Asianet News MalayalamAsianet News Malayalam

മാര്‍ക്സിസ്റ്റ് പാർട്ടിയുടെ സാമ്പത്തിക സ്രോതസാണ് ഊരാളുങ്കൽ, പ്രവർത്തനം സംശയാസ്പദമാണെന്നും കെ സുരേന്ദ്രന്‍

നോട്ടു നിരോധന കാലം മുതൽ ഊരാളുങ്കലിന്‍റെ ഇടപാടുകളിൽ വിശദമായ അന്വേഷണം വേണമെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. 

k surendran against pinarayi vijayan and cpm on ulccs issue
Author
Thiruvananthapuram, First Published Nov 13, 2019, 12:12 PM IST

തിരുവനന്തപുരം: സിപിഎമ്മിന്‍റെയും മുഖ്യമന്ത്രി പിണറായി വിജയന്‍റെയും കള്ളപ്പണം വെളുപ്പിക്കാനുള്ള സൂക്ഷിപ്പു കേന്ദ്രമായി ഊരാളുങ്കലിനെ മാറ്റിയെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. ആയിരകണക്കിന് കോടിയുടെ അഴിമതിയാണ്  ഊരാളുങ്കൽ ലേബർ സൊസൈറ്റിയുടെ മറവിൽ നടക്കുന്നത്. ഇതിന്റെ തെളിവുകൾ പുറത്ത് വന്ന് കൊണ്ടിരിക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. 

ദുരൂഹമാണ് സർക്കാരും ഊരാളുങ്കൽ സൊസൈറ്റിയും തമ്മിലുള്ള ബന്ധം. പ്രവർത്തനം സംശായാസ്പദമാണ്. മാര്‍ക്സിസ്റ്റ് പാർട്ടിയുടെ സാമ്പത്തിക സ്രോതസ് ആണ് ഊരാളുങ്കൽ. നോട്ടു നിരോധന കാലം മുതൽ ഊരാളുങ്കലിന്‍റെ ഇടപാടുകളിൽ വിശദമായ അന്വേഷണം വേണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. 

അതേസമയം കേരള പൊലീസിന്‍റെ ഡേറ്റാ ബേസ് കോഴിക്കോട്ടെ ഊരാളുങ്കൽ സൊസൈറ്റിക്കായി ആഭ്യന്തര വകുപ്പു തുറന്നുകൊടുത്ത സംഭവം പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ചു. പ്രതിപക്ഷത്ത് നിന്ന് കെഎസ് ശബരീനാഥന്‍ എംഎല്‍എയാണ് വിഷയം അടിയന്തരപ്രമേയമായി സഭയില്‍ കൊണ്ടു വന്നത്. സാംപിള്‍ ഡേറ്റ നല്‍കുന്നതിന് പകരം സ്വകാര്യ കമ്പനിക്ക് കേരള പൊലീസിന്‍റെ രഹസ്യഫയലുകളിലേക്ക് നേരിട്ട് പ്രവേശനം (ആക്സസ്) നല്‍കിയ സംഭവം ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തു കൊണ്ടു വന്നത്. 
  
അതേസമയം പൊലീസ് ഡേറ്റാ ബേസില്‍ നിന്നുള്ള വിശദാംശങ്ങളൊന്നും സ്വകാര്യ ഏജന്‍സിക്ക് നല്‍കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. സൈബര്‍ ഓഡിറ്റിന് ശേഷം മാത്രമേ ഡേറ്റാ കൈമാറൂ. അതിനാല്‍ തന്നെ ഇവിടെ സുരക്ഷാപ്രശ്നങ്ങളില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഡേറ്റാ ബേസിലേക്ക് സ്വകാര്യ കമ്പനിക്ക് പ്രവേശനം അനുവദിക്കുന്നതോടെ അതീവ രഹസ്യസ്വഭാവമുള്ള രേഖകളാണ് ചോരാന്‍ പോകുന്നതെന്ന് കെഎസ് ശബരീനാഥന്‍ എംഎല്‍എ നിയമസഭയില്‍ പറഞ്ഞു. ടെന്‍ഡര്‍ പോലും വിളിക്കാതെയാണ് സുപ്രധാനമായ ഈ കരാര്‍ സ്വകാര്യ കമ്പനിയെ ഏല്‍പിച്ചിരിക്കുന്നത്. 

ഊരാളുങ്കലിന് ഡേറ്റ നൽകരുത് എന്ന് യുവ ഐപിഎസ് ഉദ്യോഗസ്ഥരുടെ റിപ്പോർട്ടുണ്ടെന്നും സിപിഎമ്മിന്‍റെ സഹോദര സ്ഥാപനത്തിനാണ് അതീവ പ്രാധാന്യമുള്ള ഡേറ്റാ കൈമാറുന്നതെന്നും ശബരീനാഥന്‍ ആരോപിച്ചു. നിലവില്‍ ഏഴ് ദിവസം കൊണ്ട് അപേക്ഷിച്ചയാള്‍ക്ക് പാസ്പോര്‍ട്ട് നല്‍കാനുള്ള സംവിധാനം നിലവിലുണ്ട്.  ഇതു ഫലപ്രദമായ മാര്‍ഗ്ഗമാണ് പിന്നെന്തിനാണ് ഊരാളുങ്കലിനെ വച്ച് പുതിയ സോഫ്റ്റ് വെയര്‍ ഉണ്ടാക്കുന്നതെന്നും ശബരീനാഥന്‍ ചോദിച്ചു. 

