കോഴിക്കോട്: എലത്തൂരിലെ ഓട്ടോ ഡ്രൈവർ രാജേഷ് മരിച്ച സംഭവത്തിൽ സിപിഎം സമ്മർദ്ദത്തെ തുടർന്ന് കേസ് അട്ടിമറിക്കാൻ പൊലീസ് ശ്രമിക്കുന്നുവെന്ന് കെ സുരേന്ദ്രൻ. ദുർബല വകുപ്പുകൾ ചുമത്തി പ്രതികൾക്ക് രക്ഷപ്പെടാനുള്ള വഴിയൊരുക്കുകയാണ് പൊലീസ് ചെയ്യുന്നതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.

ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥർ ശരിയായി അന്വേഷണം നടക്കുമെന്ന് വാക്കുനൽകുന്നതിന് മുമ്പ് മൃതദേഹം സംസ്കരിക്കണോ വേണ്ടയോ എന്ന് രാജേഷിന്റെ ബന്ധുക്കളുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

അതേസമയം, രാജേഷിന്‍റെ മൃതദേഹം വീട്ടുവളപ്പിൽ അടക്കം ചെയ്യാൻ കുടുംബം തീരുമാനിച്ചു. പ്രതികളെ രക്ഷിക്കാൻ പൊലീസ് ഒത്തുകളിക്കുന്നെന്ന് വ്യക്തമായതിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് കുടുംബം പറഞ്ഞു.
രാജേഷിന്‍റെ മരണത്തില്‍ പ്രതികളെ സഹായിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നതെന്ന് നേരത്തെ ബിജെപി ആരോപിച്ചിരുന്നു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ കോടതിയില്‍ ഹാജരാക്കത്തത് ദുരൂഹമാണെന്നും ബിജെപി ആരോപിച്ചു. സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടാതെ രാജേഷിന്‍റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് ബിജെപി ജില്ലാ പ്രസിഡന്‍റെ ടിപി ജയചന്ദ്രന്‍ വ്യക്തമാക്കുകയുണ്ടായി. 

ഇക്കഴിഞ്ഞ പതിനഞ്ചാം തീയതിയാണ് എലത്തൂരില്‍ വച്ച് ബിജെപി പ്രവര്‍ത്തകനും ഓട്ടോറിക്ഷ ഡ്രൈവറുമായ രാജേഷിനെ സിപിഎം പ്രാദേശിക നേതാക്കളും സിഐടിയുകാരും അടങ്ങുന്ന സംഘം മര്‍ദ്ദിച്ചത്.  സിപിഎം പ്രവര്‍ത്തകരുടെ വളഞ്ഞിട്ടുള്ള മര്‍ദ്ദനത്തില്‍ മനംനൊന്ത രാജേഷ് ഓട്ടോയില്‍ സൂക്ഷിച്ചിരുന്ന പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഒരാഴ്ചയോളം ചികിത്സയില്‍ തുടര്‍ന്ന രാജേഷ് ഇന്നലെ രാത്രിയാണ് മരിക്കുകയായിരുന്നു. 

രാജേഷ് എലത്തൂരിൽ ഓട്ടോറിക്ഷ ഓടിക്കുന്നത് സിഐടിയു അംഗങ്ങളായ ഓട്ടോറിക്ഷ തൊഴിലാളികൾ വിലക്കിയിരുന്നു. ഇതേ ചൊല്ലിയുള്ള തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്. കേസില്‍ അറസ്റ്റിലായ രണ്ട് സിപിഎം സിപിഎം പ്രാദേശിക നേതാക്കള്‍ റിമാന്‍ഡിലാണ്.  ശ്രീലേഷ് ,ഷൈജു എന്നിവരെയാണ് കേസുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്നത്. കേസില്‍ സിപിഎം, സിഐടിയു പ്രവര്‍ത്തകര്‍ ഉള്‍പ്പടെ മുപ്പതോളം പേര്‍ പ്രതികളാണ്.