2017ലാണ് പോറ്റിയുടെ വീട്ടിൽ പോയതെന്നും അത് ഒരു കുട്ടിയുടെ ചടങ്ങിൽ പങ്കെടുക്കാനായിരുന്നെന്നും മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ.  ശബരിമല സ്വാമിയുടെ ഭക്തൻ എന്ന നിലയിലാണ് പോറ്റിയെ പരിചയപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴിയിൽ വിശദീകരണവുമായി മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. 2017ലാണ് പോറ്റിയുടെ വീട്ടിൽ പോയതെന്നും അത് ഒരു കുട്ടിയുടെ ചടങ്ങിൽ പങ്കെടുക്കാനായിരുന്നെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ദേവസ്വം മന്ത്രിയെന്ന നിലയിലും വ്യക്തിപരമായും തനിക്കുള്ള പോറ്റിയുമായുള്ള ബന്ധം അന്വേഷണ ഏജൻസിയോട് പറഞ്ഞിട്ടുണ്ടെന്നും ശബരിമല സ്വാമിയുടെ ഭക്തൻ എന്ന നിലയിലാണ് പോറ്റിയെ പരിചയപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

2017ൽ ഒരു കുട്ടിയുടെ ചടങ്ങിൽ പങ്കെടുക്കാനായാണ് പോറ്റിയുടെ വീട്ടിൽ പോയത്. ശബരിമല സ്വാമിയുടെ ഭക്തൻ എന്ന നിലയിലാണ് പോറ്റിയെ പരിചയപ്പെട്ടത്. നിർബന്ധത്തിന് വഴങ്ങി പൊലീസ് അകമ്പടിയോടെയാണ് വീട്ടിൽ പോയത്. പോറ്റിയിൽ നിന്നും ഒരു ഉപഹാരവും വാങ്ങിയിട്ടില്ല. പോറ്റി എന്തെങ്കിലും മൊഴി നൽകിയതായി എസ്ഐടി അറിയിച്ചിട്ടില്ല. ഞാൻ എല്ലാ കാര്യവും അന്വേഷണ സംഘത്തോട് പറഞ്ഞതാണ്. ഞാൻ ഉദാരമതികളായ വ്യക്തികളിൽ നിന്നും പാവങ്ങൾക്ക് സഹായം നൽകണമെന്ന് അഭ്യർത്ഥിക്കും. ഭാഗ്യത്തിന് പോറ്റി ഒരു സംഭാവനയും നൽകിയിട്ടില്ലെന്നും കടകംപള്ളി സുരേന്ദ്രൻ പറ‍ഞ്ഞു. അതേസമയം, പോറ്റിയുമായുള്ള ബാംഗ്ലൂർ കൂടിക്കാഴ്ചയിലും പോറ്റിക്കൊപ്പമുള്ള ഫോട്ടോയെ കുറിച്ചുമുള്ള ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകിയില്ല.

കടകംപ്പള്ളി സുരേന്ദ്രനുമായി പരിചയമുണ്ടെന്നായിരുന്നു ഉണ്ണികൃഷ്ണൻ പോറ്റി എസ്ഐടിക്ക് നൽകിയ മൊഴി. 2017 മുതൽ കടകംപ്പളിയുമായി പരിചയമുണ്ടെന്നും അദ്ദേഹം വീട്ടിൽ വന്നിട്ടുണ്ടെന്നുമാണ് മൊഴി.

YouTube video player