Asianet News MalayalamAsianet News Malayalam

'ആദ്യം രാജ്യം, രണ്ടാമത് പാർട്ടി, സ്വയം പിന്നീട്', അച്ചടക്കമുള്ള പ്രവര്‍ത്തകനായി തുടരുമെന്ന് സന്ദീപ് വാര്യര്‍

വക്താവ് സ്ഥാനത്ത് നിന്ന് പുറത്താക്കിയത് ആഭ്യന്തര വിഷയമാണ്. കാരണം പുറത്തു പറയുന്നില്ല. അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനായി തുടരുമെന്നും സന്ദീപ് പറഞ്ഞു.

Sandeep Varier says he is an ordinary BJP worker and should not expect any word to harm the party
Author
First Published Oct 15, 2022, 4:36 PM IST

തിരുവനന്തപുരം: ബിജെപി സംസ്ഥാന വക്താവ് സ്ഥാനത്ത് നിന്ന് പുറത്താക്കിയത് ആഭ്യന്തര വിഷയമെന്നും കാരണം പുറത്തുപറയുന്നില്ലെന്നും സന്ദീപ് വാര്യര്‍. അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനായി തുടരുമെന്നും സന്ദീപ് വാര്യര്‍ വ്യക്തമാക്കി. സാധാരണ ബിജെപി പ്രവർത്തകനാണ് താനിപ്പോള്‍. പാർട്ടിയ്ക്ക് കോട്ടം വരുത്തുന്ന ഒരു വാക്കും പ്രതീക്ഷിക്കരുത്. ആദ്യം രാജ്യം, രണ്ടാമത് പാർട്ടി, സ്വയം പിന്നീട് എന്നാണ് നിലപാട്. അച്ചടക്കമുള്ള പാർട്ടി ഭടനാണ് താനെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. സംസ്ഥാന നേതൃത്വവുമായി ദീര്‍ഘകാലമായി നിലനിന്നിരുന്ന അഭിപ്രായ ഭിന്നതകള്‍ക്കൊടുവില്‍ സന്ദീപ് വാര്യരെ ദിവസങ്ങള്‍ക്ക് മുമ്പാണ് ബിജെപി സംസ്ഥാന വക്താവ് സ്ഥാനത്ത് നിന്ന് നീക്കിയത്.

കോട്ടയത്ത് ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന നേതൃയോഗത്തിലായിരുന്നു തീരുമാനം. ഹലാല്‍ വിവാദമുയര്‍ന്ന കാലത്ത് തെറ്റിയതാണ് സന്ദീപ് വാര്യരും ബിജെപി നേതൃത്വവും തമ്മിലുളള ബന്ധം. ഹലാല്‍ വിവാദത്തില്‍ പാര്‍ട്ടി നയത്തിന് വിരുദ്ധമായ നിലപാട് സ്വീകരിച്ച സന്ദീപിനെ പാര്‍ട്ടി ഇടപെട്ട് തിരുത്തി. പിന്നീട് കഴിഞ്ഞ ആറു മാസത്തിലേറെയായി സംസ്ഥാന വക്താവായ സന്ദീപ് വാര്യര്‍ക്ക് ചാനല്‍ ചര്‍ച്ചകളിലും പാര്‍ട്ടി നേതൃത്വം അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. മലബാറിലെ ചില ജില്ലാ പ്രസിഡന്‍റുമാര്‍ സന്ദീപ് ചില പാര്‍ട്ടി പരിപാടികള്‍ക്കായി  നടത്തിയ  ഫണ്ട് ശേഖരണത്തെ കുറിച്ചും പരാതി ഉന്നയിച്ചിരുന്നു. പാര്‍ട്ടിയുടെ  അനുമതിയില്ലാതെ ഫണ്ട് സ്വരൂപിച്ചെന്ന ആരോപണം അന്വേഷിക്കാന്‍ ജോര്‍ജ് കുര്യനെയാണ് ചുമതലപ്പെടുത്തിയത്. ഈ അന്വേഷണ റിപ്പോര്‍ട്ടിന്‍റെ കൂടി അടിസ്ഥാനത്തിലാണ് സംസ്ഥാന വക്താവ് സ്ഥാനത്തു നിന്ന് സന്ദീപിനെ നീക്കം ചെയ്തത്.

വക്താവ് സ്ഥാനം നഷ്ടപ്പെട്ടതോട സന്ദീപ് വാര്യര്‍ പാര്‍ട്ടിയിലെ സാധാരണ അംഗം മാത്രമായി. ശബരിമല വിവാദ കാലത്ത് ടെലിവിഷന്‍  ചര്‍ച്ചകളിലൂടെ രംഗത്തെത്തിയ സന്ദീപ് വളരെ പെട്ടെന്നാണ് പാര്‍ട്ടി അണികള്‍ക്കിടയില്‍ സ്വീകാര്യനായത്. സന്ദീപിനെ നീക്കം ചെയ്തതിനെതിരെ ഒരു വിഭാഗം അണികള്‍ നവമാധ്യമങ്ങളിലടക്കം കെ സുരേന്ദ്രനെതിരെ കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്.

Follow Us:
Download App:
  • android
  • ios