തൃശൂര്‍: എംപിമാരായി ജയിച്ച് ദില്ലിയിലേക്ക് പോയവര്‍ സംസ്ഥാന തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നത് ജനാധിപത്യത്തെ അവഹേളിക്കലാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. നിയമസഭാ അംഗത്വം രാജിവെച്ച് ലോക്സഭയിലെത്തുകയും പിന്നീട് അവിടെ നിന്ന് രാജിവെച്ച് നിയമസഭയിലേക്കും എത്താനുള്ള ചിലരുടെ നീക്കം അധികാര ദുര്‍മോഹത്തോടെയാണെന്നും സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

തൃശൂരില്‍ ബിജെപി-ബിഡിജെഎസ് ഉഭയകക്ഷി ചര്‍ച്ചക്ക് ശേഷമായിരുന്നു വാര്‍ത്താ സമ്മേളനം. സംസ്ഥാനത്ത് എല്ലാ വാര്‍ഡുകളിലും എന്‍ഡിഎ മത്സരിക്കുമെന്ന്  കെ സുരേന്ദ്രന്‍ പഞ്ഞു. യുഡിഎഫും എല്‍ഡിഎഫും കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. കോണ്‍ഗ്രസിന്റെ ദൗര്‍ബല്യമാണ് യുഡിഎഫിന്റെ തകര്‍ച്ചയ്ക്ക് കാരണം.

മുസ്ലീം ലീഗ് യുഡിഎഫിനെ ഹൈജാക്ക് ചെയ്തു കഴിഞ്ഞു. കോണ്‍ഗ്രസില്‍ നിന്ന് യുഡിഎഫിന്റെ നേതൃ സ്ഥാനം കുഞ്ഞാലിക്കുട്ടി ഏറ്റെടുത്തു. ഇതോടെ കോണ്‍ഗ്രസ് അപ്രസക്തമാകും. പിണറായി സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങി കുളിച്ചു. ഓണക്കിറ്റിലെ പപ്പടത്തില്‍ പോലും അഴിമതി നടത്തിയ സര്‍ക്കാരാണ്.

നേരത്തെ ശര്‍ക്കരയിലും അഴിമതി നടത്തി. കൊവിഡ് രോഗികള്‍ക്ക് പോലും രക്ഷയില്ലാത്ത കാലമാണ്. കോണ്‍ഗ്രസുകാരും ഡിവൈഎഫ്‌ഐക്കാരും പീഡകരായി നടക്കുകയാണ്. ഡിവൈഎഫ്‌ഐകാര്‍ക്ക് മാത്രം പീഡിപ്പിച്ചാല്‍ മാത്രം മതിയോയെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന നിര്‍ഭാഗ്യകരമാണ്. ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പ് അനാവശ്യമാണെന്ന് ബിജെപി നേരത്തെ പറഞ്ഞതാണ്.

നാലു മാസത്തേക്ക് ഒരാളെ തെരഞ്ഞെടുക്കുന്നത് എന്തിനാണ്. നേരത്തെ കോട്ടയത്ത് ജോസ് കെ മാണി രാജിവച്ചപ്പോള്‍ ഒമ്പത് മാസമാണ് അവിടെ ജനപ്രതിനിധി ഇല്ലാതായത്. തെരഞ്ഞെടുപ്പ് വേണ്ടെന്ന് പറയാനുള്ള ആര്‍ജ്ജവം ഇരുമുന്നണികള്‍ക്കും ഇല്ല. തെരഞ്ഞെടുപ്പ് കാര്യത്തില്‍ തീരുമാനം ആയാല്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും.

സ്വര്‍ണ്ണക്കടത്ത് കേസില്‍ അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ വമ്പന്‍ സ്രാവുകള്‍ കുടുങ്ങുമെന്ന് മുഖ്യമന്ത്രി പറഞ്ഞത് തന്നെയാണ് ബിജെപിക്കും പറയാനുള്ളത്. അന്വേഷണം പൂര്‍ത്തിയാകട്ടെ അപ്പോള്‍ അറിയാം. വാര്‍ത്താസമ്മേളനത്തില്‍ എന്‍ഡിഎ കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളി, ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി കെ കൃഷ്ണദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.