Asianet News MalayalamAsianet News Malayalam

എസ്എഫ്ഐ ഹൂളിഗണിസം ഗവർണറോട് തുടർന്നാൽ നവകേരള വേദിയിൽ ബിജെപി പ്രതിഷേധം തുടങ്ങും: മുന്നറിയിപ്പുമായി സുരേന്ദ്രൻ

ഗവർണർക്ക് എതിരെ എസ് എഫ് ഐ കാട്ടുന്നത് തെമ്മാടിത്തരമാണെന്നും, താമസിക്കുന്ന സ്ഥലത്തെത്തി ഗവർണറെ തടയുന്ന പ്രതിഷേധനങ്ങൾ അവസാനിപ്പിക്കണമെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ ആവശ്യപ്പെട്ടു.

K Surendran says BJP will start protest against Pinarayi Navakerala Sadas if SFI continues protest against Governor asd
Author
First Published Dec 16, 2023, 8:24 PM IST

കോഴിക്കോട്: ഗവർണർക്കെതിരായ എസ് എഫ് ഐ പ്രതിഷേധത്തിൽ മുന്നറിയിപ്പുമായി ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത്. ഗവർണറെ നിരന്തരമായി വഴി തടയുകയും താമസിക്കുന്ന സ്ഥലത്ത് വന്ന് പേക്കൂത്ത് കാണിക്കുകയും ചെയ്യുന്ന എസ് എഫ് ഐ തെമ്മാടി കൂട്ടങ്ങളെ നിലയ്ക്കു നിർത്തിയില്ലെങ്കിൽ മുഖ്യമന്ത്രിയും നവ കേരള സദസ്സിൽ ഇതുപോലെയുള്ള പ്രതിഷേധം നേരിടേണ്ടി വരുമെന്നാണ് സുരേന്ദ്രൻ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഗവർണർക്ക് എതിരെ എസ് എഫ് ഐ കാട്ടുന്നത് തെമ്മാടിത്തരമാണെന്നും, താമസിക്കുന്ന സ്ഥലത്തെത്തി ഗവർണറെ തടയുന്ന പ്രതിഷേധനങ്ങൾ അവസാനിപ്പിക്കണമെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ ആവശ്യപ്പെട്ടു. എസ് എഫ് ഐ ഗവർണർക്കെതിരായ തെമ്മാടിത്തം തുടർന്നാൽ നവകേരള സദസ് വേദിയിലേക്ക് അടക്കം ബി ജെ പി പ്രതിഷേധം നടത്തുമെന്നും സുരേന്ദ്രൻ വിവരിച്ചു.

മുഖ്യമന്ത്രിയുടെ അറിവോടെയാണ് ഗവർണർക്കെതിരായ എസ് എഫ് ഐയുടെ പ്രതിഷേധം അരങ്ങേറുന്നത്. എസ് എഫ് ഐ ചെയ്യുന്നത് ഹൂളിഗണിസമാണെന്നും സി പി എം പ്രവർത്തകരുടെ തറവാട്ട് സ്വത്തല്ല കേരളത്തിലെ സർവകലാശാലകളെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു. അധിക കാലം ഈ സർക്കാരിന് ഇങ്ങനെ തുടരാൻ കഴിയില്ലെന്നും സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.

നിയമനം ചോദ്യം ചെയ്യാൻ അവർ ആര്? 'കാവിവത്കരണത്തിൽ' ഗവർണർ; കാലിക്കറ്റ് ക്യാമ്പസിലെത്തി, എസ്എഫ്ഐ പ്രതിഷേധം

അതിനിടെ എസ് എഫ് ഐ പ്രതിഷേധം വകവയ്ക്കാതെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ പ്രവേശിച്ചു. പൊലീസിന്റെ കനത്ത സുരക്ഷയിലാണ് ഗവർണർ യൂണിവേഴ്സിറ്റി ക്യാമ്പസിലെത്തിയത്. കരിപ്പൂരിൽ വിമാനമിറങ്ങിയ ഗവർണറുടെ വാഹനവ്യൂഹം ഗസ്റ്റ് ഹൗസിനുള്ളിൽ കയറി. യൂണിവേഴ്സിററിയുടെ കവാടത്തിന് പുറത്ത്  എസ് എഫ് ഐ പ്രവർത്തകർ കുത്തിയിരിപ്പ് പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. എന്നാൽ ക്യാമ്പസിലെത്തിയ ഗവർണർ പ്രതിഷേധത്തെ പൂർണമായും അവഗണിച്ചായിരുന്നു പ്രതികരിച്ചത്. എവിടെയാണ് പ്രതിഷേധം? എനിക്ക് പ്രതിഷേധത്തെ കുറിച്ച് അറിയില്ല, ഞാൻ ഒരു പ്രതിഷേധവും കണ്ടില്ലെന്നുമായിരുന്നു ഗവർണർ മാധ്യമങ്ങളോട് പ്രതികരിച്ചത്.

ക്യാമ്പസിലെ കാവിവത്കരമെന്ന എസ് എഫ് ഐ ആരോപണത്തിൽ ആരെ നിയമിക്കുന്നുവെന്ന് ചോദിക്കാൻ അവർ ആരെന്നായിരുന്നു ഗവണറുടെ മറുചോദ്യം. നിയമനത്തിന് പട്ടിക മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും കൂടി വന്നു. പല ഇടങ്ങളിൽ നിന്ന് എനിക്ക് നിർദേശം വരും. ഏത് സ്വീകരിക്കണമെന്ന് എൻ്റെ വിവേചനാധികാരമാണ്. അത് ചോദിക്കാൻ ഇവർ ആരാണ്? ഇന്ത്യൻ പ്രസിഡൻ്റിന് മാത്രമാണ് ഞാൻ ഉത്തരം നൽകേണ്ടതെന്നും ഗവർണർ കൂട്ടിച്ചേർത്തു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios