കാസർകോട്: സാമ്പത്തിക തട്ടിപ്പ് കേസിൽ മഞ്ചേശ്വരം എംഎൽഎ എംസി കമറുദ്ദീനെ സഹായിക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കാസർകോട് ജില്ലയിൽ സിപിഎമ്മും മുസ്ലിം ലീഗും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടുണ്ട്. സിപിഎമ്മുകാരാണ് കമറുദ്ദീനെ രക്ഷിക്കുന്നതെന്നും തട്ടിപ്പിൽ സിപിഎം നേതാക്കൾക്കും പങ്കുണ്ടെന്നും സുരേന്ദ്രൻ ആരോപിച്ചു.

വഞ്ചനകേസുകൾക്ക് പുറമേ  ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപകരുടെ പരാതിയിൽ എംസി കമറുദ്ദീൻ എംഎൽഎക്കും മുസ്ലീംലീഗ് നേതാവ് പൂക്കോയ തങ്ങൾക്കുമെതിരെ 78 ലക്ഷം രൂപയുടെ ചെക്ക് തട്ടിപ്പ് കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.  പണം തിരികെ ആവശ്യപ്പെട്ട രണ്ട് നിക്ഷേപകർക്ക് വണ്ടി ചെക്കുകൾ നൽകിയെന്നാണ് കേസ്. അതേസമയം എംഎൽഎക്കെതിരെ അഞ്ച് വഞ്ചനകേസുകൾ കൂടി രജിസ്റ്റർ ചെയ്തതോടെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി.

കഴിഞ്ഞ വർഷം ഒക്ടോബറോടെ ഫാഷൻ ഗോൾഡ് ജ്വല്ലറിയുടെ ശാഖകൾ പൂട്ടിയതിനെ തുടർന്നാണ് കള്ളാർ സ്വദേശികളായ സുബീറും അഷ്റഫും നിക്ഷപമായി നൽകിയ 78 ലക്ഷം രൂപ തിരികെ ആവശ്യപ്പെട്ടത്. പണത്തിനായി നിരന്തരം സമീപിച്ചതിനെ തുടർന്ന് ജ്വല്ലറി ചെയർമാൻ എംസി കമറുദ്ദീൻ എംഎൽഎയും എംഡി പൂക്കോയ തങ്ങളും ഒപ്പിട്ട് ഇരുവർക്കുമായി അഞ്ച് ചെക്കുകൾ നൽകി. എന്നാൽ ചെക്ക് മാറാൻ ബാങ്കിൽ പോയപ്പോൾ അക്കൗണ്ടിൽ പണമുണ്ടായിരുന്നില്ല.

തുടർന്നാണ് ഇരുവരും കാഞ്ഞങ്ങാട് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. ചെക്ക് തട്ടിപ്പ് കേസിൽ എംഎൽഎക്കും പൂക്കോയ തങ്ങൾക്കുമെതിരെ  കോടതി സമൻസ് അയച്ചിട്ടുണ്ട്. കണ്ണൂർ ജില്ലക്കാരായ നിക്ഷേപകരടക്കം അഞ്ച് പേരിൽ നിന്നായി 29 ലക്ഷം തട്ടിയെന്ന പരാതിയിൽ ചന്ദേര പൊലീസ് 5 കേസുകൾ കൂടി രജിസ്റ്റ‍‍ർ ചെയ്തു. ഇതോടെ എംഎൽഎക്കെതിരെ 12 വ‌‌ഞ്ചനകേസായി. അ‌ഞ്ച് പേരിൽ നി്ന്നായി 75 ലക്ഷം തട്ടിയെന്ന് കാസർകോട് ടൗൺ പൊലീസ് സ്റ്റേഷനിൽ വന്ന സമാന പരാതികൾ ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി.