Asianet News MalayalamAsianet News Malayalam

അമിത് ഷായെ കാണാനായില്ല? നാല് ദിവസമായി കെ സുരേന്ദ്രൻ ദില്ലിയിൽ തുടരുന്നു

സുരേന്ദ്രന്‍റെ നേതൃത്വം തുടരുന്നത് ജനങ്ങളിൽ പാര്‍ട്ടിക്കുള്ള വിശ്വാസം ഇല്ലാതാക്കുമെന്നാണ്  പികെ കൃഷ്ണദാസ്, ശോഭാസുരേന്ദ്രൻ പക്ഷങ്ങളുടെ നിലപാട്. ഇക്കാര്യം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.  

k surendran  staying in Delhi for four days
Author
Delhi, First Published Jun 12, 2021, 2:08 PM IST


ദില്ലി: കേരളത്തിലെ കനത്ത തോൽവിയും തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗവും കുഴൽപ്പണ- കോഴ ആരോപണം അടക്കമുള്ള വിവാദങ്ങളും കേന്ദ്ര നേതൃത്വത്തിന് മുന്നിൽ വിശദീകരിക്കാനെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നാല് ദിവസമായി ദില്ലിയിൽ തുടരുകയാണ്. ആഭ്യന്തര മന്ത്രി അമിത്ഷായെ ഇതുവരെ കാണാനായിട്ടില്ല എന്നാണ് സൂചന. ബുധനാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായെ കാണാൻ സമയം ചോദിച്ചെങ്കിലും അനുമതി കിട്ടിയില്ല.

വ്യാഴാഴ്ച കേന്ദ്ര മന്ത്രി വി.മുരളീധരനൊപ്പം പാര്‍ടി അദ്ധ്യക്ഷൻ ജെപി നദ്ദയെ കണ്ടെങ്കിലും പ്രതികരണം അനുകൂലമായിരുന്നില്ല. കേരളത്തിലെ വിവാദങ്ങളെ പ്രതിരോധിക്കാൻ നിര്‍ദ്ദേശം നൽകിയ നദ്ദ പാര്‍ട്ടിയെ കുരുക്കിയതിലുള്ള അതൃപ്തി സുരേന്ദ്രനെ അറിയിച്ചിരുന്നു എന്നാണ് വിവരം. മാത്രമല്ല സംഘടനാ ജനറൽ സെക്രട്ടറിയെ കണ്ട് വിശദമായ റിപ്പോര്‍ട്ട് നൽകാനും ആവശ്യപ്പെട്ടിരുന്നു.

രാഷ്ട്രീയ ആക്രമണങ്ങളെ പ്രതിരോധിക്കണമെന്ന നിര്‍ദ്ദേശം നൽകിയിട്ടും സുരേന്ദ്രൻ കേരളത്തിലേക്ക് പോകാതെ ദില്ലിയിൽ തന്നെ തങ്ങുകയാണ്. തൽക്കാലം നേതൃമാറ്റമില്ലെന്നാണ് തീരുമാനം എന്നിരിക്കെ എതിര്‍വിഭാഗം ഇതിനെതിരെ കൂട്ടത്തോടെ ദേശീയ നേതൃത്വത്തിന് പരാതി അയച്ചു.

കെ സുരേന്ദ്രന്‍റെ നേതൃത്വം തുടരുന്നത് ജനങ്ങളിൽ പാര്‍ട്ടിക്കുള്ള വിശ്വാസം ഇല്ലാതാക്കുമെന്നാണ്  പികെ കൃഷ്ണദാസ്, ശോഭാസുരേന്ദ്രൻ പക്ഷങ്ങളുടെ നിലപാട്. ഇക്കാര്യം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പരാജയത്തിനും പാര്‍ട്ടിക്കെതിരെയുള്ള എല്ലാ വിവാദങ്ങളുടെയും ഉത്തരവാദി കെ സുരേന്ദ്രനും വി മുരളീധരനും മാത്രമാണെന്നാണ് ഇവരുടെ പരാതി. 

അതേസമയം സംഘടന ചര്‍ച്ചക്കായല്ല വന്നതെന്ന നിലപാടിലാണ് ഇപ്പോഴും കെ സുരേന്ദ്രൻ ആവർത്തിക്കുന്നത്. എങ്കിൽ മുട്ടിൽ മരം മുറിയടക്കം സര്‍ക്കാരിനെതിരെയുലള്ള ഒരുപാട് രാഷ്ട്രീയ വിഷയങ്ങൾ ഉണ്ടായിട്ടും കേരളത്തിൽ നിന്ന് സുരേന്ദ്രൻ മാറിനിൽക്കുന്നത് എന്തിനെന്ന ചോദ്യവും പ്രസക്തമാകുകയാണ്.

Follow Us:
Download App:
  • android
  • ios