എസ്എഫ്ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്‍റെ കൊലപാതകത്തിലെ ഗൂഡാലോചന അന്വേഷിക്കാതെ പോയത് സിപിഎമ്മിന്‍റെ തീവ്രവാദികളോടുള്ള മൃദുസമീപനം മൂലമാണെന്നും സര്‍ക്കാരിന്‍റെ ഒത്താശയോടെയാണ് കേസ് അട്ടിമറിക്കപ്പെട്ടതെന്നും സുരേന്ദ്രന്‍

കോഴിക്കോട്: മുസ്ലീം തീവ്രവാദത്തിലെ സിപിഎം നിലപാട് ഇരട്ടത്താപ്പെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. സഖാക്കള്‍ യുഎപിഎ കേസില്‍ കുടുങ്ങിയപ്പോള്‍ ജനരോക്ഷം മറികടക്കാനുള്ള അടവുനയം മാത്രമാണ് ഇപ്പോഴത്തെ മലക്കംമറിച്ചിലെന്നും സുരേന്ദ്രന്‍ പരിഹസിച്ചു. മുസ്ലീം തീവ്രവാദികളും സിപിഎമ്മും പ്രവര്‍ത്തിക്കുന്നത് ഇരട്ടപെറ്റ മക്കളെപോലെയാണ്. തീവ്രവാദ സംഘടനകളെ കയ്യയച്ച് സഹായിച്ചിട്ടുള്ള നിലപാടാണ് സിപിഎമ്മിന്‍റേത്. ജനങ്ങളെ കബിളിപ്പിക്കാനുള്ള അടവുമാത്രമാണ് സിപിഎമ്മിന്‍റെ ഇപ്പോഴത്തെ ബോധോദയമെന്നും സുരേന്ദ്രന്‍ പറഞ്ഞു. 

എസ്എഫ്ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്‍റെ കൊലപാതകത്തിലെ ഗൂഡാലോചന അന്വേഷിക്കാതെ പോയത് സിപിഎമ്മിന്‍റെ തീവ്രവാദികളോടുള്ള മൃദുസമീപനം മൂലമാണെന്നും സര്‍ക്കാരിന്‍റെ ഒത്താശയോടെയാണ് കേസ് അട്ടിമറിക്കപ്പെട്ടതെന്നും സുരേന്ദ്രന്‍ പറഞ്ഞു. സിപിഎം എസ്‍ഡിപിഐ സഖ്യം പലയിടത്തുമുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ബിനു, ഷിബിൻ കൊലപാതകക്കേസുകൾ അട്ടിമറിക്കപ്പെട്ടത് ഇരുപാര്‍ട്ടികളുടെയും രഹസ്യധാരണയുടെ അടിസ്ഥാനത്തിലാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

മാവോയിസ്റ്റുകൾക്ക് പ്രോത്സാഹനം നല്‍കുന്നത് ഇസ്ലാമിക തീവ്രവാദികളെന്നായിരുന്നു സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ പറഞ്ഞത്. മവോയിസ്റ്റുകൾക്ക് വെള്ളവും വളവും നൽകുന്നത് തീവ്ര ഇസ്ലാമിക ഗ്രൂപ്പുകളെന്നും പരസ്പര ഐക്യത്തോടെയാണ് ഇരുകൂട്ടരുടെയും പ്രവര്‍ത്തനമെന്നും മോഹനന്‍ ആരോപിച്ചിരുന്നു. എന്നാല്‍ പരാമര്‍ശം വിവാദമായതോടെ താന്‍ മുസ്ലിം സമുദായത്തെ ആക്ഷേപിച്ചിട്ടില്ലെന്നും തീവ്രവാദ സംഘടനകള്‍ എന്നതുകൊണ്ട് എന്‍ഡിഎഫിനെയും പോപ്പുലര്‍ ഫ്രണ്ടിനെയുമാണ് ഉദ്ദേശിച്ചതെന്നും മോഹനന്‍ വിശദീകരിച്ചു. ഇതിന് പിന്നാലെ മോഹനന് പിന്തുണയുമായി പി ജയരാജനും രംഗത്തെത്തി. ഇസ്ളാമിസ്റ്റുകളെ വിമര്‍ശക്കുമ്പോള്‍ തീവ്രവാദ വിരുദ്ധ നിലപാടുളള ഇസ്ലാംമത വിശ്വാസികള്‍ സിപിഎമ്മിനൊപ്പം ചേരുമെന്നായിരുന്നു മോഹനനെ പിന്തുണച്ച പി ജയരാജന്‍റെ പരാമര്‍ശം.