Asianet News MalayalamAsianet News Malayalam

11ാം തീയതി വലിയ വായിൽ ബഡായി വിടരുതെന്ന് മുൻകൂറായി ഓർമ്മിപ്പിക്കുന്നു; സിപിഎമ്മിനെതിരെ കെ സുരേന്ദ്രന്‍

1959 മുതല്‍ ജനസംഘവും ബിജെപിയും കേരളത്തിലെ എല്ലാ തെരഞ്ഞെടുപ്പിലും മത്സരിക്കുന്നില്ലേ. 17 -ാമത്തെ തെരഞ്ഞെടുപ്പിലല്ലേ ഒ രാജഗോപാല്‍ കേരളത്തില്‍ ജയിച്ചതെന്നും സുരേന്ദ്രന്‍ ചോദിച്ചു.

K Surendran Facebook post against CPM
Author
Thiruvananthapuram, First Published Feb 9, 2020, 6:17 AM IST

ദില്ലി നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തിന് മുന്നോടിയായി സിപിഎമ്മിനെ വിമര്‍ശിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ദില്ലിയിലെ ജനാധിപത്യ ഉത്സവത്തില്‍ ഒരു സ്ഥാനാര്‍ത്ഥിയെപ്പോലും നിര്‍ത്താത്തവര്‍ ഫലം വരുന്ന ദിവസം വലിയ വായില്‍ ബഡായി വിടരുതെന്ന് മുന്‍കൂറായി ഓര്‍മിപ്പിക്കുകയാണെന്ന് സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ അഭിപ്രായപ്പെട്ടു.

11ന് എന്തിനാണ് സിപിഎം നേതാക്കളെ ചര്‍ച്ചക്ക് വിളിക്കുന്നത്. സിഎഎ വിരുദ്ധ സമരത്തിന്‍റെ മുന്നണിയിലുണ്ടെന്ന് അവകാശവാദമുന്നയിക്കുന്നവര്‍ ദില്ലി തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെപ്പോലും നിര്‍ത്തിയിട്ടില്ല. മുസ്ലീം ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി വാദിക്കുന്ന ഒരുപാര്‍ട്ടി അവര്‍ക്ക് എത്ര ജനപിന്തുണയുണ്ടെന്ന് പരിശോധിക്കാനുള്ള അവസരമായിരുന്നില്ലേ തെരഞ്ഞെടുപ്പ്. തോല്‍ക്കുമെന്നറിഞ്ഞിട്ടും 1959 മുതല്‍ ജനസംഘവും ബിജെപിയും കേരളത്തിലെ എല്ലാ തെരഞ്ഞെടുപ്പിലും മത്സരിക്കുന്നില്ലേ.17 -ാമത്തെ തെരഞ്ഞെടുപ്പിലല്ലേ ഒ രാജഗോപാല്‍ കേരളത്തില്‍ ജയിച്ചതെന്നും സുരേന്ദ്രന്‍ ചോദിച്ചു.

10000 രൂപയും പത്ത് വോട്ടര്‍മാരുമുണ്ടെങ്കില്‍ ആര്‍ക്കും മത്സരിക്കാം. സിപിഎം നേതാക്കള്‍ ആര്‍ക്കാണ് വോട്ട് ചെയ്തത്. സായുധ വിപ്ലവത്തിലൂടെ ദില്ലി പിടിക്കാനാണോ നിങ്ങളുടെ ആഗ്രഹമെന്നും  സുരേന്ദ്രന്‍ ചോദിച്ചു.

കെ സുരേന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

മലയാള മാധ്യമങ്ങൾ ഫെബ്രുവരി 11ന് എന്തിന് സി. പി. എം നേതാക്കളെ ചർച്ചയ്ക്ക് വിളിക്കണം? ജെ. എൻ. യു. സമരത്തിൽ സി. പി. എം, ഷാഹിൻബാഗ് സമരത്തിൽ സിപിഎം, പൗരത്വസമരത്തിലാകെ സിപിഎം. എന്നാൽ ദില്ലിയിലെ ജനാധിപത്യ ഉൽസവത്തിൽ ഒരു സ്ഥാനാർത്ഥിയെ മൽസരിപ്പിക്കാൻ പോലും സിപിഎമ്മോ ഇടതുകക്ഷികളോ എന്തുകൊണ്ട് തയ്യാറായില്ല? സിപിഎമ്മിന്‍റെ ദേശീയനേതാക്കളൊക്കെ വോട്ടുചെയ്യുന്നത് മാധ്യമങ്ങളിൽ വലിയ വാർത്തയായിക്കണ്ടു. ആർക്കാണ് അവരൊക്കെ വോട്ട് ചെയ്തത്?

ഒരു പതിനായിരം രൂപ കെട്ടിവെക്കാനും പത്തു വോട്ടർമാരെ പിന്തുണയ്ക്കാനും ഉണ്ടെങ്കിൽ ആർക്കും ഈ ഭാരതത്തിൽ ഒരു സ്ഥാനാർത്ഥിയെ നിർത്തി മൽസരിപ്പിക്കാം. പൗരത്വനിയമഭേദഗതി രാജ്യവ്യാപകമായി ചർച്ചചെയ്യുമ്പോൾ അതിൽ മുസ്ളീം ന്യൂനപക്ഷങ്ങൾക്കുവേണ്ടി ഇത്രയധികം വാദിക്കുന്ന ഒരു പാർട്ടി അവർക്ക് എത്ര ജനപിന്തുണ ഇക്കാര്യത്തിലുണ്ടെന്ന് ഒരു പരിശോധനയെങ്കിലും നടത്താനുള്ള അവസരമായിരുന്നില്ലേ ഈ തെരഞ്ഞെടുപ്പ്? തോൽക്കുമെന്നറിഞ്ഞിട്ടും 1959 മുതൽ ജനസംഘവും ബി. ജെ. പിയും കേരളത്തിൽ എല്ലാ തെരഞ്ഞെടുപ്പിലും മൽസരിക്കുന്നില്ലേ? പതിനേഴാമത്തെ തെരഞ്ഞെടുപ്പിലാണ് ശ്രീ. ഓ. രാജഗോപാൽ കേരളത്തിൽ വിജയിച്ചത്.

പാർലമെന്‍ററി ജനാധിപത്യത്തിൽ രാഷ്ട്രീയപാർട്ടികൾ പിന്നെ എങ്ങനെയാണ് ജനപിന്തുണ അളക്കുന്നത്? അഥവാ നിങ്ങൾ സായുധവിപ്ളവത്തിലൂടെ ദില്ലി പിടിക്കാനായിരുന്നോ ആഗ്രഹിച്ചിരുന്നത്? ദയവായി പതിനൊന്നാം തീയതി വന്നിരുന്ന് വലിയ വായിൽ ബഡായി വിടരുതെന്ന് മുൻകൂറായി ഓർമ്മിപ്പിക്കുകയാണ്......
അടിക്കുറിപ്പ്: (കോൺഗ്രസ്സ് നേതാക്കൾ ആർക്കു വോട്ടുചെയ്തെന്ന് പതിനൊന്നിന് പറയാം)

Follow Us:
Download App:
  • android
  • ios