യുഡിഎഫ് മന്ത്രിസഭാ രൂപീകരണത്തിൽ ജലവിഭവ വകുപ്പിനെ ചൊല്ലി കേരള കോൺഗ്രസും ആർഎസ്‍പിയും തമ്മിൽ തർക്കം രൂക്ഷമായി. രണ്ട് മന്ത്രിസ്ഥാനം എന്ന ആവശ്യത്തിൽ നിന്ന് ജോസഫ് ഗ്രൂപ്പ് പിന്മാറിയെങ്കിലും ജലവിഭവ വകുപ്പ് വേണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ്. ഇതിനിടെ കോൺഗ്രസിലെയും മുസ്ലിം ലീഗിലെയും മന്ത്രിമാരുടെ കാര്യത്തിലും ചർച്ചകൾ തുടരുകയാണ്.
തിരുവനന്തപുരം: യുഡിഎഫ് മന്ത്രിസഭയിൽ കീറാമുട്ടിയായി ജലവിഭവ വകുപ്പ്. കേരള കോൺഗ്രസും ആർഎസ്‍പിയും ജലവിഭവ വകുപ്പ് തന്നെ വേണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ്. രണ്ട് മന്ത്രി സ്ഥാനം വേണമെന്ന വാശിയിൽ നിന്ന് ജോസഫ് ഗ്രൂപ്പ് പിന്നോട്ട് പോയിട്ടുണ്ട്. എട്ടിൽ ഏഴ് സീറ്റും വിജയിച്ച ജോസഫ് ഗ്രൂപ്പിന് ഒരു മന്ത്രി സ്ഥാനവും ചീഫ് വിപ്പ് പദവിയും ലഭിക്കും. ഈ വകുപ്പ് ജലവിഭവ വകുപ്പ് തന്നെ വേണമെന്നാണ് കേരള കോണ്‍ഗ്രസിന്‍റെ ആവശ്യം.

എന്നാല്‍, ജലവിഭവ വകുപ്പിനായി ആർഎസ്‍പിയും അവകാശ വാദം ഉന്നയിച്ചിട്ടുണ്ട്. രണ്ടാം മന്ത്രിസ്ഥാനം വേണമെന്ന ആവശ്യത്തിലായിരുന്നു കേരള കോൺഗ്രസ് ജോസഫ് വിഭാഗം. ചീഫ് വിപ്പ് മന്ത്രി സ്ഥാനത്തിന് പകരം ആകില്ലെന്നായിരുന്നു മോൻസ് ജോസഫിന്‍റെ പ്രതികരണം. തുടർന്ന് കെപിസിസിയിൽ നടന്ന ചർച്ചകൾക്ക് ശേഷമാണ് ജോസഫ് ഗ്രൂപ്പ് അയഞ്ഞത്. ജലവിഭവ വകുപ്പ് അല്ലെങ്കിൽ കൃഷിയെന്ന് എന്ന് കോണ്‍ഗ്രസ് മോൻസിനോട് പറഞ്ഞിട്ടുണ്ട്. എന്നാൽ, കൃഷിവകുപ്പിൽ താൽപര്യം ഇല്ലെന്നാണ് മോൻസിന്‍റെ നിലപാട്.
മന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള യുഡിഎഫിലെ ആശയക്കുഴപ്പം ഇനിയും അവസാനിച്ചിട്ടില്ല. ഗവർണർക്ക് പട്ടിക സമർപ്പിക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കേ പാർട്ടിക്കുള്ളിൽ തർക്കം രൂക്ഷമായി തുടരുകയാണ്. മുസ്ലിം പ്രതിനിധികൾ ആരൊക്കെ എന്നതിലടക്കം ഭിന്നതയുണ്ട്. ഷാനിമോൾക്കായി വി ഡി സതീശനും ടി സിദ്ദീഖിനായി കെ സി വേണുഗോപാലും അൻവർ സാദത്തിനായി രമേശ് ചെന്നിത്തലയും സമ്മർദ്ദം ചെലുത്തുന്നുണ്ട്. മന്ത്രിയോ സ്പീക്കറോ ആക്കണമെന്ന് എൻ ശക്തൻ ആവശ്യപ്പെടുന്നു. പട്ടിക വർഗ പ്രാതിനിധ്യം ഉയർത്തി ആണ് ഐ സി ബാലകൃഷ്ണൻ മന്ത്രിസ്ഥാനം ആവശ്യപ്പെടുന്നത്.
ഇതിനിടെ മുസ്ലീം ലീഗ് മന്ത്രിമാരുടെ പേരുകളിൽ തീരുമാനമായിട്ടുണ്ട്. വിമർശനം ശക്തമായതോടെ പി കെ ബഷീറിനെ ലീഗ് മന്ത്രിപ്പട്ടികയിൽ ഉൾപ്പെടുത്തി. പി കെ കുഞ്ഞാലിക്കുട്ടി, കെ. എം ഷാജി, എൻ ഷംസുദ്ദീൻ, പി കെ ബഷീർ, വി ഇ അബ്ദുൾ ഗഫൂർ എന്നിവർ ലീഗ് മന്ത്രിമാരാകും. ഇതോടെ ആദ്യം വന്ന ലിസ്റ്റിൽ നിന്ന് പാറക്കൽ അബ്‍ദുള്ളയാണ് പുറത്തായത്.

