കൊച്ചി: ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനെ സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതി ചേർത്തതിൽ പ്രതികരിച്ച് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. സംശുദ്ധമായ പൊതുജീവിതത്തിന് ഉടമയാണ് കുമ്മനമെന്നും അദ്ദേഹത്തെ അപകീർത്തിപ്പെടുത്താനുള്ള നീക്കത്തെ രാഷ്ട്രീയമായും നിയമ പരമായും നേരിടുമെന്നും കെ സുരേന്ദ്രൻ പ്രതികരിച്ചു. 

അദ്ദേഹത്തെ വേട്ടയാടി ബിജെപിയെ തകർക്കാമെന്നാണ് സർക്കാർ ധരിക്കുന്നതെങ്കിൽ അത് നടക്കില്ല. ഒരു ആരോപണവും കുമ്മനത്തിന്റെ മേൽ കെട്ടിച്ചമക്കാൻ ഈ സർക്കാരിന് കഴിയില്ല. സ്വർണക്കടുത്ത് കേസിൽ നാണം കെട്ട് നിൽക്കുന്ന സർക്കാർ നീചമായ നടപടിയിലൂടെ ബിജെപിയെ തകർക്കാൻ ശ്രമിക്കുകയാണ്. ഇതിനെ ഒറ്റക്കെട്ടായി നേരിടുമെന്നും സുരേന്ദ്രൻ പ്രതികരിച്ചു. 

ആറന്മുള പുത്തേഴത്ത് ഇല്ലത്ത് സി ആർ ഹരികൃഷണന്റെ പരാതിയിലാണ് ആറന്മുള പൊലീസ് ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനെ സാന്പത്തിക തട്ടിപ്പ് കേസിൽ പ്രതി ചേർത്തത്. പ്ലാസ്റ്റിക് രഹിത പേപ്പർ കോട്ടൺ മിക്സ് ബാനർ നിർമ്മിക്കുന്ന കന്പനിയിൽ പങ്കാളിയാക്കാമെന്ന് വാഗദാനം ചെയ്ത് മുപ്പത് ലക്ഷത്തിലധികം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് കേസ്. കുമ്മനം രാജശേഖരൻ കേസിൽ നാലാം പ്രതിയാണ്. ബിജെപി എൻആർഐ സെൽ കൺവീനർ എൻ. ഹരികുമാർ അടക്കം ഒൻപത് പേരെ പ്രതി ചേർത്താണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.