Asianet News MalayalamAsianet News Malayalam

സ്വ‍ർണക്കടത്ത് കേസ് പൈങ്കിളിക്കഥയല്ല; പരൽ മീനല്ല, സ്രാവുകൾ കുടുങ്ങും: സുരേന്ദ്രൻ

സർക്കാർ വാഹനങ്ങളാണ് വിമാനത്താവളത്തിലേക്ക് ഓടിയത്. സർക്കാർ മുദ്രയുള്ള കടലാസുകളും ലെറ്റർ പാഡുകളും പ്രതി ഉപയോ​ഗിച്ചു. സ്വപ്നയുടെ വിസിറ്റിം​ഗ് കാ‍ർഡിൽ വരെ സർക്കാർ മുദ്രയുണ്ട്. ഇതൊന്നും എന്തു കൊണ്ടാണ് സർക്കാർ അന്വേഷിക്കാത്തത്.

k Surendran press meet on gold smuggling case
Author
Press Club Building, First Published Jul 9, 2020, 12:22 PM IST

കോഴിക്കോട്: സ്വർണക്കടത്ത് കേസിലെ മുഖ്യആസൂത്രകയായ സ്വപ്ന സുരേഷുമായി ബന്ധമുണ്ടെന്ന തെളിഞ്ഞ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ സ്ഥാനം രാജിവയ്ക്കണമെന്ന് ബിജെപി സംസ്ഥാന  അധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൾ സെക്രട്ടറിയുടെ സ്ഥാനം തെറിക്കുന്ന അവസ്ഥവരെയുണ്ടായിട്ടും കേസിൽ എന്തു കൊണ്ടാണ് സംസ്ഥാന സർക്കാർ ഇതുവരെ അന്വേഷണം പ്രഖ്യാപിക്കാതിരിക്കുന്നതെന്നും സിബിഐ അന്വേഷണം ആവശ്യപ്പെടാൻ മുഖ്യമന്ത്രിക്ക് മടിക്കുന്നത് എന്തിനാണെന്നും സുരേന്ദ്രൻ ചോദിച്ചു. കോഴിക്കോട് വച്ചു മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കെ സുരേന്ദ്രൻ്റെ വാക്കുകൾ - 

വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്കയച്ച കത്ത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ചെപ്പടിവിദ്യയാണ്. ജനങ്ങളെ കബളിപ്പിക്കാനുള്ള തന്ത്രം മാത്രമാണിത്. കേന്ദ്ര ഏജൻസികളെല്ലാം ഇതേക്കുറിച്ച് അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്ന് എല്ലാവർക്കും അറിയാം. എന്തു കൊണ്ടാണ് ഈ സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന് മുഖ്യമന്ത്രി തുറന്ന് ആവശ്യപ്പെടാത്തത്. പ്രധാനമന്ത്രിക്ക് കത്തുകളെഴുത്തുന്ന നേരത്ത് മന്ത്രിസഭാ യോഗം ചേർന്ന് സിബിഐ അന്വേഷണം ആവശ്യപ്പെടാമായിരുന്നു.

സ്വർണക്കടത്ത് കേസ് അന്വേഷണം സിബിഐക്ക് വിടണമെന്നുള്ള ഉത്തരവ് എന്തുകൊണ്ട് സർക്കാർ പുറത്തിറക്കുന്നില്ല. സിബിഐ അന്വേഷണം നടത്താനാവശ്യപ്പെടാൻ മുഖ്യമന്ത്രിക്ക് മടിയാണ്. അന്വേഷണത്തിന് എല്ലാ സഹായവും ചെയ്യാം എന്നു മുഖ്യമന്ത്രി പറഞ്ഞു. എന്തു സഹായമാണ് സംസ്ഥാന സർക്കാരും പൊലീസും അന്വേഷണസംഘത്തിന് നൽകിയിരുന്നുവെങ്കിൽ ഇതിനോടകം സ്വപ്ന പിടിയിലാകുമായിരുന്നു. ചില സിസിടിവി ദൃശ്യങ്ങൾ കസ്റ്റംസ് ചോദിച്ചിട്ട് സർക്കാർ കൊടുത്തിട്ടില്ല. എന്ത് സഹായമാണ് പിണറായി സർക്കാർ അന്വേഷണത്തിന് നൽകുന്നത്.

മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൾ സെക്രട്ടറി അടക്കം ആരോപണം നേരിടുന്ന കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് എവിടെയെന്ന് അന്വേഷിക്കാനുള്ള സാമാന്യ മര്യാദ സർക്കാരിന് വേണ്ടേ ? അതിനെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അനുമതിയും ഉത്തരവും വേണോ ? സ്വപ്ന എവിടെ ഉണ്ടെന്ന് കേരളാ പോലീസിനറിയാത്തതാണോ ?
 
ഈ കള്ളക്കടത്ത് കേസിലെ മുഖ്യപ്രതിയുമായി ശിവശങ്കറിന് ബന്ധമുണ്ടെന്ന വാർത്ത വന്നപ്പോൾ തന്നെ അദ്ദേഹത്തെ സ്ഥാനങ്ങളിൽ നിന്നും മാറ്റിനിർത്തി അന്വേഷണം വേണമെന്ന് ഞങ്ങൾ ആവശ്യപ്പെട്ടതാണ്. എന്നാൽ സ്ഥാനത്ത് നിന്നും ഒഴിവാക്കി അവധിക്ക് പറഞ്ഞയച്ചിരിക്കുകയാണ് ശിവശങ്കറിനെ. സംസ്ഥാന സർക്കാരിൻ്റെ സംവിധാനങ്ങളും സൗകര്യങ്ങളും കള്ളക്കടത്ത് കേസ് പ്രതികൾ ഉപയോ​ഗപ്പെടുത്തിയെന്ന വിവരമാണ് പുറത്തു വരുന്നത്. എന്നിട്ടും ഇതേക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ തയ്യാറായിട്ടില്ല. 

