Asianet News MalayalamAsianet News Malayalam

കേരള സർവകലാശാല നിയമന തട്ടിപ്പ്: കേസ് എഴുതിത്തള്ളിയത് പ്രതിഷേധാർഹമെന്ന് കെ.സുരേന്ദ്രൻ

ഉത്തരക്കടലാസുകള്‍ നശിപ്പിച്ചും മാര്‍ക്കുകള്‍ രേഖപ്പെടുത്തിയ കമ്പ്യൂട്ടര്‍ കാണാതാക്കിയും സ്വന്തക്കാര്‍ക്കും സി.പി.എം ബന്ധു ജനങ്ങള്‍ക്കും അസിസ്റ്റന്റ് നിയമനം നല്‍കാന്‍ ഗൂഢാലോചന നടത്തുകയായിരുന്നുവെന്ന് കെ സുരേന്ദ്രന്‍.

k surendran criticise ldf government on kerala university assistant appointment controversy
Author
Thiruvananthapuram, First Published Sep 19, 2020, 7:58 PM IST

തിരുവനന്തപുരം: കേരള സർവ്വകലാശാല അസിസ്റ്റൻറ് നിയമന തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ച് എഴുതിത്തള്ളിയത് പ്രതിഷേധാർഹമാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അന്നത്തെ സർവകലാശാല വി.സിയും രജിസ്ട്രാറും സിൻഡിക്കേറ്റ് അംഗങ്ങളും പ്രതികളായ കേസ് പിണറായി സർക്കാർ എഴുതിതള്ളിയത് സി.പി.എം ഉന്നത നേതാക്കളെ സംരക്ഷിക്കാനാണെന്ന് സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.

ആദ്യ കുറ്റപത്രത്തിൽ പ്രതികൾ തട്ടിപ്പ് നടത്തിയെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞതാണ്. നിയമനങ്ങളിലും റാങ്ക് പട്ടിക തയ്യാറാക്കിയതിലും വ്യാപകക്രമക്കേടും അധികാര ദുര്‍വിനിയോഗവും അഴിമതിയും നടന്നുവെന്നും ഉത്തരവാദികള്‍ക്കെതെരെ പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കണമെന്നും, റാങ്ക് പട്ടിക റദ്ദാക്കണമെന്നും, യൂണിവേഴ്‌സിറ്റി നിയമനങ്ങള്‍ പി.എസ്.സിക്ക് വിടണമെന്നും ലോകായുക്ത ജസ്റ്റിസ് എന്‍. കൃഷ്ണന്‍ നായരും, ഹൈക്കോടതി നിയമിച്ച ജഡ്ജ് സുകുമാരന്‍ കമ്മിഷനും, ലോകായുക്ത ജസ്റ്റിസ് ജി ശശിധരനും വെവ്വേറെ റിപ്പോർട്ടുകളിലൂടെ വിധിച്ചു. 

എന്നാൽ പുതിയ കുറ്റപത്രത്തിൽ പ്രതികൾക്കെതിരെ തെളിവില്ലെന്ന ക്രൈംബ്രാഞ്ചിന്റെ നിലപാട് രാഷ്ട്രീയ പ്രേരിതമാണ്. വി.എസ് അച്ച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് നിയമനങ്ങളില്‍ വ്യാപക ക്രമക്കേട് നടന്നതായി ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് ലോകായുക്തയില്‍ പരാതി വരുകയായിരുന്നു. അന്ന് ബി.ജെ.പിയും യുവമോർച്ചയുമെല്ലാം നടത്തിയ ശക്തമായ പ്രതിഷേധത്തിനെ തുടർന്ന് ഒ.എം.ആര്‍ ഉത്തരകടലാസ് ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടത്തോടെ നിയമന തിരിമറി പുറത്താവുകയുമായിരുന്നു. 

ഉത്തരക്കടലാസുകള്‍ നശിപ്പിച്ചും മാര്‍ക്കുകള്‍ രേഖപ്പെടുത്തിയ കമ്പ്യൂട്ടര്‍ കാണാതാക്കിയും സ്വന്തക്കാര്‍ക്കും സി.പി.എം ബന്ധു ജനങ്ങള്‍ക്കും അസിസ്റ്റന്റ് നിയമനം നല്‍കാന്‍ ഗൂഢാലോചന നടത്തുകയായിരുന്നു. കോപ്പിയടിച്ച എസ്.എഫ്.ഐ ക്രിമനലുകളെ റാങ്ക് ലിസ്റ്റിൽ തിരുകിക്കയറ്റി പി.എസ്.സിയെ അട്ടിമറിച്ചതിനു സമാനമായാണ് അസി.നിയമന തട്ടിപ്പും ഇടതുസർക്കാർ നടത്തിയതെന്ന് സുരേന്ദ്രൻ കുറ്റപ്പെടുത്തി.

Follow Us:
Download App:
  • android
  • ios