Asianet News MalayalamAsianet News Malayalam

കരുവന്നൂർ കേസ്: സിപിഎം നേതാവ് എംകെ കണ്ണനെ ചോദ്യം ചെയ്ത് ഇഡി, ഉദ്യോഗസ്ഥർ മാനസികമായി പീഡിപ്പിച്ചെന്ന് കണ്ണൻ

കരുവന്നൂർ ബാങ്കിൽ നിന്ന് 27 കോടിയിലേറെ രൂപ ബെനാമി വായ്പയായി തട്ടിയ പി പി കിരണം സതീഷ് കുമാറും തമ്മിലുള്ള സാമ്പത്തിക ഇടപാടിലാണ് എം കെ കണ്ണനെ ചോദ്യം ചെയ്തത്.

Karuvannur bank scam CPM leader Mk kannan questioned by enforcement directorate nbu
Author
First Published Sep 25, 2023, 10:26 PM IST

കൊച്ചി: കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ കള്ളപ്പണ കേസിൽ സിപിഎം സംസ്ഥാന സമിതി അംഗവും തൃശൂർ സഹകരണ ബാങ്ക് പ്രസിഡന്‍റുമായ എം കെ കണ്ണനെ ഇഡി ചോദ്യം ചെയ്തു. സതീഷ് കുമാറുമായി സാമ്പത്തിക ഇടപാടുകൾ നടന്നിട്ടില്ലെന്നും ഇഡി ഉദ്യോഗസ്ഥർ മാനസികമായി പീഡിപ്പിച്ചുവെന്നും ചോദ്യം ചെയ്യലിന് ശേഷം എം കെ കണ്ണൻ പറഞ്ഞു. വെള്ളിയാഴ്ച വീണ്ടും ഹാജരാകാൻ നോട്ടീസ് കൊടുത്തു.

കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ സിപിഎമ്മിന്‍റെ മറ്റൊരു സംസ്ഥാന നേതാവും ഇഡിക്ക് മുന്നിലെത്തി. ഏഴ് മണിക്കൂറാണ് സിപിഎം സംസ്ഥാന സമിതിയംഗവും തൃശൂർ ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്‍റുമായ എംകെ കണ്ണനെ ചോദ്യം ചെയ്തത്. കരുവന്നൂർ ബാങ്കിൽ നിന്ന് 27 കോടിയിലേറെ രൂപ ബെനാമി വായ്പയായി തട്ടിയ പി പി കിരണം സതീഷ് കുമാറും തമ്മിലുള്ള സാമ്പത്തിക ഇടപാടിലാണ് എം കെ കണ്ണനെ ചോദ്യം ചെയ്തത്. എം കെ കണ്ണൻ അദ്ധ്യക്ഷനായ ബാങ്കിലെ സതീഷ് കുമാറിന്‍റെ ബിനാമി നിക്ഷേപത്തിൽ നിന്നും പിപി കിരണിന് വേണ്ടി കരുവന്നൂർ ബാങ്കിലേക്ക് പോയ പണത്തിലാണ് ഇഡിയുടെ സംശയങ്ങൾ. പണമിടപാടിന്‍റെ രേഖകൾ ഇഡി കണ്ടെടുത്തിരുന്നു. ഈ പണമിടപാടുകൾ സംബന്ധിച്ച് പിന്നീട് സതീഷ് കുമാറും കിരണും തമ്മിൽ പൊലീസ് കേസുണ്ടാവുകയും എ സി മൊയ്തീൻ, എം കെ കണ്ണൻ അടക്കമുള്ളവർ പ്രശ്ന പരിഹാരത്തിന് ഇടപെട്ടെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്. ചോദ്യം ചെയ്യലിന് ശേഷം ഇഡിക്കെതിരെ എം കെ കണ്ണൻ രംഗത്തെത്തി.

നേരത്തെ സിപിഎം പ്രാദേശിക നേതാവായ അരവിന്ദാക്ഷനും ഇഡിക്കെതിരെ രംഗത്തെത്തിയിരുന്നു. വെള്ളിയാഴ്ച ഇഡി ഓഫീസിലെത്താൻ അറിയിച്ചിട്ടുണ്ടെന്നും താൻ ഹാജരാകുമെന്നും എം കെ കണ്ണൻ പറഞ്ഞു. കേസിൽ നിലവിൽ സിപിഎമ്മിന്‍റെ രണ്ട് സംസ്ഥാന സമിതി അംഗങ്ങളാണ് ഇഡി അന്വേഷണ നിഴലിലുള്ളത്. കേസിൽ എ സി മൊയ്തീനിനെ വീണ്ടും ചോദ്യം ചെയ്യാനിരിക്കെയാണ് എം കെ കണ്ണനെയും വിളിപ്പിച്ചത്. കണ്ണനുമായി ബന്ധപ്പെട്ട ഇനിയുള്ള നടപടികൾ എ സി മൊയ്തീനെ സംബന്ധിച്ചും നിർണ്ണായകമാണ്.

Follow Us:
Download App:
  • android
  • ios