Asianet News MalayalamAsianet News Malayalam

സംസ്ഥാന സർക്കാരിന്റേത് കൈവിട്ട കളി; കടകംപള്ളി സുരേന്ദ്രന് ആർത്തിയെന്നും കെ സുരേന്ദ്രൻ

ദേവസ്വംബോർഡ് ക്ഷേത്രങ്ങൾ തുറക്കാൻ തീരുമാനിച്ചത് കേന്ദ്രം പറഞ്ഞത് കൊണ്ടാണെന്ന് ദേവസ്വം ബോർഡ് പറയുന്നത്. കടകംപള്ളി സുരേന്ദ്രന്റെ ആർത്തി ഭക്തരുടെ പേരിൽ അടിച്ചേൽപിക്കേണ്ട

K Surendran Against Kerala Government covid
Author
Thiruvananthapuram, First Published Jun 9, 2020, 11:46 AM IST

തിരുവനന്തപുരം: ആരാധനാലയങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ കടുത്ത വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സംസ്ഥാന സർക്കാർ കൈവിട്ട കളി കളിക്കുന്നുവെന്നും കൊവിഡ് കേസുകൾ ദിവസം 100 കടക്കുമ്പോഴും ഹോം ക്വാറന്റീൻ മതിയെന്ന് സർക്കാർ പറയുന്നത് സർക്കാർ ക്വാറൻ്റൈൻ പരാജയപ്പെട്ടത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

ഓരോ ദിവസവും രോഗബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. തികഞ്ഞ ലാഘവബുദ്ധിയാണ് സർക്കാരിന്റേത്. സംസ്ഥാന സർക്കാരിന് ഒരു നിയന്ത്രണവുമില്ല. 70 പേരാണ് ബസ്സുകളിൽ യാത്ര ചെയ്യുന്നത്. മദ്യവിൽപ്പനയിൽ ബെവ്ക്യു ആപ്പ് പരാജയപ്പെട്ടു. ഇത് സംസ്ഥാന സർക്കാരിന് കനത്ത നഷ്ടം ഉണ്ടാക്കി.

ദേവസ്വംബോർഡ് ക്ഷേത്രങ്ങൾ തുറക്കാൻ തീരുമാനിച്ചത് കേന്ദ്രം പറഞ്ഞത് കൊണ്ടാണെന്ന് ദേവസ്വം ബോർഡ് പറയുന്നത്. കടകംപള്ളി സുരേന്ദ്രന്റെ ആർത്തി ഭക്തരുടെ പേരിൽ അടിച്ചേൽപിക്കേണ്ട. മുസ്ലീം, ക്രൈസ്തവ ദേവാലയങ്ങൾ അവർ തീരുമാനിക്കുമ്പോൾ ക്ഷേത്രങ്ങളുടെ കാര്യത്തിൽ മാത്രമെന്താണ് സർക്കാരിന് താൽപര്യം? ഭക്തരുടെ വികാരത്തിന് വിരുദ്ധമാണ് എപ്പോഴും കടകംപള്ളിയുടെ താൽപര്യമെന്നും സുരേന്ദ്രൻ പറഞ്ഞു.

വി മുരളീധരൻ എന്ത് ചെയ്യണം എന്ന് കടകംപള്ളി തീരുമാനിക്കണ്ട. കേന്ദ്രം പറയുന്നതെല്ലാം ഇവിടെ നടപ്പാക്കുന്നുണ്ടോ? സംസ്ഥാന സർക്കാരിന് ക്ഷേത്രങ്ങളോട് താൽപര്യമില്ല. നിത്യപൂജക്ക് ചെലവ് ചെയ്യാനില്ലാതെ ക്ഷേത്രങ്ങൾ ബുദ്ധിമുട്ടുകയാണ്. ഒരു രൂപ സർക്കാർ കൊടുത്തില്ല. അവിടുത്തെ ജീവനക്കാർ കഷ്ടപ്പെടുകയാണ്. ആരോടും ചോദിക്കാതെയാണ് സർക്കാർ തീരുമാനമെടുത്തത്. ക്ഷേത്രം തുറന്നത് കൂടിയാലോചനയില്ലാതെയാണ്. ജനങ്ങളുടെ ആഗ്രഹത്തിന് വിരുദ്ധമാണ് സർക്കാർ തീരുമാനം.

ബീവറേജസിന് മുന്നിൽ ആയിരങ്ങൾ കൂടുന്നു. കൊവിഡ് ടെസ്റ്റ് ദേശീയ ശരാശരിയിലും എത്രയോ താഴെയാണിവിടെ. ഉറവിടം കണ്ടെത്താത്ത നിരവധി കേസുകൾ കേരളത്തിലുണ്ട്. മറ്റ് താൽപര്യങ്ങളെ മുൻനിർത്തിയ‌ാണ് സംസ്ഥാന സർക്കാർ പ്രവർത്തിക്കുന്നത്. ഈ മാസം മുപ്പതുവരെയെങ്കിലും ക്ഷേത്രങ്ങൾ കേരളത്തിൽ  തുറക്കരുത് എന്നാണ് ബിജെപിയുടെ നിലപാട്. മുഖ്യമന്ത്രി വാർത്താസമ്മേളനം നിർത്തിയെന്ന് തോന്നുന്നുവെന്നും കെ സുരേന്ദ്രൻ പരിഹസിച്ചു.

കേരളത്തിൽ ടെസ്റ്റുകൾ കുറവാണ്. വളരെക്കുറച്ച് ടെസ്റ്റുകൾ മാത്രമാണ് ഇവിടെ ചെയ്യുന്നത്. കേസുകൾ കുറച്ച് മാത്രം ചെയ്ത് കുറവു കേസുകൾ മാത്രമേ ഉള്ളൂ എന്ന് പ്രചരിപ്പിക്കാനുള്ള തന്ത്രമാണെന്ന് സംശയിക്കുന്നുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.

Follow Us:
Download App:
  • android
  • ios