Asianet News MalayalamAsianet News Malayalam

'പേവിഷ വാക്സിൻ ഗുണനിലവാരം പരിശോധിക്കണം,ജനങ്ങളെ കൊലക്ക് കൊടുക്കുന്ന സമീപനം സർക്കാർ ഉപേക്ഷിക്കണം': കെ.സുരേന്ദ്രൻ

വാക്സിന്‍റെ  വിശ്വാസ്യതയെകുറിച്ച് മുഖ്യമന്ത്രി നിയമസഭയിൽ പ്രസംഗം നടത്തിയാൽ മാത്രം പോര. ജനങ്ങളുടെ ജീവൻ സംരക്ഷിക്കാൻ ഇടപെടേണ്ട ബാധ്യത മുഖ്യമന്ത്രിക്കുണ്ട്.വാക്സിൻ എടുത്ത ശേഷം ആളുകൾ മരിക്കുന്നത് ഗൗരവതരമാണന്നും ബിജെപി സംസ്ഥാന പ്രസിഡണ്ട്.
 

k surendran ask goverment to ensure quality of rabbies vaccine
Author
First Published Sep 5, 2022, 5:00 PM IST

തിരുവനന്തപുരം:സംസ്ഥാനത്ത് പേവിഷ ബാധയ്ക്കെതിരെയുള്ള വാക്സിൻ ഗുണനിലവാരം പരിശോധിക്കാൻ സർക്കാർ തയ്യാറാവണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. ജനങ്ങളെ കൊലയ്ക്ക് കൊടുക്കുന്ന സമീപനം സർക്കാർ ഉപേക്ഷിക്കണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു. വാക്സീൻ എടുത്ത ശേഷം നിരവധിപേർക്കാണ് വിഷബാധയേറ്റത്. തെരുവ് നായ്ക്കളുടെ കടിയേറ്റ് കഴിഞ്ഞ മാസം എട്ടുപേരാണ് മരിച്ചത്. ആരോഗ്യമന്ത്രിയുടെ സ്വന്തം ജില്ലയായ പത്തനംതിട്ട പെരുനാട്‌ 12 വയസുകാരി അഭിരാമിയുടെ മരണം ഒടുവിലത്തെ ഉദ്ദാഹരണമാണ്. വാക്സിൻ എടുത്ത ശേഷം ആളുകൾ മരിക്കുന്നത് ഗൗരവതരമാണ്.

കേരളത്തിൽ ഉപയോഗിക്കുന്ന പേ വിഷവാക്സിൻറെ ഗുണനിലവാരം ഉറപ്പാക്കേണ്ടത് സർക്കാരിന്‍റെ  ഉത്തരവാദിത്തമാണ്. വാക്സിന്‍റെ വിശ്വാസ്യതയെകുറിച്ച് മുഖ്യമന്ത്രി നിയമസഭയിൽ പ്രസംഗം നടത്തിയാൽ മാത്രം പോര. ജനങ്ങളുടെ ജീവൻ സംരക്ഷിക്കാൻ ഇടപെടേണ്ട ബാധ്യത മുഖ്യമന്ത്രിക്കുണ്ട്. സംസ്ഥാനത്തെ ആരോഗ്യമേഖല പൂർണമായും പരാജയപ്പെട്ടു കഴിഞ്ഞു. ആരോഗ്യമന്ത്രിയെ പുറത്താക്കുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടത്.അഭിരാമി മരിച്ച സംഭവത്തിൽ കുടുംബം ചികിത്സാ പിഴവ് ആരോപിച്ചിരിക്കുകയാണ്. പെരുനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പത്തനംതിട്ട ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും കൃത്യമായ പ്രാഥമിക ചികിത്സ കിട്ടിയില്ല. പരിമിതിയുണ്ടെന്നാണ് ആശുപത്രി ജീവനക്കാർ അറിയിച്ചത്. സർക്കാർ ആശുപത്രികളിൽ എന്ത് പരിമിതിയാണുള്ളതെന്ന് സർക്കാർ വ്യക്തമാക്കണമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

