തിരുവനന്തപുരം: കെ സുരേന്ദ്രനെ സംസ്ഥാന ബിജെപി അധ്യക്ഷനായി തെരഞ്ഞെടുത്തു. ബിജെപി കേന്ദ്ര നേതൃത്വമാണ് തീരുമാനം പ്രഖ്യാപിച്ചത്. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയാണ് വാർത്താക്കുറിപ്പിലൂടെ പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ ബിജെപി നേതൃയോഗം ദില്ലിയിൽ നടന്നിരുന്നു. ഇതിന് ശേഷമാണ് പ്രഖ്യാപനം.

ഉപതെരഞ്ഞെടുപ്പുകൾക്ക് ശേഷം പിഎസ് ശ്രീധരൻ പിള്ള മിസോറാം ഗവര്‍ണറായി നിയമിതനായ ശേഷം സംസ്ഥാന ബിജെപി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ് കിടക്കുകയായിരുന്നു. മാസങ്ങൾക്ക് ശേഷമാണ് നിലവിൽ സംസ്ഥാന ജനറൽ സെക്രട്ടറിയായ കെ സുരേന്ദ്രനെ അധ്യക്ഷനായി തീരുമാനിച്ചത്.

 

തര്‍ക്കത്തിൽ തട്ടി ഏറെ നാൾ വൈകിയ ശേഷമാണ് കെ സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷനായി ദേശിയ നേതൃത്വം പ്രഖ്യാപിക്കുന്നത്. തെരഞ്ഞെടുപ്പുകൾ കൂടി മുന്നിൽ കണ്ട് സംസ്ഥാന ബിജെപിയെ ശക്തിപ്പെടുത്തുക എന്ന വലിയ ദൗത്യമാണ് കെ സുരേന്ദ്രനെ കാത്തിരിക്കുന്നത്. 

മൂന്ന് പേരുകളാണ് ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ദേശീയ നേതൃത്വം സജീവമായി പരിഗണിച്ചിരുന്നത്. എംടി രമേശ് എഎൻ രാധാകൃഷ്ണൻ അടക്കമുള്ള നേതാക്കളും സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് കെ സുരേന്ദ്രനൊപ്പം പരിഗണിച്ചിരുന്നു. ശബരിമല യുവതീ പ്രവേശന വിഷയത്തിലെ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയതടക്കമുള്ള കാര്യങ്ങൾ  കെ സുരേന്ദ്രന് തുണയായി. ആര്‍എസ്എസിന്‍റെ അകമഴിഞ്ഞ പിന്തുണയും ഇത്തവണ കെ സുരേന്ദ്രന് ഉണ്ട്. 

കോഴിക്കോട് ഉള്യേരി സ്വദേശിയാണ് കെ സുരേന്ദ്രൻ. എബിവിപിയിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനത്തിൽ സജീവമായിരുന്ന കെ സുരേന്ദ്രൻ യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷനായതോടെയാണ് കേരള രാഷ്ട്രീയത്തിൽ കളം പിടിക്കുന്നത്. ഏറ്റവും ഒടുവിൽ ശബരിമല യുവതീ പ്രവേശവുമായി ബന്ധപ്പെട്ട് ബിജെപി നടത്തിയ പ്രക്ഷോഭങ്ങളെ തുടര്‍ന്ന് 22 ദിവസം ജയിൽ കഴിയുകയും ചെയ്തു കെ സുരേന്ദ്രൻ. 

മൂന്ന് തവണ ലോക്സഭയിലേക്കും മൂന്ന് തവണ നിയമസഭയിലേക്കും മത്സരിച്ചിട്ടുണ്ട്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോന്നി മണ്ഡലത്തിൽ നടത്തിയ ശ്രദ്ധേയമായ പ്രകടനവും കോന്നി ഉപതെരഞ്ഞെടുപ്പിൽ പിടിച്ച വോട്ടുമെല്ലാം തെരഞ്ഞെടുപ്പ് രാഷ്ട്രീയ രംഗത്തും കെ സുരേന്ദ്രനെ ശ്രദ്ധേയനാക്കി.