തിരുവനന്തപുരം: സ്വർണ്ണക്കള്ളക്കടത്ത് കേസിലെ ദേശീയ അന്വേഷണ ഏജൻസികളുടെ അന്വേഷണം അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷ കെ സുരേന്ദ്രൻ. കേരള പൊലീസും സർക്കാർ സംവിധാനവും വൻ ഗൂഡാലോചന നടത്തി കേന്ദ്ര-സംസ്ഥാന തർക്കമാക്കി വേട്ടയാടപ്പെടുന്നുവെന്ന് ചിത്രീകരിക്കാൻ ശ്രമിക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.  

'നിയമ സംവിധാനത്തെ അട്ടിമറിക്കാൻ സർക്കാർ സംവിധാനം ഉപയോഗിക്കുന്നു. അന്വേഷണം അട്ടിമറിക്കാൻ കൊവിഡിന്റെ പേരിൽ സമയം നീട്ടിയെടുക്കുന്നു. ബാലവാകാശ കമ്മീഷൻ എന്നത് പാർട്ടി കമ്മീഷനായി മാറി. വാളയാറിൽ ഉൾപ്പടെ മൗനാവകാശ കമ്മിഷനായിരുന്ന ബാലവകാശ കമ്മീഷന് ഇപ്പോൾ ആവേശമെങ്ങനെ ഉണ്ടാകുന്നു? സത്യം തെളിയുമ്പോൾ മുഖ്യമന്ത്രിയുടെ സ്ഥിതി കൂടുതൽ പരിതാപകരമാകുമെന്നും സുരേന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനാണ് പാർട്ടിയും സർക്കാരും ഇടനിലക്കാരും തമ്മിലുള്ള പാലം.  രവീന്ദ്രൻ പാർട്ടി നോമിനിയാണ്. പല ഇടപാടുകളുടേയും സൂത്രധാരൻ രവീന്ദ്രനാണെന്നും സുരേന്ദ്രൻ ആരോപിച്ചു.