Asianet News MalayalamAsianet News Malayalam

കേരളത്തിലെ വിവാദങ്ങൾ വിശദീകരിക്കാൻ കെ സുരേന്ദ്രൻ ദില്ലിയിൽ: നദ്ദയുമായി കൂടിക്കാഴ്ച ഉച്ചക്ക് ശേഷം


കേരളത്തിലെ പ്രശ്നങ്ങൾ ദേശീയ തലത്തിൽ തന്നെ ബിജെപിക്ക് കോട്ടം ഉണ്ടാക്കിയെന്ന വിലയിരുത്തലാണ് കേന്ദ്ര നേതൃത്വത്തിലുള്ളത്. വിവാദം മറികടക്കാനുള്ള തീരുമാനങ്ങളാകും തൽക്കാലം നേതൃത്വത്തിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാകുക എന്നാണ് വിവരം 

k surendran in delhi to explain bjp Kerala controversies
Author
Delhi, First Published Jun 9, 2021, 11:10 AM IST

ദില്ലി: കുഴൽപ്പണക്കേസും തെരഞ്ഞെടുപ്പ് ഫണ്ട് തിരിമറിയും അടക്കമുള്ള വിവാദങ്ങൾ കത്തിപ്പടരുന്നതിനിടെ സാഹചര്യം വിശദീകരിക്കാൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ദില്ലിയിലെത്തി. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുമായി കെ സുരേന്ദ്രൻ സംസാരിക്കും. ദേശീയ നേതൃത്വം ആവശ്യപ്പെട്ടത് അനുസരിച്ചാണ് ദില്ലി യാത്രയെങ്കിലും കേരളത്തിൽ നടക്കുന്ന ബിജെപി വേട്ടയെ കുറിച്ച് സംസാരിക്കാനാണ് ദില്ലിയിലെത്തിയതെന്നാണ് കെ സുരേന്ദ്രൻ വിശദീകരിക്കുന്നത്. ഉച്ചക്ക് രണ്ട് മണിയോടെയാണ് നദ്ദയുമായി കെ സുരേന്ദ്രൻ കൂടിക്കാഴ്ച നടത്തുക. 

നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും ചുരുങ്ങിയത് അഞ്ച് സീറ്റെങ്കിലും പ്രതീക്ഷിച്ച ബിജെപിക്ക് കേരളത്തിലെ സിറ്റിംഗ് സീറ്റ് പോലും നഷ്ടപ്പെടുന്ന അവസ്ഥയാണ് ഉണ്ടായത്. മാത്രമല്ല കിട്ടിയ വോട്ടിന്റെ ശതമാന കണക്കിലും വലിയ ഇടിവുണ്ടായി. അതിനിടെയാണ് കൊടകര കുഴൽപ്പണ വിവാദവും മഞ്ചേശ്വരത്ത് സ്ഥാനാര്‍ത്ഥിത്വത്തിൽ നിന്ന് പിൻമാറാൻ പണം നൽകിയെന്ന വെളിപ്പെടുത്തലും സികെ ജാനു വിവാദവുമെല്ലാം വാര്‍ത്തയായത്. കെ സുരേന്ദ്രനെതിരെ കേസും രജിസ്റ്റര്‍ ചെയ്തതോടെ കേരളത്തിൽ പാര്‍ട്ടി അങ്ങേഅറ്റം പ്രതിരോധത്തിലായ അവസ്ഥയിലാണ്. 

കേരളത്തിലെ പ്രശ്നങ്ങൾ ദേശീയ തലത്തിൽ തന്നെ ബിജെപിക്ക് കോട്ടം ഉണ്ടാക്കിയെന്ന വിലയിരുത്തലാണ് കേന്ദ്ര നേതൃത്വത്തിലുള്ളത്. ഉടനടി ഒരു നേതൃമാറ്റത്തിന് പകരം വിവാദം മറികടക്കാനുള്ള തീരുമാനങ്ങളാകും തൽക്കാലം നേതൃത്വത്തിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാകുക. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും കേന്ദ്രമന്ത്രി വി മുരളീധരനും എതിരെ 35 പരാതികളെങ്കിലും പ്രധാനമന്ത്രിക്ക് കിട്ടിയിട്ടുണ്ടെന്നാണ് വിവരം. സ്വതന്ത്ര അംഗങ്ങളെ വച്ച് കേരളത്തിലെ സാഹചര്യത്തെ കുറിച്ച് പഠിച്ച റിപ്പോര്‍ട്ടും കേന്ദ്ര നേതൃത്വത്തിന്റെ കൈവശം ഉണ്ട്.

Follow Us:
Download App:
  • android
  • ios