കോഴിക്കോട്: സ്വർണ്ണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കെടി ജലീലിനുമെതിരെ നിലപാട് കടുപ്പിച്ച് ബിജെപി. മുഖ്യമന്ത്രിയുടെ പങ്ക് കൂടുതൽ തെളിഞ്ഞു വരുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചു. മുഖ്യമന്ത്രി നേരിട്ട് കള്ളക്കടത്ത് സംഘവുമായി ബന്ധപ്പെട്ടു. യുഎഇയിലേക്ക് പോയ ഔദ്യോഗിക സംഘത്തിൽ സ്വപ്നയെ എന്തിന് ഒപ്പം കൂട്ടിയെന്ന് മുഖ്യമന്ത്രി മറുപടി പറയണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. മന്ത്രി കെടി ജലീൽ ഖുറാന്‍റെ മറവിൽ സ്വര്‍ണ്ണക്കടത്ത് നടത്തുന്നതിന് കൂട്ടുനിന്നെന്നും സുരേന്ദ്രൻ ആരോപിച്ചു. 

"ലൈഫ് മിഷനിൽ സ്വപ്നക്ക് ഒരു കോടി രൂപയാണ് കൈക്കൂലി കിട്ടിയത്. സർക്കാര്‍ പ്രൊജക്ടിൽ കള്ളക്കടത്തുകാരിക്ക് എങ്ങനെയാണ് കൈക്കൂലി കിട്ടിയത്? ഈ കമ്മീഷനും കൈക്കൂലിയും മുഖ്യമന്ത്രിയും അറിയാത്തത് എന്തുകൊണ്ടാണ്? സ്വപ്നയെ തന്‍റെ ഔദ്യോഗിക സംഘത്തിൽ മുഖ്യമന്ത്രി എന്തിന് കൂട്ടിയെന്ന് മുഖ്യമന്ത്രി വിശദീകരിക്കണം. ചീഫ് പ്രോട്ടോക്കോൾ ഓഫീസർ സിപിഎം സന്തതസഹചാരിയാണ്. ഇദ്ദേഹത്തിന് തീവ്രവാദ ബന്ധമുണ്ടെന്നും അതിൽ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ബിജെപി നേരത്തെ പരാതി നൽകിയിരുന്നു. പ്രോട്ടോക്കോൾ ഓഫീസർ സ്ഥാനത്ത് നിന്ന് അന്ന് നീക്കിയിരുന്നു. കസ്റ്റംസ് ക്ലിയറൻസ് രേകകളിൽ ഒപ്പിട്ടതും ഇദ്ദേഹമാണ്. ഇത് നിസ്സാരമായ കാര്യമല്ല. സ്ഥാനത്ത് നിന്ന് നീക്കിയ ആൾക്ക് എന്തിന് അധികാരം നൽകിയെന്ന് വിശദീകരിക്കണം". 

"മന്ത്രി കെടി ജലീൽ പറഞ്ഞതൊന്നും വിശ്വസിക്കാനാവില്ല. മന്ത്രിക്ക് വാട്സ്അപ്പ് അയക്കുന്നത് എന്ത് നയതന്ത്രമാണ്. ഇത്രയും വലിയ ബാഗേജ് എങ്ങനെ എത്തി..? ആരിടപെട്ടു.  ചട്ടലംഘനം നടത്തി. ജലീൽ ഇതിനുമുമ്പും ഇതുപോലുള്ള കാര്യങ്ങൾ നടത്തിയെന്ന് സംശയിക്കുന്നു. സംസ്ഥാനം വിദേശ സഹായം എന്ന വളഞ്ഞ വഴി സ്വീകരിച്ചു. അതിലാണ് കമ്മീഷൻ വാങ്ങിയത്. ജലീൽ വിശ്വാസത്തെ കൂട്ടുപിടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നു. ഖുറാൻ കൊണ്ടുവരാനെന്ന പേരിൽ സ്വർണം കടത്തിയെന്ന് ബിജെപി സംശയിക്കുന്നു". ഡിപ്ലോമാറ്റിക് ബാഗേജിൻ്റെ മറവിൽ സ്വർണം കടത്തിയവർ ഖുറാനിൻ്റെ മറവിലും കടത്തും. ആ സംഘവുമായി ജലീലിന് ബന്ധമുണ്ടെന്ന് സുരേന്ദ്രൻ പറഞ്ഞു.