തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ സാമ്പത്തിക ഇടപാട് അന്വേഷിക്കുന്ന ഏജൻസിയാണ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റെന്നും അല്ലാതെ ചട്ടലംഘനത്തെക്കുറിച്ച് അന്വേഷിക്കാനുള്ള സംഘമല്ലെന്നും സിപിഎമ്മുകാർ മനസ്സിലാക്കണമെന്ന് ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഗുരുതരമായ ക്രമക്കേടുകൾ കാണിച്ചതിനാലാണ് ജലീലിനെ എൻഫോഴ്സ്മെൻ്റ് ചോദ്യം ചെയ്തത്. എന്നിട്ടും മുഖ്യമന്ത്രി അദ്ദേഹത്തെ പിന്തുണയ്ക്കുന്നത് എന്തിനാണെന്ന് വ്യക്തമല്ല. ഇതിലും ചെറിയ വിവാദത്തിൽ ജയരാജനെ രാജിവയ്പ്പിച്ച മുഖ്യമന്ത്രി ജലീലിൻ്റെ കാര്യത്തിൽ മൗനം പാലിക്കുന്നത് ദുരൂഹമാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

കെ.സുരേന്ദ്രൻ്റെ വാക്കുകൾ - 

എൻഫോഴ്സ്മെൻ്റ് ഒരു മന്ത്രിയെ ചോദ്യം ചെയ്യുന്നത് സംസ്ഥാന ചരിത്രത്തിൽ ആദ്യത്തെ സംഭവമാണ്.ചിലർ പറയുന്നത് ചട്ടലംഘനത്തെ കുറിച്ച് അന്വേഷിക്കാൻ ആണെന്ന് ആണ്.  എൻഫോഴ്‌സ്‌മെന്റ് ചട്ടലംഘനം അന്വേഷിക്കാൻ ഉള്ള ഏജൻസി അല്ല. സ്വർണ്ണക്കടത്ത് കേസിലെ സാമ്പത്തിക ഇടപാടുകൾ ആണ് അവ‍‍ അന്വേഷിക്കുന്നതെന്ന്‌ സിപിഎം നേതാക്കൾ മനസ്സിലാക്കണം.

എൻഫോഴ്സ്മെൻ്റെ എന്തെല്ലാം ചോദിച്ചു എന്ന് ജലീൽ വ്യക്തമാക്കണം. സത്യം വിജയിക്കും എന്ന ന്യായീകരണമാണ് ജലീൽ നടത്തുന്നത്. അഭിസാരികയുടെ ചാരിത്ര്യം ഇതിനേക്കാൾ നല്ലതെന്ന് ജലീൽ മനസ്സിലാക്കണം. താങ്കൾ സത്യവാൻ ആണെങ്കിൽ എന്താണ് യഥാർത്ഥത്തിൽ നടന്നത് എന്ന് പറയണം . എന്തിന് സ്വകാര്യ വാഹനത്തിൽ എൻഫോഴ്‌സ്‌മെൻ്റിൻ്റെ അടുത്തേക്ക് പോയെന്ന് വ്യക്തമാക്കണം.

ജലീലിന് ജനങ്ങളോട് വിശദീകരിക്കാൻ ബാധ്യത ഉണ്ട്. ആരും ചോദ്യം ചെയ്‌തില്ല എന്ന് എന്തിന് മാധ്യമങ്ങളോട്  കള്ളം പറഞ്ഞു. സ്വപ്നം സുരേഷിനെ ഏതെല്ലാം വിധത്തിൽ ആണ് സഹായിച്ചതെന്ന് ജലീൽ പറയണം. സ്വർണ്ണക്കടത്ത് കേസിൽ താങ്കൾക്ക് ഉള്ള പങ്കാളിത്തം എന്താണ്
കോണ്സുലേറ്റിന്റെ ക്വുർആൻ അടങ്ങുന്ന കെട്ട് എങ്ങനെ ആണ് സിആർട്ടിന്റെ ഓഫിസിലേക്ക് കൊണ്ട് പോയത്

ലൈഫ് മിഷൻ തട്ടിപ്പ് ഉൾപ്പടെ പല ഇടപാടുകൾ അന്വേഷണത്തിന്റെ പരിധിയിൽ ആണ്. ഇതിൽ ജലീലിന്റെ പങ്ക് എന്താണെന്ന് വ്യക്തമാകേണ്ടതുണ്ട്. പ്രളയാനന്തരം വിവിധ മത, സന്നദ്ധ സ്ഥാപനങ്ങളിലേക്ക് കോടിക്കണക്കിന് രൂപ സാമ്പത്തിക സഹായം ലഭിച്ചിട്ടുണ്ട്. ഇത് ഇഡി അന്വേഷിക്കുന്നുണ്ട്. ഇതിൽ ജലീലിന്റെ പങ്ക് എന്താണ്. 

കള്ളന് കഞ്ഞി വയ്ക്കുക ആണ് മുഖ്യമന്ത്രി. ഇപി ജയരാജനെ താരതമ്യേന നിസാരമായ കേസ് വിജിലൻസ് കണ്ടെത്തിയപ്പോൾ ആണ് പിണറായി വിജയൻ മന്ത്രി സഭയിൽ നിന്ന് പുറത്താക്കിയത്. അതേ പിണറായി വിജയൻ അതീവ ഗൗരവം ഏറിയ കേസിൽ ജലീലിനെ ചോദ്യം ചെയ്യുമ്പോൾ നടപടി എടുക്കാത്തതെന്ത് കൊണ്ടാണ് ?

ജയരാജന് ഇല്ലാത്ത എന്ത് അനുകൂല്യം ആണ് ജലീലിന് മുഖ്യമന്ത്രി നൽകുന്നത്. ന്യൂജൻ സഖാവിനെ എന്ത് കൊണ്ടാണ് മുഖ്യമന്ത്രി സംരക്ഷിക്കുന്നത്. ജലീലിനൊപ്പം പല ഇടപാടുകളിലും മുഖ്യമന്ത്രിക്കും പങ്കാളിത്തം ഉണ്ട് എന്നുള്ളത് കൊണ്ടാണ് നടപടി എടുക്കാൻ പിണറായി വിജയൻ തയ്യാർ ആകാത്തത്.

റെഡ് ക്രെസെന്റുമായി 200 കോടി രൂപയുടെ ഇടപാട് ആണ് സർക്കാർ ഉദ്ദേശിച്ചിരുന്നത്. കൂട്ടുപ്രതിയാകുമോ എന്ന ഭയമാണ് പിണറായി വിജയും സംഘത്തിനും. ജലീലിനെ അടിയന്തരമായി മന്ത്രിസഭയിൽ നിന്ന് പുറത്താക്കണം. ഇല്ലെങ്കിൽ ശക്തമായ സമരം തുടരും. പ്രതി ചേർത്തിട്ട് അല്ലല്ലോ ജയരാജനെ പുറത്താക്കിയത്. അപ്പോൾ ഇക്കാര്യത്തിൽ എന്താണ് അത്തരം ഒരു നിലപാട് എടുക്കാത്തത്.

കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിൽ മുഖ്യമന്ത്രിക്ക് പോലും സംശയം ഇല്ല. മുഖ്യമന്ത്രിയുടെ പായസം എങ്ങനെ ഉണ്ടായിരുന്നു, പെരുന്നാളും, ഓണവുമൊക്കെ എങ്ങനെ ഉണ്ടായിരുന്നു എന്നല്ലല്ലോ ഇഡി ജലീലിനോട് ചോദിച്ചിരിക്കുക.