തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍ ഇന്ന് ദേശീയ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തും. നിയമസഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സംബന്ധിച്ച് കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച നടത്തും. ഭരണ തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച വിലയിരുത്തലും നിയസഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുമാണ് പ്രധാനമായും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകുക.

പ്രമേയത്തെ പിന്തുണച്ച ഒ രാജഗോപാലിന്‍റെ നടപടിയും കേന്ദ്രനേതാക്കളുമായുളള ചര്‍ച്ചക്കിടെ ഉയർന്നേക്കും. സഭയില്‍ പ്രമേയത്തെ പിന്തുണച്ചതിന് പിന്നാലെ രാജഗോപാലിനെ കേന്ദ്ര നേതൃത്വം ബന്ധപ്പെട്ടിരുന്നു. ഇതിന് ശേഷമാണ് രാജഗോപാല്‍  നിലപാട് സംബന്ധിച്ച് വീണ്ടും മാധ്യമങ്ങളോട് വിശദീകരിച്ചത്. പ്രമേയത്തെ പിന്തുണച്ച സംഭവം കേന്ദ്ര നേതൃത്വത്തിന് അറിവുള്ളതാണെന്ന് കെ സുരേന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ഫെബ്രുവരിയില്‍ കെ സുരേന്ദ്രൻ നയിക്കുന്ന കേരള യാത്രയെ കുറിച്ചും ദേശീയ നേതൃത്വവുമായി ചര്‍ച്ച നടത്തും.  പാർട്ടി എ പ്ലസ് മണ്ഡലങ്ങള്‍ ആയി കണക്കാക്കുന്നിടങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നേരത്തെ തീരുമാനിച്ച് പ്രചരണത്തില്‍ മുന്‍കൈ നേടാനാണ് ബിജെപിയുടെ ലക്ഷ്യം. നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പായി ക്രിസ്ത്യൻ വിഭാഗത്തെ പാര്‍ട്ടിയോട് അടുപ്പിക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. സഭകളുമായുള്ള പ്രധാനമന്ത്രിയുടെ ചര്‍ച്ച പോസ്റ്റീവ് ആണെന്നും സുരേന്ദ്രന്‍ പറഞ്ഞു. അതേ സമയം ശോഭ സുരേന്ദ്രന്‍ വിഷയത്തില്‍ കേന്ദ്ര നേതൃത്വം തീരുമാനമെടുക്കട്ടെയെന്നാണ് സംസ്ഥാന അധ്യക്ഷന്‍റെ നിലപാട്.