ഇതിനോടകം തന്നെ എല്ലാ പൊലീസ് ഡാറ്റയും കമ്പനി ചോര്‍ത്തുന്നുണ്ട്. ഡേറ്റാ ബേസിലേക്ക് ഊരാളുങ്കലിന് പ്രവേശനമില്ലെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണ്. ക്രൈം ആന്റ് ക്രിമിനൽ ട്രാക്കിംഗ് സിസ്റ്റമാണ് രാജ്യ വ്യാപകമായി ഉപയോഗിക്കുന്നത്. ഇതിന്റെ നിയന്ത്രണം ചീഫ് സെക്രട്ടറിക്കും ഡിജിപിക്കുമാണ്. ഇവരെ കൂടാതെ മൂന്നോ നാലോ പേർക്ക് മാത്രമേ ഈ ഡേറ്റാ ബെയ്സില്‍ സമ്പൂര്‍ണ നിയന്ത്രണമുള്ളൂ. ഇത്രയും പ്രാധാന്യമുള്ള ഡേറ്റയാണ് മുഴുവനായും ഊരാളുങ്കലിന് കൈമാറാന്‍ ഡിജിപി ഉത്തരവിറക്കിയിരിക്കുന്നത്. ഒക്ടോബര്‍ 29 മുതല്‍ ഡാറ്റയിലേക്ക് ഊരാളുങ്കലിന് പ്രവേശനം ലഭിച്ചിട്ടുണ്ട്. ഇവിടെ മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഡാറ്റാ കൈമാറ്റം ഉടന്‍ പിന്‍വലിക്കണം - ശബരീനാഥന്‍ പറഞ്ഞു. 

ശബരീനാഥന്‍റെ ആരോപണത്തിനുള്ള മുഖ്യമന്ത്രിയുടെ മറുപടി 

ഇക്കഴിഞ്ഞ ഒക്ടോബ‍ർ 29നാണ് പൊലീസ് ഡേറ്റാ ബേസ് സ്വകാര്യ കമ്പനിയായ ഊരാളുങ്കലിന് തുറന്നു കൊടുക്കാനുള്ള ഡിജിപി ലോക്നാഥ് ബെഹ്റയുടെ ഉത്തരവ് പൊലീസ് ആസ്ഥാനത്ത് പുറത്തിറങ്ങിയത്. പാസ്പോർട്ട് അപേക്ഷാ പരിശോധനയ്ക്കുളള സോഫ്ട് വെയർ നി‍ർമാണത്തിനായാണ് സംസ്ഥാന പൊലീസിന്‍റെ ഡേറ്റാ ബേസ്  സിപിഎം നിയന്ത്രണത്തിലുളള കോഴിക്കോട്ടെ ഊരാളുങ്കൽ  സൊസൈറ്റിക്ക് തുറന്നു  കൊടുത്തത്.

അതീവ പ്രധാനമ്യമുളള ക്രൈം ആന്‍റ്  ക്രിമിനൽ ട്രാക്കിങ് നെറ്റ് വർക് സിസ്റ്റത്തിലെ മുഴുവൻ വിവരങ്ങളും പരിശോധിക്കാൻ കഴിയും വിധമുളള സ്വതന്ത്രാനുമതിയാണ് കമ്പനിക്ക് നൽകിയത്. മാത്രവുമല്ല സംസ്ഥാന പൊലീസിന്‍റെ സൈബർ സുരക്ഷാ മുൻകരുതൽ മറികടന്ന് ഡേറ്റാ ബേസിൽ പ്രവേശിക്കാനുളള അനുവാദവുമുണ്ട്. അതായത് സംസ്ഥാനത്തെ മുഴുവൻ പൊലീസ് വിവരങ്ങളും ഊരാളുങ്കൽ സൊസൈറ്റിക്ക് ഞൊടിയിടയിൽ കിട്ടും.  

ഉന്നത പൊലീസ് ഉദ്യോഗസ്ഥർ മുതൽ കുറ്റവാളികൾ വരെയുളളവരുടെ മുഴുവൻ വിശദാശങ്ങളും  ഇവരുടെ  സോഫ്ട് വെയർ നിർമാണ യൂണിറ്റിന് ലഭിക്കും. സാധാരണ ഗതിയിൽ സാംപിള്‍ ഡേറ്റ ഉപയോഗിച്ച് സ്വകാര്യ കമ്പനികൾ സോഫ്ട് വെയറുകൾ നിർമിക്കുമ്പോഴാണ് ഊരാളുങ്കലിനായി ഈ നീക്കം. 

ഒക്ടോബർ 25-നാണ് ഡേറ്റാ ബേസിലേക്കുള്ള അനുമതി തേടി ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ള ഐടി കമ്പനി ഡിജിപിക്ക് അപേക്ഷയില്‍ നല്‍കിയത്. ഈ അപേക്ഷയിൽ നാലു ദിവസത്തിനുളളിൽത്തന്നെ സൈസൈറ്റിക്ക് ഡേറ്റാ ബേസിൽ പ്രവേശിക്കാൻ ഡിജിപി അനുമതി നൽകി. അനുമതി നല്‍കിയ ശേഷം നവംബർ 2-ന് മാത്രമാണ് പദ്ധതിയെക്കുറിച്ച് പഠിക്കാൻ സമിതിയെ നിയോഗിച്ചത്. അതേസമയം ഊരാളുങ്കലിന് ‍ഡേറ്റാ  ബേസിലെ മുഴുവൻ വിവരങ്ങളും കിട്ടില്ലെന്നും പാസ്പോർടുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് മാത്രമാണ് അനുമതിയെന്നുമാണ് ‍ഡിജിപി ഓഫീസിന്‍റെ വിശദീകരണം.

Follow Us:
Download App:
  • android
  • ios