പാർട്ടിക്ക് ക്ഷീണമായി. വിശദീകരണം പരിശോധിച്ച് ശേഷം പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ളവരുമായി ചർച്ച ചെയ്ത് നടപടി ഉണ്ടാകും. ജാമ്യാപേക്ഷയിലെ കോടതി നടപടി നോക്കുന്നില്ലെന്നും വിശദീകരണം നോക്കിയായിരിക്കും നടപടിയെന്നും കെ സുധാകരന്‍ വ്യക്തമാക്കി.

ദില്ലി: ബലാത്സംഗക്കേസിൽ പ്രതിയായ എൽദോസ് കുന്നപ്പിള്ളിൽ എംഎല്‍എ കെപിസിസിക്ക് വിശദീകരണം നൽകിയെന്ന് കെപിസിസി പ്രസിഡൻ്റ് കെ സുധാകരന്‍. എൽദോസ് നൽകിയ വിശദീകരണം അതുപോലെ എടുക്കില്ലെന്നും പാർട്ടി അന്വേഷണം നടത്തുമെന്നും കെ സുധാകരന്‍ വ്യക്തമാക്കി. വിശദീകരണം പരിശോധിച്ചതിനുശേഷം നടപടി സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും പ്രതികരിച്ചു. ഒരുതരത്തിലും കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാട് യുഡിഎഫ് സ്വീകരിക്കില്ല. കോൺഗ്രസ് എൽദോസിനെ സംരക്ഷിക്കുകയോ ന്യായീകരിക്കുകയോ ചെയ്തിട്ടില്ലെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.

എൽദോസ് കുന്നപ്പിള്ളി എംഎൽഎക്ക് തെറ്റ് പറ്റിയെന്നാണ് പാർട്ടിയുടെ പ്രാഥമിക വിലയിരുത്തലെന്ന് കെ സുധാകരൻ പറഞ്ഞു. എംഎൽഎ നൽകിയ വിശദീകരണം പരിശോധിച്ച് പാർട്ടി അന്വേഷണം നടത്തും. എൽദോസ് നൽകിയ വിശദീകരണം മാത്രം വിശ്വാസത്തിലെടുക്കില്ലെന്നും നടപടി പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ളവരുമായി ആലോചിച്ച് സ്വീകരിക്കുമെന്നും സുധാകരൻ ദില്ലിയിൽ പറഞ്ഞു. എംഎല്‍എയുടെ മറുപടി വായിക്കാൻ കഴിഞ്ഞിട്ടില്ലെന്നും പരിശോധിച്ച്, മുതിര്‍ന്ന നേതാക്കളുമായി ആലോചിച്ച ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് സുധാകരന്‍ വ്യക്തമാക്കി. എൽദോസിന്റെ നടപടി ന്യായീകരിക്കുന്നില്ല. എൽദോസിന്റെ നടപടി പാർട്ടിക്ക് നാണക്കേട് ഉണ്ടാക്കിയെന്നത് സത്യമാണ്. പാർട്ടിക്ക് ക്ഷീണമായി. വിശദീകരണം പരിശോധിച്ച് ശേഷം പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ളവരുമായി ചർച്ച ചെയ്ത് നടപടി ഉണ്ടാകും. ജാമ്യാപേക്ഷയിലെ കോടതി നടപടി നോക്കുന്നില്ലെന്നും വിശദീകരണം നോക്കിയായിരിക്കും നടപടിയെന്നും കെ സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

പെരുമ്പാവൂർ എംഎൽഎക്കെതിരായ ബലാത്സഗംക്കേസിൽ സംസ്ഥാന കോൺഗ്രസ് നേതൃത്വം കടുത്ത സമ്മർദ്ദത്തിലാണ്. എന്താണ് സംഭവിച്ചതെന്ന് മുതിർന്ന നേതാക്കൾക്ക് പോലും ഒരറിവുമില്ല. പീഡനപരാതി ഉയർന്ന ശേഷം എൽദോസ് നേതാക്കളോട് സംസാരിച്ചിട്ടേ ഇല്ല. വിശദീകരണം തേടിയുള്ള നടപടി എന്നതാണ് പാർട്ടി രീതി. പക്ഷെ സാങ്കേതികത്വം പറഞ്ഞ് നടപടി നീളുന്നതിൽ പാർട്ടി സംശയ നിഴലിലായതോടെയാണ് മറുപടിക്ക് സമയപരിധി നിശ്ചയിച്ചത്. പാർട്ടിയിൽ നിന്നും സസ്പെൻഷൻ അല്ലെങ്കിൽ കെപിസിസി അംഗത്വത്തിൽ നിന്നും പുറത്താക്കൽ ആണ് ആലോചനയിൽ. പാർട്ടിയിൽ നിന്നും പുറത്താക്കിയാൽ എംഎൽഎ സ്ഥാനം നഷ്ടമാകുമെന്നതിനാൽ അത് നിലവിൽ പരിഗണിക്കുന്നില്ല.

Also Read:മടക്കി അയച്ചത് ഭാര്യ എന്ന് പറഞ്ഞ്; എൽദോസ് കുന്നപ്പിള്ളിക്കെതിരെ കുരുക്കുമുറുക്കി പൊലീസുകാരുടെ മൊഴി

അതേസമയം, ബലാത്സംഗക്കേസിൽ എൽദോസ് കുന്നപ്പള്ളില്‍ എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഉച്ചയ്ക്ക് ശേഷം കോടതി വിധി പറയും. അപേക്ഷയിൽ ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് കോടതി വിധി പറയുക. എംഎൽഎക്കെതിരെ ചുമത്തിയ വധശ്രമം ഉൾപ്പടെ പുതിയ വകുപ്പുകളുടെ വിശദ വിവരം പൊലീസ് കോടതിയിൽ സമർപ്പിച്ചു. ഇത് കൂടി പരിശോധിച്ച ശേഷമാകും വിധി. ഉത്തരവ് പറയുന്നതിന് മുൻപ് തന്‍റെ ഭാഗം കൂടി കേൾക്കണമെന്ന് പരാതിക്കാരി ആവശ്യപ്പെട്ടിരുന്നെങ്കിലും, മുൻകൂർ ജാമ്യാപേക്ഷയ്ക്കൊപ്പം കോടതി ഇക്കാര്യം പരിഗണിക്കാനിടയില്ല. കൂടുതൽ പേർ ഉൾപ്പെട്ടതും, ഗൂഢാലോചനയും ഉൾപ്പടെ അന്വേഷിക്കാനുണ്ടെന്നും ജാമ്യം നൽകരുതെന്നുമുള്ള വാദമാണ് പ്രോസിക്യൂഷൻ ഉന്നയിച്ചിരിക്കുന്നത്. യുവതിയെ തട്ടിക്കൊണ്ടു പോയി ദേഹോപദ്രവമേൽപ്പിക്കൽ, ബലാത്സംഗം, വധശ്രമം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകളാണ് നിലവിൽ എംഎൽഎയ്ക്ക് മേലുള്ളത്.