കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയുടെ പ്രാഥമിക ഉത്തരവാദിത്തം തനിക്കെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വോട്ടുകച്ചവടം നടത്തിയെന്ന സിപിഎം ആരോപണം തെറ്റാണെന്നും വോട്ടുകൾ കുറഞ്ഞത് സിപിഎമ്മിനാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു കോഴിക്കോട് മാധ്യമങ്ങളെ കാണുകയായിരുന്നു സുരേന്ദ്രൻ. 

ശക്തമായ വർഗ്ഗീയ ധ്രുവീകരണമാണ് തെരഞ്ഞെടുപ്പിൽ നടന്നത്. കൽപ്പറ്റയിലെ മുസ്ലിം വിഭാഗക്കാരായ പാർട്ടിക്കാർ സിദ്ദീഖിന് വോട്ട് ചെയ്തു: 2016 നെ അപേക്ഷിച്ച് ഇക്കുറി എൻഡിഎയ്ക്ക് വോട്ട് കുറഞ്ഞു. ഘടകകക്ഷികൾ ശക്തമായി  ഉണ്ടായിരുന്നില്ല എന്നതും തിരിച്ചടിയായി. 40 മണ്ഡലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ മറ്റ് മണ്ഡലങ്ങളിൽ ബിജെപിക്ക് വോട്ട് നഷ്ടപ്പെട്ടു. 

പരാജയത്തിൻ്റെ പ്രാഥമിക ഉത്തരവാദിത്വം തനിക്ക് തന്നെയാണ് രണ്ടിടത്ത് മൽസരിച്ചിരുന്നില്ലെങ്കിൽ മഞ്ചേശ്വരത്ത് ജയിച്ചേനെ എന്ന് കരുതുന്നവരുണ്ട്. അതു ഒരോരുത്തരുടെ അഭിപ്രായമാണ്. താൻ പാർട്ടിക്ക് വിധേയനാണ്. പാർട്ടി ശാസനകൾ അനുസരിക്കുക മാത്രമാണ് ചെയ്തത്. രണ്ടിടത്ത് മൽസരിക്കാൻ ആഗ്രഹിച്ചിരുന്നില്ലെന്നും കേന്ദ്രനേതൃത്വം പറഞ്ഞത് അനുസരിക്കുക മാത്രമാണ് ചെയ്തതെന്നും സുരേന്ദ്രൻ വ്യക്തമാക്കി. 

സുരേന്ദ്രൻ്റെ വാക്കുകൾ  - 

ഈ തെരഞ്ഞെടുപ്പിലും പല മണ്ഡലങ്ങളിലും എൽഡിഎഫിന് വോട്ടു കുറഞ്ഞു. 2016-നെ അപേക്ഷിച്ച് 5000-ത്തോളം വോട്ട് അധികം പോൾ ചെയ്തിട്ട് പാലക്കാട്ട് സിപിഎമ്മിന് 2500 വോട്ട് കുറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 7000 വോട്ടാണ് സിപിഎമ്മിന് കുറഞ്ഞു. ഇതൊന്നും യാദൃശ്ചികമായി സംഭവിച്ചതല്ലെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ.കെ.ബാലൻ പറഞ്ഞു. വോട്ടുക്കച്ചവടം നടന്നുവെന്ന് ഇതിലൂടെ പകൽ പോലെ വ്യക്തമല്ലേ. 

മഞ്ചേശ്വരത്ത് 11,000 വോട്ടുകൾ അധികമായി പോൾ ചെയ്തിട്ടും മൂന്ന് ശതമാനം അല്ലെങ്കിൽ 5000 വോട്ടുകൾ അവിടെ കുറഞ്ഞു. 47000 വോട്ട് തദ്ദേശതെരഞ്ഞെടുപ്പിന് കിട്ടിയ സിപിഎമ്മിന് അവിടെ 40000 വോട്ടാണ് കിട്ടിയത്. നേമത്തും സിപിഎമ്മിന് വോട്ട് കുറഞ്ഞു. 59144ഉം 33960ഉം ആണ് 2016,2019 നിയമസഭാ ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ എൽഡിഎഫിന് നേമത്ത് കിട്ടി. കാൽലക്ഷം വോട്ടാണ് പോയത്. മെഴ്സിക്കുട്ടിയമ്മയുടെ കുണ്ടറയിൽ 20,000 വോട്ടാണ് ലോക്സഭയെ അപേക്ഷിച്ച് കുറഞ്ഞത്. വോട്ടു കച്ചവടത്തെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ ആരോപണം തെറ്റാണ് -  കണക്കുകൾ വിശദീകരിച്ചു കൊണ്ട് സുരേന്ദ്രൻ പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് എട്ട് ശതമാനം വോട്ടുകളുടെ വർധനയാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനുണ്ടായത്. ഈ എട്ട് ശതമാനം വോട്ടുകൾ കഴിഞ്ഞതവണ മറിച്ചതാണോയെന്ന് പിണറായി പറയണം. 16 ലക്ഷം വോട്ടാണ് ലോകസഭാ തെരഞ്ഞെടുപ്പിൽ LDFന് കുറഞ്ഞത്. പാലക്കാട് 5000 വോട്ട് അധികം പോൾ ചെയ്തിട്ടും സിപിഎം വോട്ട് കുറഞ്ഞു, മഞ്ചേശ്വരത്ത് 5000 ലേറെ വോട്ട് LDF ന് നഷ്ടമായി. നേമത്ത് 2016 നെ അപേക്ഷിച്ച് ലോകസഭാ തെരഞ്ഞെടുപ്പിൽ 25000 വോട്ട് കുറഞ്ഞിരുന്നു. ഇത് വിറ്റതാണോ? ഇത്തരം ആരോപണം ഉന്നയിക്കുമ്പോൾ  സ്വന്തം പാർട്ടിയുടെ ചരിത്രം കൂടി സിപിഎം നോക്കണം. കൊടകരയിൽ നഷ്ടപ്പെട്ടത് ബിജെപിയുടെ പണമല്ല. ഇതേക്കുറിച്ച് പൊലീസ് അന്വേഷിക്കട്ടെ.