ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന കേസിലെ ലോകായുക്ത വിധി മുഖ്യമന്ത്രിക്ക് ആശ്വാസകരം എന്ന് വ്യാഖ്യാനിക്കുന്നത് ശരിയല്ലെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.

ദില്ലി: ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന കേസിലെ ലോകായുക്ത വിധി മുഖ്യമന്ത്രിക്ക് തിരിച്ചടി തന്നെയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ. കേസ് മൂന്നംഗ ബെഞ്ചിന് വിട്ടെങ്കിലും ഒരു ജഡ്ജിയുടെ വിധി മുഖ്യമന്ത്രിക്കെതിരാണ്. ഈ വിധിയുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി രാജിവെക്കാൻ തയ്യാറാകണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന കേസിലെ ലോകായുക്ത വിധി മുഖ്യമന്ത്രിക്ക് ആശ്വാസകരം എന്ന് വ്യാഖ്യാനിക്കുന്നത് ശരിയല്ലെന്നും സുരേന്ദ്രൻ പറഞ്ഞു. ലോകായുക്തയും വിധി ഒരു വര്‍ഷം വൈകിയത് തന്നെ സംശയാസ്പദമാണെന്ന ആരോപണം നേരത്തെ ഉയര്‍ന്നതാണ്. മുഖ്യമന്ത്രിയുടെ ധാര്‍മികത ചോദ്യം ചെയ്യുന്നത് തന്നെയാണ് ലോകായുക്ത വിധിയെന്നും മുഖ്യമന്ത്രി അധികാരത്തില്‍ കടിച്ച് തൂങ്ങാതെ രാജിവെക്കണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.

കേസിൽ ലോകയുക്ത വിധി വൈകിപ്പിച്ചതിൽ അസ്വഭാവികതയുണ്ടെന്ന് രമേശ്‌ ചെന്നിത്തലയും ആരോപിച്ചു. ലോകായുക്തയ്ക്ക് മുൻപിൽ ഉള്ളത് സത്യസന്ധമായ കേസാണ്. ഫുൾ ബെഞ്ചിന് വിട്ടാലും മുഖ്യമന്ത്രിക്ക് രക്ഷപെടാൻ കഴിയില്ലെന്നാണ് രമേശ്‌ ചെന്നിത്തല പ്രതികരിച്ചത്. ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന കേസിൽ മുഖ്യമന്ത്രി കുറ്റക്കാരനാണ്. അതിൽ നിന്ന് രക്ഷപെടാനാണ് ഭേദഗതി കൊണ്ടുവന്നത്. മുഖ്യമന്ത്രി കാണിച്ചത് സ്വജന പക്ഷപാതമാണ്. മുഖ്യമന്ത്രിക്കെതിരെ കൃത്യമായ തെളിവുകൾ ഉണ്ടെന്നും രക്ഷപെടാൻ കഴിയില്ലെന്നും രമേശ്‌ ചെന്നിത്തല പറഞ്ഞു. 

Also Read: ദുരിതാശ്വാസ ഫണ്ട് വകമാറ്റിയ കേസിൽ മുഖ്യമന്ത്രിക്ക് താൽകാലികാശ്വാസം,ഫുൾ ബെഞ്ചിന് വിട്ട് ലോകായുക്ത, വിധി നീളും