തിരുവനന്തപുരം: നാല് വർഷത്തിലേറെക്കാലം ഇടത് സർക്കാർ തലപ്പത്തെ ചോദ്യം ചെയ്യപ്പെടാത്ത അധികാരകേന്ദ്രമായ നിന്ന വ്യക്തിയുടെ അസാധാരണ വീഴ്ചയാണ് എം ശിവശങ്കറിന്റെ അറസ്റ്റോടെയുണ്ടായത്. പിണറായി വിജയൻ്റെ ഭരണത്തിൽ ഏറ്റവും സ്വാധീനമുള്ള അധികാരകേന്ദ്രമായിരുന്നു എം.ശിവശങ്കർ. അതിനാൽ ശിവശങ്കറിന്റെ അറസ്റ്റുണ്ടായയതോടെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുകയാണ്. മുഖ്യമന്ത്രിയുടെ വിശ്വസ്തന്റെ അറസ്റ്റ് മുഖ്യമന്ത്രിയുടേയും അദ്ദേഹത്തിന്റെ ഓഫീസിന്റേയും പങ്ക് വ്യക്തമാക്കുന്നതായി പ്രതിപക്ഷം ആരോപിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന് സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും രാജിവെച്ച് ഒഴിയണമെന്നും കോൺഗ്രസും ബിജെപിയും ആവശ്യപ്പെട്ടു. 'മുഖ്യമന്ത്രിയുടെ നാവും വാക്കുമായി പ്രവർത്തിച്ചയാളാണ് അറസ്റ്റിലായത്. തെളിവിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. 
ശിവശങ്കറിനൊപ്പം മുഖ്യമന്ത്രിക്കും കേസിൽ പങ്കുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തുകാരുടെ സങ്കേതമായെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കേരളജനതയ്ക്ക് അപമാനമാണിത്. മുഖ്യമന്ത്രി പിണറായി രാജിവെക്കണം. കള്ളക്കടത്ത്കാർക്ക് കേരളത്തെ തീറെഴുതി നൽകിയെന്നും അദ്ദേഹം ആരോപിച്ചു. 

ഗുരുതരമായ കുറ്റങ്ങളുടെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ അറസ്റ്റ് ചെയ്തതെന്നും മുഖ്യമന്ത്രിക്ക് സ്ഥാനത്ത് തുടരാന്‍  അര്‍ഹതയില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനുംപ്രതികരിച്ചു.