2020 ഫെബ്രുവരി മുതൽ 35 വക്താക്കളുടെ പാനൽ ഉണ്ടാക്കി. എല്ലാവർക്കും ചാനലുകളിൽ ചർച്ചയ്ക്ക് അവസരം നൽകി. ഇതിന് നല്ല ഒരു സിസ്റ്റം ഉണ്ടാക്കിയെന്നും സുരേന്ദ്രന്‍ പറഞ്ഞു. 

കോഴിക്കോട്: സന്ദീപ് വാര്യരെ ബിജെപി സംസ്ഥാന വക്താവ് സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ പ്രതികരണവുമായി കെ സുരേന്ദ്രന്‍. അച്ചടക്ക നടപടി കാര്യത്തിൽ കൂടുതൽ പറയാനില്ല. നടപടിക്ക് വിധേനായ വ്യക്തിക്ക് കാരണം ബോധ്യപ്പെട്ടിട്ടുണ്ട്. നടപടി എടുക്കാനുണ്ടായ കാരണത്തിൽ പാർട്ടിക്കും വ്യക്തതയുണ്ടെന്ന് സുരേന്ദ്രന്‍ പറഞ്ഞു. 2020 ഫെബ്രുവരി മുതൽ 35 വക്താക്കളുടെ പാനൽ ഉണ്ടാക്കി. എല്ലാവർക്കും ചാനലുകളിൽ ചർച്ചയ്ക്ക് അവസരം നൽകി. ഇതിന് നല്ല ഒരു സിസ്റ്റം ഉണ്ടാക്കിയെന്നും സുരേന്ദ്രന്‍ പറഞ്ഞു. 

ബിജെപി സംസ്ഥാന വക്താവ് സ്ഥാനത്ത് നിന്ന് പുറത്താക്കിയത് ആഭ്യന്തര വിഷയമെന്നും കാരണം പുറത്തുപറയുന്നില്ലെന്നും സന്ദീപ് വാര്യര്‍ ഇന്നലെ പറഞ്ഞിരുന്നു. അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനായി തുടരും. സാധാരണ ബിജെപി പ്രവർത്തകനാണ് താനിപ്പോള്‍. പാർട്ടിയ്ക്ക് കോട്ടം വരുത്തുന്ന ഒരു വാക്കും പ്രതീക്ഷിക്കരുത്. ആദ്യം രാജ്യം, രണ്ടാമത് പാർട്ടി, സ്വയം പിന്നീട് എന്നാണ് നിലപാടെന്നും സന്ദീപ് വാര്യര്‍ പറഞ്ഞിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പാണ് സന്ദീപ് വാര്യരെ ബിജെപി സംസ്ഥാന വക്താവ് സ്ഥാനത്ത് നിന്ന് നീക്കിയത്.

കോട്ടയത്ത് ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന നേതൃയോഗത്തിലായിരുന്നു തീരുമാനം. ഹലാല്‍ വിവാദമുയര്‍ന്ന കാലത്ത് തെറ്റിയതാണ് സന്ദീപ് വാര്യരും ബിജെപി നേതൃത്വവും തമ്മിലുളള ബന്ധം. ഹലാല്‍ വിവാദത്തില്‍ പാര്‍ട്ടി നയത്തിന് വിരുദ്ധമായ നിലപാട് സ്വീകരിച്ച സന്ദീപിനെ പാര്‍ട്ടി ഇടപെട്ട് തിരുത്തി. പിന്നീട് കഴിഞ്ഞ ആറുമാസത്തിലേറെയായി സംസ്ഥാന വക്താവായ സന്ദീപ് വാര്യര്‍ക്ക് ചാനല്‍ ചര്‍ച്ചകളിലും പാര്‍ട്ടി നേതൃത്വം അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. മലബാറിലെ ചില ജില്ലാ പ്രസിഡന്‍റുമാര്‍ സന്ദീപ് ചില പാര്‍ട്ടി പരിപാടികള്‍ക്കായി നടത്തിയ ഫണ്ട് ശേഖരണത്തെ കുറിച്ചും പരാതി ഉന്നയിച്ചിരുന്നു. പാര്‍ട്ടിയുടെ അനുമതിയില്ലാതെ ഫണ്ട് സ്വരൂപിച്ചെന്ന ആരോപണം അന്വേഷിക്കാന്‍ ജോര്‍ജ് കുര്യനെയാണ് ചുമതലപ്പെടുത്തിയത്. ഈ അന്വേഷണ റിപ്പോര്‍ട്ടിന്‍റെ കൂടി അടിസ്ഥാനത്തിലാണ് സംസ്ഥാന വക്താവ് സ്ഥാനത്തു നിന്ന് സന്ദീപിനെ നീക്കം ചെയ്തത്.RR