സംസ്ഥാനസർക്കാരിന്റെ വാഹനങ്ങളാണ് വിമാനത്താവളത്തിലേക്ക് പോയതും വന്നതും. സർക്കാർ മുദ്രയുള്ള കടലാസുകളും ലെറ്റർ പാഡുകളും പ്രതി ഉപയോ​ഗിച്ചു. സ്വപ്നയുടെ വിസിറ്റിം​ഗ് കാ‍ർഡിൽ വരെ സർക്കാർ മുദ്രയുണ്ട്. ഇതൊന്നും എന്തു കൊണ്ടാണ് സർക്കാർ അന്വേഷിക്കാത്തത്. 2017 മുതൽ പിണറായിക്ക് സ്വപ്നയെ അറിയാമെന്ന് ഞങ്ങൾ നേരത്തെ ആരോപിച്ചതാണ് എന്നാൽ ഇതേ വരെ ആ ആരോപണം നിഷേധിക്കുകയോ അതിന് മറുപടി പറയുകയോ ചെയ്തിട്ടില്ല. 

കേരളത്തിലെ സർക്കാർ പരിപാടികളുടെ ബഹിരാകാശ ​ഗവേഷകരെ അടക്കം പങ്കെടുപ്പിക്കുന്ന സർക്കാർ പരിപാടികളുടെ ചുമതല സ്വപ്ന സുരേഷിനുണ്ട്. ഇതേക്കുറിച്ച് ഒരു അറിവും ഇല്ല എന്നാണ് പിണറായി പറയുന്നത്. പച്ചക്കള്ളമാണ് പിണറായി പറയുന്നത്. ഈ നിയമനം നടക്കും മുൻപും അതിനു ശേഷവും പിണറായിക്ക് സ്വപ്നയെ അറിയാം. തൻ്റെ ഓഫീസിൻ്റെ പങ്കിനെക്കുറിച്ചൊരു അന്വേഷണം നടത്താൻ മുഖ്യമന്ത്രി തയ്യാറാവാത്തത് അതിനാലാണ്. കാരണം ഈ അന്വേഷണത്തിൻ്റെ കുന്തമുന ചെന്നു നിൽക്കുന്നത് മുഖ്യമന്ത്രിയിലേക്കാണ്. അദ്ദേഹത്തിൻ്റെ വിശ്വസ്തരിലേക്കാണ്. 

മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസിടിവി ദൃശ്യങ്ങൾ സുരക്ഷിതമായി അങ്ങു സൂക്ഷിക്കുന്നുണ്ട്. സിസിടിവി ദൃശ്യങ്ങൾ വർഷങ്ങൾ കഴിഞ്ഞാലും ശേഖരിക്കാം എന്നു നാം സോളാർ കാലത്ത് തിരിച്ചറിഞ്ഞതാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസിടിവി ക്യാമറകളെല്ലാം സുരക്ഷിതമാണോ അതൊക്കെ അവിടെ തന്നെയുണ്ടാക്കുമോ..? ശിവശങ്കറിനൊപ്പം സെക്രട്ടേറിയറ്റിലും ക്ലിഫ് ഹൗസിലുമെത്തി സ്വപ്ന സുരേഷ് കണ്ടിരുന്നോ എന്ന കാര്യം മുഖ്യമന്ത്രി വ്യക്തമാക്കണം. 

കളങ്കിത വ്യക്തിയുമായി ബന്ധമുണ്ടെന്ന ആരോപണം ഉയർന്നതിനെ തുട‍ർന്നാണ് ശിവശങ്കറിനെ ആ സ്ഥാനത്ത് നിന്നും മാറ്റിയത്. സ്പ്രിം​ഗ്ള‍ർ കേസിലും ഇതേ ശിവശങ്കറിനെ മാറ്റി നിർത്തണം എന്ന് ഞങ്ങൾ പറഞ്ഞതാണ് അന്ന് അതു ചെയ്യാൻ മുഖ്യമന്ത്രി തയ്യാറായോ. കളങ്കിത വ്യക്തിയുമായി ബന്ധപ്പെട്ട സ്പീക്കർ തത്സ്ഥാനം രാജിവച്ച് അന്വേഷണം നേരിടണം. ശ്രീരാമകൃഷ്ണന് കള്ളക്കടത്ത് കേസുമായി ബന്ധമുണ്ടെന്ന് ഞാൻ പറയുന്നില്ല എന്നാൽ ആരോപണവിധേയനായ സ്പീക്കറോടുള്ള മുഖ്യമന്ത്രിയുടെ നിലപാട് എന്താണെന്ന് വ്യക്തമാക്കണം. 

ജോപ്പനും ജിക്കുമോനും സലീം രാജും ഉൾപ്പെട്ട കേസിൽ അന്വേഷണം ആവശ്യപ്പെട്ടവർ അതിനേക്കാൾ എത്രയും ഉയരത്തിലുള്ള പദവിയിലിരിക്കുന്നയാൾ ഉൾപ്പെട്ട സംഭവത്തിൽ എന്താണ് അന്വേഷണം ആവശ്യപ്പെട്ടത്തത്. പരൽ മീനുകൾ മാത്രമല്ല വമ്പൻ സ്രാവുകളും ഈ കേസിൽ കുടുങ്ങും. 

Follow Us:
Download App:
  • android
  • ios