കൊച്ചി: ശോഭാ സുരേന്ദ്രൻ വിഷയം ഇന്ന് നടക്കുന്ന നേതൃയോഗത്തിൽ ചർച്ചയാകില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. തദ്ദേശ തെരഞ്ഞെടുപ്പ് മാത്രമാണ് ഇന്നത്തെ യോഗത്തിന്റെ അജണ്ട പാർട്ടിയിൽ തർക്കങ്ങളൊന്നുമില്ല. തർക്കമുണ്ടെന്നത് മാധ്യമസൃഷ്ടിയെന്നും കെ സുരേന്ദ്രൻ ആവർത്തിച്ചു.

തദ്ദേശതെരഞ്ഞെടുപ്പ് വേളയിൽ സംസ്ഥാന ബിജെപിയിലെ ഗ്രൂപ്പ് പോര് പാർട്ടിക്ക് വലിയ തലവേദനയാണ് ഉണ്ടാക്കുന്നത്. ഇന്ന് നടക്കുന്ന ബിജെപി സംസ്ഥാന നേതൃയോഗത്തിൽ ശോഭാ സുരേന്ദ്രൻ പങ്കെടുക്കില്ലെന്ന് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തിട്ടില്ലാത്തതിനാൽ യോഗത്തിന് പങ്കെടുക്കേണ്ട ആവശ്യമില്ലെന്ന നിലപാടിലാണ് ശോഭ. അതേ സമയം തെരഞ്ഞെടുപ്പ് വേളയിലെ പ്രശ്നങ്ങൾ തിരിച്ചടി സൃഷ്ടിക്കുമെന്നും പ്രശ്നങ്ങൾ ഉടൻ പരിഹരിക്കണമെന്ന് കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടതായാണ് വിവരം. ഇന്ന് നടക്കുന്ന നേതൃയോഗത്തിൽ കേന്ദ്ര സഹമന്ത്രി വി മുരളിധരനും പങ്കെടുക്കുന്നുണ്ട്. 

കെ സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷനായതിന് ശേഷം പാർട്ടിയുടെ ഔദ്യോഗിക പരിപാടികളിൽ നിന്നും യോഗങ്ങളിൽ നിന്നും വിട്ടുനിൽക്കുകയാണ് ശോഭ. വ്യക്തിവിരോധം മൂലം കെ.സുരേന്ദ്രൻ തന്നെ ഒതുക്കിയെന്ന് ആരോപിച്ച് കേന്ദ്രനേതൃത്വത്തിന് കത്തെഴുതിയ ശോഭ സുരേന്ദ്രൻ പ്രശ്നപരിഹാരത്തിന് ഉടൻ കേന്ദ്ര ഇടപെൽ വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ്.