കൊച്ചി: മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട തെളിവ് പുറത്ത് വരാതിരിക്കാനാണ് ചിലര്‍ സ്വപ്നയെ സന്ദര്‍ശിച്ച് സ്വാധീനിക്കാൻ ശ്രമിച്ചതെന്ന ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ദേശീയ അന്വേഷണ ഏജൻസികൾ ജയിൽ സൂപ്രണ്ടിനെ ചോദ്യം ചെയ്യണം. ജയിൽ ഡിജിപി ഉത്തരവാദിത്തം പാലിക്കുന്നില്ല. സ്വർണ്ണക്കടത്ത് കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ശ്രമം നടത്തുന്നുണ്ടെന്നും കെ സുരേന്ദ്രൻ കൊച്ചിയിൽ ആവശ്യപ്പെട്ടു. കേരള പൊലീസ് സ്വപ്നയെ കസ്റ്റഡിയിൽ ആവശ്യപ്പെടുന്നത് കേസ് അട്ടിമറിക്കാനാണ്. സ്വപ്നയെ പൊലീസ് കസ്റ്റഡിയിൽ വിടരുതെന്നും കെ സുരേന്ദ്രൻ പറഞ്ഞു, 

എൻഫോഴ്സ്മെന്‍റ ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യാൻ വിളിക്കുമ്പോഴെല്ലാം സിഎം രവീന്ദ്രൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഭയം തേടുകയാണ്. ആരോഗ്യമന്ത്രിയുടെ ഒത്താശയോടെയാണ് ഈ നാടകം നടക്കുന്നത്, മെഡിക്കൽ കോളേജ് സൂപ്രണ്ടിനെ ചോദ്യംചെയ്യണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെടുത്തി സ്പീക്കര്‍ ശ്രീരാമ കൃഷ്ണനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ച് നിൽക്കുന്നു. ഏജൻസികൾ  വിവരം ചോർത്തി തരുന്നു എന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു