക്ഷ കൂട്ടി. ഏഴുവര്‍ഷത്തെ പിണറായി ഭരണം മുടിപ്പിക്കാത്ത ഒരു മേഖലയും സംസ്ഥാനത്തില്ല. കേരളത്തിന്റെ കരുത്തുറ്റ സഹകരണ മേഖലയെ കാട്ടാന കയറിയ കരിമ്പിന്‍ തോട്ടം പോലും സിപിഎമ്മുകാര്‍ ചവിട്ടിയരച്ചു. ലക്ഷക്കണക്കിന് നിക്ഷേപകര്‍ പെരുവഴിയിലായപ്പോള്‍ സിപിഎം നേതാക്കള്‍ ചോരകുടിക്കുന്ന അട്ടകളെപ്പോലെ തടിച്ചു വീര്‍ത്തു. പുതുപ്പള്ളിയില്‍ ജനങ്ങള്‍ തിരിച്ചടി നൽകിയിട്ടും  പിണറായി സര്‍ക്കാര്‍ തെറ്റില്‍നിന്ന് തെറ്റിലേക്ക് കൂപ്പുകുത്തുകയാണെന്നു സുധാകരന്‍ ചൂണ്ടിക്കാട്ടി.

9497980900 എന്ന പൊലീസിന്‍റെ പ്രത്യേക വാട്സ് ആപ്പ് നമ്പർ ഓര്‍ത്ത് വയ്ക്കാം; പുതിയ സംവിധാനം ഇങ്ങനെ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios