മുഖ്യമന്ത്രിയുടെ അടുത്ത ബന്ധുവാണ് ഇടപാടുകൾക്ക് നേതൃത്വം കൊടുക്കുന്നതെന്നും സംസ്ഥാനത്തെ എല്ലാ അഴിമതിയും കേന്ദ്രം പുറത്ത് കൊണ്ടുവരുമെന്നും കെ സുരേന്ദ്രന്‍.

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ. ഉമ്മൻചാണ്ടിയെ കടത്തിവെട്ടുന്ന അഴിമതിക്കാരനായി പിണറായി വിജയൻ മാറിയെന്ന് കെ സുരേന്ദ്രൻ വിമര്‍ശിച്ചു. കുറ്റങ്ങളെല്ലാം ഡിജിപിയുടെ തലയിൽ കെട്ടിവച്ച് രക്ഷപ്പെടാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്നും മുഖ്യമന്ത്രിയുടെ അടുത്ത ബന്ധുവാണ് ഇടപാടുകൾക്ക് നേതൃത്വം കൊടുക്കുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു. 

കേന്ദ്രം ഭരിക്കുന്നത് നരേന്ദ്ര മോദിയും അമിത് ഷായും ആണെങ്കിൽ അഴിമതി മൂടിവെക്കാനാവില്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. നൂറുകണക്കിന് കോടി രൂപ ഒരു ഓഡിറ്റും ഇല്ലാതെ സര്‍ക്കാര്‍ ചെലവഴിച്ചു. സംസ്ഥാനത്തെ എല്ലാ അഴിമതിയും കേന്ദ്രം പുറത്ത് കൊണ്ടുവരും. ഷാഹീൻ ബാഗ് സ്ക്വയർ എന്ന പേരിൽ കോഴിക്കോട് സമരം ചെയ്യുന്നത് തീവ്രവാദികളാണ്. അവിടെ പന്തൽ കെട്ടാനോ സമരം നടത്താനോ കോർപ്പറേഷൻ അനുമതി നൽകിയിട്ടില്ല. അവിടെ എന്താണ് നടക്കുന്നതെന്ന് പൊലീസ് അന്വേഷിക്കണമെന്നും കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.