ദില്ലി: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ഇന്ന് ദില്ലിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത‌് ഷാ, പാർട്ടി അദ്ധ്യക്ഷന്‍ ജെ പി നദ്ദ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. കൊടകര കുഴപ്പണ വിവാദം, തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗം ഉൾപ്പടെയുള്ള വിഷയങ്ങളിൽ ഉയർന്ന പരാതികളുടെ പശ്ചാതലത്തിൽ സുരേന്ദ്രനെ ദില്ലിയിലേക്ക് വിളിപ്പിക്കുകയായിരുന്നുവെന്നാണ് സൂചന.

വിവാദങ്ങളെ കുറിച്ച് സുരന്ദ്രനിൽ നിന്ന് വിശദീകരണം തേടും. കേരളത്തിലെ സംഭവങ്ങൾ ദേശീയതലത്തിൽ വലിയ ചർച്ചയാകുന്ന സാഹചര്യത്തിലാണ് ദേശീയ നേതൃത്വം ഇടപെടുന്നത്. അതേസമയം മഞ്ചേശ്വരത്ത് തെരഞ്ഞെടുപ്പിൽ നിന്ന് പിൻമാറാൻ കെ സുന്ദരയെന്ന ബിഎസ്പി സ്ഥാനാർത്ഥിക്ക് കൈക്കൂലി നൽകിയെന്ന കേസിൽ സുരേന്ദ്രനെതിരായ അന്വേഷണം കാസർകോട് ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ടുണ്ട്.

ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. ബദിയടുക്ക പൊലീസാണ്ണ് സംഭവത്തിൽ കേസ് റജിസ്റ്റർ ചെയ്തത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കൈക്കൂലി നൽകൽ കോടതി അനുമതിയോടെ 171 ബി വകുപ്പനുസരിച്ചാണ് കെ സുരേന്ദ്രനെതിരെ കേസെടുത്തിരിക്കുന്നത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണയും സംഭവത്തിൽ റിപ്പോർട്ട് തേടിയിട്ടുണ്ട്. 

എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona