നാളെ വൈകീട്ടാണ് ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ സംബന്ധിച്ച് ബിജെപിയിലെ ഉന്നത നേതൃത്വം ചര്‍ച്ച നടത്തുന്നത്
കൊച്ചി: പദയാത്ര പകരക്കാരെ ഏല്‍പ്പിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ദില്ലിക്ക് പോയി. സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കായാണ് യാത്രയെന്നാണ് പാര്‍ട്ടി നേതൃത്വം പറയുന്നത്. എന്നാൽ ഐ.ടി സെല്ലിനെതിരായ പരാതി ദേശീയ നേതൃത്വത്തെ നേരിട്ട് അറിയിക്കാൻ കൂടി ലക്ഷ്യമിട്ടാണ് സംസ്ഥാന അധ്യക്ഷന്റെ ദില്ലി യാത്ര. കേരളത്തിന്‍റെ ചുമതലയുള്ള നേതാവ് പ്രകാശ് ജാവ്ദേക്കറും ഐ.ടി സെല്ലിനെ പിന്തുണച്ചതോടെ കടുത്ത അതൃപ്തിയിലാണ് സംസ്ഥാന നേതൃത്വം.
നാളെ വൈകീട്ടാണ് ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ സംബന്ധിച്ച് ബിജെപിയിലെ ഉന്നത നേതൃത്വം ചര്‍ച്ച നടത്തുന്നത്. എന്നാൽ ഇതിന് ഏറെ മുന്നേയാണ് അദ്ദേഹം ദില്ലിക്ക് പോയത്. ഇതോടെ താൻ നയിക്കുന്ന പദയാത്രയിൽ എറണാകുളത്തും മലപ്പുറത്തും കെ.സുരേന്ദ്രൻ പങ്കെടുക്കില്ലെന്ന് ഉറപ്പായി. പകരക്കാരായി എറണാകുളത്ത് എം.ടി രമേശും മലപ്പുറത്ത് എ.പി അബ്ദുള്ളക്കുട്ടിയും പദയാത്രയിൽ നായകരാകും.
സംസ്ഥാനത്ത് പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയ പ്രചരണഗാന വിവാദത്തില്‍ ഐടി സെല്ലിനെതിരെ നടപടി വേണമെന്ന് കെ.സുരേന്ദ്രൻ ദേശീയ നേതൃത്വത്തോട് ആവശ്യപ്പെടും. പ്രചാരണ ഗാനത്തിലെ പിശക് ഗുരുതരമാണെന്നും എന്നാൽ സംസ്ഥാന ഐ.ടി സെൽ പുറത്തിറക്കിയ പാട്ടെല്ലെന്നും കെ സുരേന്ദ്രന്‍ പ്രതികരിച്ചിരുന്നു. പൊന്നാനിയിലെ പ്രാദേശിക ഘടകത്തിന്‍റെ ഭാഗത്തുണ്ടായ വീഴ്ചയെന്നാണ് പരസ്യ പ്രതികരണം.
ഐടി സെല്‍ കണ്‍വീനര്‍ എസ് ജയശങ്കറുമായുള്ള കടുത്ത ഭിന്നത നിലനില്‍ക്കെ ഈ നിലയില്‍ ഒന്നിച്ചുപോകാനാകില്ലെന്ന് ദേശീയ നേതാക്കളെ കെ.സുരേന്ദ്രൻ അറിയിക്കും. വി.മുരളീധരനും ഇതേ നിലപാടാണ്. ആര്‍എസ്എസ് നേതാക്കളുടെ പിന്തുണയിലാണ് ജയശങ്കര്‍ പിടിച്ചുനില്‍ക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന് ഇറങ്ങുമ്പോള്‍ പാര്‍ട്ടിയും പ്രചാരണ വിഭാഗവും ഒന്നിച്ചു പോകാനുള്ള നിര്‍ദേശങ്ങളാവും കേന്ദ്രനേതൃത്വം മുന്നോട്ടുവയ്ക്കുക. വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം ഈമാസം 29 ന് ബിജെപി ദേശീയ നേതൃത്വം കേരളത്തിലെയടക്കം സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും. നാളത്തെ ചർച്ചയിൽ സംഘടനാ ചുമതലയുള്ള ആരൊക്ക മത്സരിക്കണമെന്നതിൽ ധാരണയുണ്ടാകും.
