തിരുവനന്തപുരം: കേരള പൊലീസിന്‍റെ ഡാറ്റ ബേസ് കോഴിക്കോട്ടെ ഊരാളുങ്കൽ സൊസൈറ്റിക്കായി ആഭ്യന്തര വകുപ്പു തുറന്നുകൊടുത്ത സംഭവം പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ചു. പ്രതിപക്ഷത്ത് നിന്നും കെഎസ് ശബരീനാഥന്‍ എംഎല്‍എയാണ് വിഷയം അടിയന്തരപ്രമേയമായി സഭയില്‍ കൊണ്ടു വന്നത്. സാംപിള്‍ ഡാറ്റ നല്‍കുന്നതിന് പകരം സ്വകാര്യ കമ്പനിക്ക് കേരള പൊലീസിന്‍റെ രഹസ്യഫയലുകളിലേക്ക് നേരിട്ട് പ്രവേശനം (ആക്സസ്) നല്‍കിയ സംഭവം ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തു കൊണ്ടു വന്നത്. 
  
അതേസമയം പൊലീസ് ഡാറ്റ ബേസില്‍ നിന്നുള്ള വിശദാംശങ്ങളൊന്നും സ്വകാര്യ ഏജന്‍സിക്ക് നല്‍കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. സൈബര്‍ ഓഡിറ്റിന് ശേഷം മാത്രമേ ഡാറ്റ കൈമാറൂ. അതിനാല്‍ തന്നെ ഇവിടെ സുരക്ഷാപ്രശ്നങ്ങളില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഡാറ്റ ബേസിലേക്ക് സ്വകാര്യ കമ്പനിക്ക് പ്രവേശനം അനുവദിക്കുന്നതോടെ അതീവ രഹസ്യസ്വഭാവമുള്ള രേഖകളാണ് ചോരാന്‍ പോകുന്നതെന്ന് കെഎസ് ശബരീനാഥന്‍ എംഎല്‍എ നിയമസഭയില്‍ പറഞ്ഞു. ടെന്‍ഡര്‍ പോലും വിളിക്കാതെയാണ് സുപ്രധാനമായ ഈ കരാര്‍ സ്വകാര്യ കമ്പനിയെ ഏല്‍പിച്ചിരിക്കുന്നത്. 

ഊരാളുങ്കലിന് ഡാറ്റ നൽകരുത് എന്ന് യുവ ഐപിഎസ് ഉദ്യോഗസ്ഥരുടെ റിപ്പോർട്ടുണ്ടെന്നും സിപിഎമ്മിന്‍റെ സഹോദര സ്ഥാപനത്തിനാണ് അതീവ പ്രാധാന്യമുള്ള ഡാറ്റ കൈമാറുന്നതെന്നും ശബരീനാഥന്‍ ആരോപിച്ചു. നിലവില്‍ ഏഴ് ദിവസം കൊണ്ട് അപേക്ഷിച്ചയാള്‍ക്ക് പാസ്പോര്‍ട്ട് നല്‍കാനുള്ള സംവിധാനം നിലവിലുണ്ട്.  ഇതു ഫലപ്രദമായ മാര്‍ഗ്ഗമാണ് പിന്നെന്തിനാണ് ഊരാളുങ്കലിനെ വച്ച് പുതിയ സോഫ്റ്റ് വെയര്‍ ഉണ്ടാക്കുന്നതെന്നും ശബരീനാഥന്‍ ചോദിച്ചു. 

ഇതിനോടകം തന്നെ എല്ലാ പൊലീസ് ഡാറ്റയും കമ്പനി ചോര്‍ത്തുന്നുണ്ട്. ഡാറ്റ ബേസിലേക്ക് ഊരാളുങ്കലിന് പ്രവേശനമില്ലെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണ്. ക്രൈം ആന്റ് ക്രിമിനൽ ട്രാക്കിംഗ് സിസ്റ്റമാണ് രാജ്യ വ്യാപകമായി ഉപയോഗിക്കുന്നത്. ഇതിന്റെ നിയന്ത്രണം ചീഫ് സെക്രട്ടറിക്കും ഡിജിപിക്കുമാണ്. ഇവരെ കൂടാതെ മൂന്നോ നാലോ പേർക്ക് മാത്രമേ ഈ ഡാറ്റ ബെയ്സില്‍ സമ്പൂര്‍ണ നിയന്ത്രണമുള്ളൂ. ഇത്രയും പ്രാധാന്യമുള്ള ഡാറ്റയാണ് മുഴുവനായും ഊരാളുങ്കലിന് കൈമാറാന്‍ ഡിജിപി ഉത്തരവിറക്കിയിരിക്കുന്നത്. ഒക്ടോബര്‍ 29 മുതല്‍ ഡാറ്റയിലേക്ക് ഊരാളുങ്കലിന് പ്രവേശനം ലഭിച്ചിട്ടുണ്ട്. ഇവിടെ മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഡാറ്റാ കൈമാറ്റം ഉടന്‍ പിന്‍വലിക്കണം - ശബരീനാഥന്‍ പറഞ്ഞു. 

