തിരുവനന്തപുരം: പഞ്ചായത്തുകളിൽ അധ്യക്ഷന്മാരെ തെരഞ്ഞെടുക്കുന്നതിന് മുന്നോടിയായി സംസ്ഥാനത്തെമ്പാടും യുഡിഎഫും എൽഡിഎഫും തമ്മിൽ സഖ്യം വ്യാപകമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ചെന്നിത്തല പഞ്ചായത്ത് ഉദാഹരണം. ബിജെപി അധികാരത്തിൽ വരുന്നത് തടയാനാണ് കൂട്ടുകെട്ട്. യുഡിഎഫിനെ പൂർണമായും എൽഡിഎഫിന് മുന്നിൽ ചെന്നിത്തല അടിയറവ് പറയിച്ചു. പിണറായിയുടെ ബി ടീം ആയി യുഡിഎഫ് മാറി.

സാമന്ത പ്രതിപക്ഷമാണിത്. എൽഡിഎഫിന്റെ അടിമകളാണ് യുഡിഎഫ്. യുഡിഎഫ് പിരിച്ചുവിട്ട് എൽഡിഎഫിൽ ലയിക്കണം. രാഷ്ട്രീയ നൈതികത, ധാർമിക മൂല്യങ്ങൾ മറന്നുകൊണ്ടുള്ള കൂട്ടുകെട്ടാണിത്. മഹാസഖ്യം കേരളത്തിലേക്ക് വ്യാപിപ്പിക്കാൻ ചെന്നിത്തല നോക്കണം. നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയ ഭീതി കൊണ്ടാണ് ചെന്നിത്തലയുടെ ഈ നിലപാട്. എൽഡിഎഫ് - യുഡിഎഫ് കൂട്ടുകെട്ടിനെതിരെ പ്രചാരണം തുടങ്ങും. നിയമസഭാ തെരഞ്ഞെടുപ്പിലും ഈ ബാന്ധവം ആവർത്തിക്കും. ഇതിനെതിരെ പോരാട്ടം തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.