ഒരു ബാങ്ക് എങ്കിലും കൊള്ളയടിച്ചവരെയാണ് സിപിഎം സഹകരണമന്ത്രിയാക്കുന്നത്, അതാണ് മിനിമം യോഗ്യത: കെ സുരേന്ദ്രന്‍
കേരളത്തിലെ സി പി എം അദാനിയെക്കാളും അംബാനിയെക്കാളും സമ്പന്നമായ സ്ഥാപനം. സി പി എം നേതാക്കൻമാരുടെ കള്ളപ്പണം വെളളപ്പണമാക്കാൻ സഹകരണ മേഖലയെ ഉപയോഗിച്ചു.
കോട്ടയം: സഹകരണ ബാങ്ക് തട്ടിപ്പില്‍ സിപിഎമ്മിനെതിരെ ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ രംഗത്ത്. സഹകരണ പ്രസ്ഥാനത്തിന്‍റെ അന്തകനാണ് പിണറായി വിജയന്‍. സഹകരണ മേഖലയെ തകർക്കാൻ കേന്ദ്രം ശ്രമിക്കുന്നെന്ന മുഖ്യമന്ത്രിയുടെ ആരോപണം വസ്തുതകൾക്കു നേരെയുള്ള കൊഞ്ഞണം കുത്തലാണ്. കള്ളപ്പണത്തിന്‍റെ ഓഹരി മന്ത്രിമാരടക്കം സി പി എമ്മിന്‍റെ മുതിർന്ന നേതാക്കൾക്ക് കിട്ടി.
സി പി എം നേതാക്കൻമാരുടെ കള്ളപ്പണം വെളളപ്പണമാക്കാൻ സഹകരണ മേഖലയെ ഉപയോഗിച്ചു. കേരളത്തിലെ സി പി എം അദാനിയെക്കാളും അംബാനിയെക്കാളും സമ്പന്നമായ സ്ഥാപനമാണ്. ചെത്തു തൊഴിലാളി യൂണിയനു പോലും 800 കോടിയുടെ ആസ്തിയുണ്ട്. അതിൽ നിന്ന് സഹകരണ ബാങ്ക് നിക്ഷേപകർക്ക് പണം നൽകാൻ പിണറായി തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സർക്കാർ നൽകുമെന്ന് പറയുന്ന ഗ്യാരന്‍റി നിയമപരമല്ല. അങ്ങനെ ഗ്യാരന്‍റി നിൽക്കാൻ സർക്കാരിന് നിയമപരമായി കഴിയില്ല. ഒരു ബാങ്ക് എങ്കിലും കൊള്ളയടിച്ചവരെയാണ് സി പി എം സഹകരണ മന്ത്രിയാക്കുന്നത്. അതാണ് മിനിമം യോഗ്യത. കോട്ടയത്തെ ഇളങ്കുളം ബാങ്ക് കൊള്ളയടിച്ച ആളാണ് ഇപ്പോഴത്തെ സഹകരണ മന്ത്രി വി.എൻ. വാസവൻ. ഊരാളുങ്കലിൽ 82 ശതമാനം ഓഹരി സർക്കാരിന് ഉണ്ടെങ്കിൽ മറ്റ് നിക്ഷേപകർ ആരെന്ന് അറിയാൻ കേരളത്തിലെ ജനങ്ങൾക്ക് അവകാശമുണ്ടെന്നും ബിജെപി സംസ്ഥാന പ്രസിഡണ്ട് പറഞ്ഞു.