ശബരീനാഥന്‍റെ ആരോപണത്തിനുള്ള മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെയായിരുന്നു - ഇത്തരം ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ല. ഈ കാര്യത്തില്‍ എല്ലാ സുരക്ഷയും ഉറപ്പു വരുത്തുന്ന ഇടപെടല്‍ സര്‍ക്കാര്‍ നടത്തും. പൊലീസ് രഹസ്യങ്ങള്‍ സംരക്ഷിക്കപ്പെടണം എന്നതാണ് സര്‍ക്കാര്‍ നയം. ഡാറ്റ സുരക്ഷ സര്‍ക്കാര്‍ ഉറപ്പാക്കും. നിലവിൽ രാജ്യവ്യാപകമായി പാസ് പോർട്ട് ഓഫീസുകളില്‍ സേവനം നല്‍കുന്നത് ടാറ്റാ കണ്‍സല്‍ട്ടന്‍സി സര്‍വ്വീസാണ്. പാസ്പോര്‍ട്ട് വിവരങ്ങള്‍ അവരുടെ കൈവശമുണ്ട്. വിവരങ്ങള്‍ പുറത്തു പോകാതിരിക്കാന്‍ നോണ്‍ ഡിസ്ക്ലോഷര്‍ എഗ്രിമെന്‍റ് കേന്ദ്രസര്‍ക്കാര്‍ ഒപ്പിട്ടുണ്ട്. ആ മാര്‍ഗ്ഗം ഇവിടേയും സ്വീകരിക്കും. അതിന്‍റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കപ്പെടും. ഊരാളുങ്കല്‍ ‍ഞങ്ങളുടെ കൈക്കുഞ്ഞല്ല. എന്നാല്‍ ആ സ്ഥാപനത്തിന് നല്ല കാര്യക്ഷമതയുണ്ട്. അതിനാലാണ് വിവിധ സര്‍ക്കാരുകള്‍ അവരെ അംഗീകരിക്കുന്നത്. നല്ലൊരു സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്തരുത്. അവരോട് നീരസമുള്ള പല കേന്ദ്രങ്ങളുമുണ്ട്. അത്തരം നീരസത്തിന്‍റെ വക്താവായി നമ്മള്‍ മാറരുത്. ഈ വിഷയം സഭ നിര്‍ത്തി വച്ചു ചര്‍ച്ച ചെയ്യേണ്ടതില്ല. 

മുഖ്യമന്ത്രി മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചെങ്കിലും പ്രതിപക്ഷം ഇത് അംഗീകരിച്ചില്ല. സ്ഥിഗതികള്‍ അതീവ ഗുരുതരമാണെന്നും മുഖ്യമന്ത്രിക്കോ ഡിജിപിക്കോ കിട്ടാത്ത വിവരങ്ങളാണ് ഊരാളുങ്കലിന് ലഭിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. 

ഊരാളുങ്കലിന് ഡാറ്റ ബേസിലേക്ക് പ്രവേശനം ലഭ്യമാക്കി ഉത്തരവിട്ട ശേഷമാണ് ഈ കരാറിനെക്കുറിച്ച് പഠിക്കാന്‍ സമിതിയെ വച്ചത്. എന്നാല്‍ ഇതേക്കുറിച്ച് പഠിക്കാന്‍ ചുമതപ്പെടുത്തിയ ഉദ്യോഗസ്ഥന് സാങ്കേതികജ്ഞാനമില്ല. ഇരുപത് ലക്ഷം ഉടന്‍ യുഎല്‍സിസിക്ക് (ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി) നല്‍കാന്‍ ഡിജിപി ഉത്തരവിട്ടു. എന്തു മുന്‍കാല പരിചയമാണ് ഈ മേഖലയില്‍ യുഎല്‍സിസിക്ക് ഉള്ളതെന്നും ചെന്നിത്തല ചോദിച്ചു. 

പൊലീസിന്‍റെ സൈബര്‍ സുരക്ഷ മറികടന്നു പോലും ഇവിടെ യുഎല്‍സിസിക്ക് വിവരങ്ങളെടുക്കാന്‍ സാധിക്കും. യുഎല്‍സിസിയെ എതിര്‍ക്കുന്നവരുടെ വക്താക്കളല്ല ഞങ്ങള്‍. പക്ഷേ യുഎല്‍സിസിയുടെ യഥാര്‍ത്ഥ വക്താവ് മുഖ്യമന്ത്രിയാണെന്ന് തെളിഞ്ഞു. എല്ലാ കരാറുകളും ഇപ്പോള്‍ യുഎല്‍സിസിക്കാണ്. മുഖ്യമന്ത്രി അറിയാതെ ഡിജിപി ഇങ്ങനെയൊരു ഉത്തരവ് ഇറക്കില്ല- ചെന്നിത്തല ആരോപിച്ചു. പ്രതിപക്ഷ നേതാവിന്‍റെ പ്രസംഗത്തിന് പിന്നാലെ പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി. അതേസമയം ഊരാളുങ്കലിന്‍റെ വളര്‍ച്ച പ്രതിപക്ഷത്തിന് സഹിക്കുന്നില്ലെന്ന് മന്ത്രി ഇപി ജയരാജന്‍ പരിഹസിച്ചു.  