പത്തനംതിട്ടയില്‍ തെരുവുനായയുടെ കടിയേറ്റ പന്ത്രണ്ട് വയസ്സുകാരി മരിച്ചു

പത്തനംതിട്ടയിൽ തെരുവുനായയുടെ കടിയേറ്റ്  ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 12 വയസ്സുകാരി മരിച്ചു. പെരുനാട് സ്വദേശിനി അഭിരാമി ആണ് മരിച്ചത്. ഉച്ചയ്ക്ക് 1.40 ഓടെയാണ് മരണം സ്ഥിരീകരിച്ചത്. പേവിഷബാധയ്ക്ക് എതിരെ കുത്തിവയ്പ്പ് എടുത്ത് ചികിത്സയിലായിരുന്നു അഭിരാമി. കുട്ടിയെ ആദ്യം പ്രവേശിപ്പിച്ച പെരിനാട് ആശുപത്രിക്കെതിരെ അഭിരാമിയുടെ അച്ഛനും അമ്മയും ഗുരുതര ആരോപണം നടത്തി. പെരിനാട് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയില്ല. പരിമിതികളുണ്ടെന്ന് ആശുപത്രി ജീവനക്കാര്‍ പറഞ്ഞതായും കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു. 

ഓഗസ്റ്റ് 14 നാണ് പത്തനംതിട്ട പെരുനാട് സ്വദേശിയായ അഭിരാമിക്ക് നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. ശരീരത്തില്‍ ഏഴിടത്ത് അഭിരാമിക്ക് കടിയേറ്റിരുന്നു. രണ്ടുദിവസം മുമ്പ് പേവിഷബാധയുടെ ലക്ഷണങ്ങൾ കാട്ടിയതിനെ തുടർന്ന് കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. പൂനയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച കുട്ടിയുടെ ശരീരശ്രവങ്ങളുടെ പരിശോധനാഫലം ഇന്ന് വൈകിട്ടോടെ ലഭിച്ചേക്കും. പരിശോധന ഫലം ലഭിച്ച ശേഷം മാത്രമേ കുട്ടിയിൽ പേവിഷബാധ സ്ഥിരീകരിക്കാനാവു. 

പത്തോളം പേരെ കടിച്ചു, രണ്ട് പഞ്ചായത്തുകളില്‍ ഭീതി പടര്‍ത്തിയ തെരുവുനായയെ നാട്ടുകാർ തല്ലി കൊന്നു

കുറ്റ്യാടി, കായക്കൊടി പഞ്ചായത്തുകളിലുള്ളവരെ മണിക്കൂറുകളോളം ഭീതിയിലാഴ്ത്തിയ തെരുവുനായയെ ഒടുവിൽ നാട്ടുകാര്‍ ചേര്‍ന്ന് തല്ലിക്കൊന്നു. കായക്കൊടി പഞ്ചായത്തിലെ കരയത്താം പൊയിലിലാണ് നാട്ടുകാർ നായയെ തല്ലിക്കൊന്നത്. ചെറിയ കുട്ടികളടക്കം പത്തോളം പേരെയാണ് മൊകേരി ഭാഗത്ത് നായ കടിച്ച് പരിക്കേൽപിച്ചത്. രാവിലെ മുതൽ ഭീതിയിലായിരുന്നു ഈ പ്രദേശങ്ങൾ, ഇന്നലെ വൈകുന്നേരവും ചിലർക്ക് നായയുടെ കടിയേറ്റു. ആളുകളെ കടിച്ച നായ കായക്കൊടി ഭാഗത്തേക്ക് ഓടി രക്ഷപ്പെട്ടെങ്കിലും നാട്ടുകാർ പിന്തുടർന്ന് തല്ലിക്കൊല്ലുകയായിരുന്നു. പേവിഷബാധയുണ്ടൊയെന്ന് പരിശോധന നടത്തിയ ശേഷം നായയുടെ ജഡം മറവ് ചെയ്യും.

 

Follow Us:
Download App:
  • android
  • ios