ആരോപണം തെറ്റെങ്കില്‍ അന്‍വറിനെതിരെ എന്തുകൊണ്ട് നടപടിയില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട്. 

തൃശൂര്‍: കേരള പൊലീസിനും ആഭ്യന്തര വകുപ്പിനും മുഖ്യമന്ത്രിയുടെ ഓഫീസിനുമെതിരായ പിവി അന്‍വര്‍ എംഎല്‍എയുടെ ആരോപണം ഗുരുതരമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ പറഞ്ഞു. ആരോപണം തെറ്റെങ്കില്‍ അന്‍വറിനെതിരെ എന്തുകൊണ്ട് നടപടിയില്ലെന്ന് അദ്ദേഹം ചോദിച്ചു. മന്ത്രിസഭ അംഗങ്ങളുടെ ഫോണ്‍ ചോര്‍ത്തല്‍ രാജ്യദ്രോഹ ആരോപണത്തിന് സമാനമാണ്. പിണറായിയുടെയും ഗോവിന്ദന്റെയും നാവിറങ്ങിപ്പോയോയെന്ന് അദ്ദേഹം ചോദിച്ചു. സര്‍ക്കാര്‍ രാജി വെച്ച് അന്വേഷണം കേന്ദ്ര ഏജന്‍സിക്ക് വിടണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. 

'സുരേഷ് ഗോപി ജയിച്ചത് പൂരം കലക്കിയത് കൊണ്ടെന്ന് വ്യാഖ്യാനിക്കണ്ട. അത്തരത്തിലുള്ള വ്യാഖ്യാനം തൃശൂരിലെ ജനവിധിയോടുള്ള വെല്ലുവിളിയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലിരുന്ന് രാജ്യദ്രോഹം നടത്തിയത് ആണ് അന്വേഷിക്കേണ്ടത്.'-എംഎല്‍എ പറഞ്ഞത് തെറ്റെങ്കില്‍ അദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും കെ. സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.