കേരള പൊലീസിന്‍റെ അതീവ രഹസ്യ ഫയലുകൾ അടക്കം കൈകാര്യം ചെയ്യുന്ന ഡാറ്റ ബേസിൽ സ്വകാര്യ കമ്പനിക്ക് സമ്പൂര്‍ സ്വാതന്ത്യം അനുവദിച്ചത് കടുത്ത സുരക്ഷാ വീഴചയെന്നാണ് സൈബർ വിദഗ്ധരുടെ വിലയിരുത്തൽ. ഊരാളുങ്കൽ സൊസൈറ്റിയ്ക്ക് സോഫ്ട് വെയർ നിർമാണ ചുമതല നൽകാൻ വഴിവിട്ട നീക്കങ്ങൾ നടന്നെന്നും ഇതിനിടെ വ്യക്തമായിരുന്നു.

ഇക്കഴിഞ്ഞ ഒക്ടോബ‍ർ 29നാണ് പൊലീസ് ഡാറ്റാ ബേസ് സ്വകാര്യ കമ്പനിയായ ഊരാളുങ്കലിന് തുറന്നു കൊടുക്കാനുള്ള ഡിജിപി ലോക്നാഥ് ബെഹ്റയുടെ ഉത്തരവ് പൊലീസ് ആസ്ഥാനത്ത് പുറത്തിറങ്ങിയത്. പാസ്പോർട്ട് അപേക്ഷാ പരിശോധനയ്ക്കുളള സോഫ്ട് വെയർ നി‍ർമാണത്തിനായാണ് സംസ്ഥാന പൊലീസിന്‍റെ ഡാറ്റാ  ബേസ്  സിപിഎം നിയന്ത്രണത്തിലുളള കോഴിക്കോട്ടെ ഊരാളുങ്കൽ  സൊസൈറ്റിക്ക് തുറന്നു  കൊടുത്തത്.

അതീവ പ്രധാനമ്യമുളള ക്രൈം ആന്‍റ്  ക്രിമിനൽ ട്രാക്കിങ് നെറ്റ് വർക് സിസ്റ്റത്തിലെ മുഴുവൻ വിവരങ്ങളും പരിശോധിക്കാൻ കഴിയും വിധമുളള സ്വതന്ത്രാനുമതിയാണ് കമ്പനിക്ക് നൽകിയത്. മാത്രവുമല്ല സംസ്ഥാന പൊലീസിന്‍റെ സൈബർ സുരക്ഷാ മുൻകരുതൽ മറികടന്ന് ഡാറ്റാ  ബേസിൽ പ്രവേശിക്കാനുളള അനുവാദവുമുണ്ട്. അതായത് സംസ്ഥാനത്തെ മുഴുവൻ പൊലീസ് വിവരങ്ങളും ഊരാളുങ്കൽ സൊസൈറ്റിക്ക് ഞൊടിയിടയിൽ കിട്ടും.  

ഉന്നത പൊലീസ് ഉദ്യോഗസ്ഥർ മുതൽ കുറ്റവാളികൾ വരെയുളളവരുടെ മുഴുവൻ വിശദാശങ്ങളും  ഇവരുടെ  സോഫ്ട് വെയർ നിർമാണ യൂണിറ്റിന് ലഭിക്കും. സാധാരണ ഗതിയിൽ സാംപിള്‍ ഡാറ്റാ  ഉപയോഗിച്ച് സ്വകാര്യ കമ്പനികൾ സോഫ്ട് വെയറുകൾ നിർമിക്കുമ്പോഴാണ് ഊരാളുങ്കലിനായി ഈ നീക്കം. 

ഒക്ടോബർ 25-നാണ് ഡാറ്റാ  ബേസിലേക്കുള്ള അനുമതി തേടി ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ള ഐടി കമ്പനി ഡിജിപിക്ക് അപേക്ഷയില്‍ നല്‍കിയത്. ഈ അപേക്ഷയിൽ നാലു ദിവസത്തിനുളളിൽത്തന്നെ സൈസൈറ്റിക്ക് ഡാറ്റാ  ബേസിൽ പ്രവേശിക്കാൻ ഡിജിപി അനുമതി നൽകി. അനുമതി നല്‍കിയ ശേഷം നവംബർ 2-ന് മാത്രമാണ് പദ്ധതിയെക്കുറിച്ച് പഠിക്കാൻ സമിതിയെ നിയോഗിച്ചത്. അതേസമയം ഊരാളുങ്കലിന് ‍ഡാറ്റാ   ബേസിലെ മുഴുവൻ വിവരങ്ങളും കിട്ടില്ലെന്നും പാസ്പോർടുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് മാത്രമാണ് അനുമതിയെന്നുമാണ് ‍ഡിജിപി ഓഫീസിന്‍റെ വിശദീകരണം.