പത്തനംതിട്ട: ശബരിമല വിഷയത്തില്‍ പുതിയ നിലപാടിന് മടിയില്ലെന്ന സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബിയുടെ നിലപാടിനെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സിപിഎമ്മിൽ പാര്‍ശ്വവത്കരിക്കപ്പെട്ട നേതാവാണ് എംഎ ബേബി. റോഡ് സൈഡിലിരുന്ന് അഭിപ്രായം പറയും പോലെയാണ് എംഎ ബേബിയുടെ നിലപാട്. അത് സിപിഎം തന്നെ തിരുത്തുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. 

  ശബരിമല വിഷയത്തിൽ സിപിഎം എടുത്ത നിലപാട് തെറ്റായിരുന്നുവെന്ന് മുഖ്യമന്ത്രി പരസ്യമായി വ്യക്തമാക്കണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. സ്വര്‍ണക്കടത്ത് കേസിൽ സിപിഎം ബിജെപി ഒത്തുകളിയാണെന്ന ആക്ഷേപവും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ തള്ളിക്കളഞ്ഞു. ഒത്തുകളി യുഡിഎഫ് ശീലമാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.