തിരുവനന്തപുരം: ഇതരസംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്ന പതിനായിരക്കണക്കിന് മലയാളികളെ തിരികെ കൊണ്ടുവരുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കുറ്റകരമായ അലംഭാവമാണ് കാണിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വിദ്യാര്‍ത്ഥികള്‍, തൊഴിലാളികള്‍, തീര്‍ത്ഥാടകര്‍, രോഗബാധിതർ ഉള്‍പ്പെടെയുള്ളവരാണ് വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്നത്. ഇവരെ തിരികെ കൊണ്ടുവരുന്നതിന് സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.

എത്രപേര്‍ വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്നു എന്നതിനെ കുറിച്ച് സര്‍ക്കാരിന് വ്യക്തമായ കണക്കില്ല. ഒറീസ, ബീഹാര്‍ പോലുള്ള സംസ്ഥാനങ്ങള്‍ തങ്ങളുടെ നാട്ടിലുള്ളവരെ തിരികെ കൊണ്ടുപോകാന്‍ നടപടി സ്വീകരിക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരമാണ് മെയ് ഒന്നു മുതല്‍ 17 വരെ വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്നവരെ സ്വന്തം നാടുകളില്‍ എത്തിക്കാന്‍ 'ശ്രമിക്' സ്‌പെഷ്യല്‍ ട്രെയിന്‍ റെയില്‍വേ ആരംഭിച്ചത്.

ഇത് തൊഴിലാളികള്‍ക്ക് മാത്രമല്ല, മറ്റ് സ്ഥലങ്ങളില്‍ കുടുങ്ങി കിടക്കുന്ന വ്യദ്യാര്‍ത്ഥികള്‍, തീര്‍ത്ഥാടകര്‍ തുടങ്ങിയവര്‍ക്ക് കൂടിയുള്ളതാണെന്ന് കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവില്‍ പറയുന്നത്. കഴിഞ്ഞ ശനിയാഴ്ച മാത്രം ദക്ഷിണ റയില്‍വേ 25 ട്രെയിനുകളാണ് വിവിധ സംസ്ഥാനങ്ങളിലേയ്ക്ക് സര്‍വ്വീസ് നടത്തിയത്. ഈ ട്രെയിനുകള്‍ തിരിച്ച് കാലിയായാണ് മടങ്ങുന്നത്.

കേരള സര്‍ക്കാര്‍ നേരത്തെ തന്നെ മറ്റ് സംസ്ഥാനങ്ങളിലെ ചിഫ് സെക്രട്ടറി തലത്തില്‍ ചര്‍ച്ച നടത്തിയിരുന്നെങ്കില്‍ മറ്റ് സ്ഥലങ്ങളില്‍ കുടുങ്ങി കിടക്കുന്ന മാലയാളികളെ ഇതിനോടകം തന്നെ ഏറെക്കുറെ നാട്ടില്‍ എത്തിക്കാന്‍ സാധിക്കുമായിരുന്നു. ഇതിനായി കേരള സര്‍ക്കാര്‍ ഒരു സംസ്ഥാനവുമായി ചര്‍ച്ച നടത്തിയിട്ടില്ല. പ്രവാസി ഇന്ത്യാക്കാരുടെ കാര്യത്തില്‍ രാഷ്ട്രീയ പ്രചരണം നടത്തുന്ന സര്‍ക്കാര്‍ എന്തുകൊണ്ട് ഇവരെ തിരികെ കൊണ്ടുവരുന്ന കാര്യത്തില്‍ ശുഷ്‌കാന്തി കാണിക്കുന്നില്ല.

സംസ്ഥാന സര്‍ക്കാര്‍ വിചാരിച്ചാല്‍ കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ശ്രമിക് സ്‌പെഷ്യല്‍ ട്രയിന്‍ ഉപയോഗപ്പെടുത്തി മാര്‍ച്ച് 17 നകം നിരവധി പേരെ തിരികെ കൊണ്ടു വരാം. തമിഴ്നാട്, കർണ്ണാടക തുടങ്ങിയ തൊട്ടടുത്ത സംസ്ഥാനങ്ങളിൽ നിന്ന് മലയാളികളെ തിരികെ കൊണ്ടുവരാൻ റോഡ് മാർഗ്ഗവും ഉപയോഗിക്കാവുന്നതാണ്.  

മറ്റ് പല സംസ്ഥാനങ്ങളും ബസ് അയച്ച് അവരുടെ സംസ്ഥാനത്തുള്ളവരെ തിരികെ കൊണ്ടുപോയി. ഇത്തരം സാധ്യതകളൊന്നും കേരളം പരിശോധിക്കുന്നില്ല. ഇക്കാര്യത്തിൽ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്. ജന്‍ധന്‍ യോജന ബാങ്ക് അക്കൗണ്ട് വഴി നാളെ മുതല്‍ വീണ്ടും സ്ത്രീകളുടെ അക്കൗണ്ടിലേയ്ക്ക് കേന്ദ്ര സർക്കാരിന്റെ പണം വരുകയാണ്. 27 ലക്ഷത്തില്‍പരം ജന്‍ധന്‍ അക്കൗണ്ടുകളാണ് കേരളത്തിലുള്ളത്.

അതില്‍ 25 ലക്ഷത്തില്‍പരം ജന്‍ധന്‍ അക്കൗണ്ടുകള്‍ക്ക് മാത്രമാണ് പണം ലഭിച്ചത്. സഹകരണ ബാങ്കുകളില്‍ ജന്‍ധന്‍ അക്കൗണ്ട് എടുത്തിട്ടുള്ള ആര്‍ക്കും തന്നെ ആദ്യ ഘട്ട പണം പേലും ലഭിച്ചിട്ടില്ല. സഹകരണ ബാങ്ക് വഴി അക്കൗണ്ട് എടുത്തവരെല്ലാം കബളിപ്പിക്കപ്പെടുകയാണുണ്ടായത്. യഥാസമയം അക്കൗണ്ട് വിവരങ്ങൾ കേന്ദ്രത്തെ സഹകരണ വകുപ്പ് അറിയിച്ചിട്ടില്ല. അടിയന്തരമായി സഹകരണ ബാങ്കുകളില്‍ അക്കൗണ്ട് എടുത്തിട്ടുള്ള ജന്‍ധന്‍ അക്കൗണ്ടുകാര്‍ക്ക് പണം ലഭിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും കെ സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.