കെഎസ്ആര്‍ടിസിയെ നഷ്ടത്തില്‍ നിന്ന് കരകയറ്റുന്നതിന്‍റെ ഭാഗമായി കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് പ്രഖ്യാപിച്ച പദ്ധതിയാണ് കെ സ്വിഫ്റ്റ്. സൂപ്പര്‍ ഫാസ്റ്റ് മുതലുള്ള സര്‍വ്വീസുകളും , പുതിയ ബസ്സുകളും കെ സ്വിഫ്റ്റിലേക്ക് മാറ്റും,ലാഭത്തില്‍ നിന്ന് തരിച്ചടവ് ഉറപ്പാക്കും . ഇതാണ് കെ സ്വിഫ്റ്റ് കൊണ്ട് ലക്ഷ്യമിടുന്നത്

തിരുവനന്തപുരം: കെ എസ് ആർ ടി സിയിൽ(ksrtc) പ്രതിസന്ധി പരിഹാരമില്ലാതെ തുടരുമ്പോൾ, സര്‍ക്കാര്‍ രൂപീകരിച്ച കമ്പനിയായ കെ സ്വിഫ്റ്റിന്റെ(k swift)സർവീസുകൾ ഇന്ന് തുടങ്ങുകയാണ്. മുഖ്യമന്ത്രി (chief minister)ആദ്യ സർവീസ് ഫ്ലാ​ഗ് ഓഫ് ചെയ്യും. ബം​ഗളൂരുവിലേക്കാണ് ആദ്യ സർവീസ്.സർക്കാർ പദ്ധതി വിഹിതം ഉപയോ​ഗിച്ച് വാങ്ങിയ 116 ബസുകളിൽ 99 ബസുകളാണ് ആദ്യഘട്ടത്തിൽ സർവീസ് തുടങ്ങുന്നത്. 99 ബസുകളിൽ 28 എണ്ണം എസി ബസുകളാണ്. ഇതിൽ ഏട്ട് എണ്ണം എ സി സ്ലീപ്പറും. 20 ബസുകൾ എ സി സെമി സ്ലീപ്പറുകളാണ്. സംസ്ഥാന സർക്കാർ ആദ്യമായാണ് സ്ലീപ്പർ സംവിധാനമുള്ള ബസുകൾ നിരത്തിലിറക്കുന്നത്. അന്തർ സംസ്ഥാന സർവീസുകൾക്കാണ് കെ സ്വിഫ്റ്റിലെ കൂടുതൽ ബസുകളും ഉപയോ​ഗിക്കുക. അതേസമയം ഇന്ന് കരിദിനം ആചരിക്കുമെന്ന് പ്രതിപക്ഷ ട്രേഡ് യൂണിയന്‍ അറിയിച്ചു

കെ സ്വിഫ്റ്റിൽ നിയമന നടപടികളുമായി മുന്നോട്ടു പോകാൻ സർക്കാരിന് ഹൈക്കോടതിയുടെ അനുമതി ലഭിച്ചിരുന്നു. നിയമനം പൂർണമായും യോഗ്യതയുടെ അടിസ്ഥാനത്തിൽ മാത്രമായിരിക്കണമെന്ന നിർദേശത്തോടെയാണ് നിയമനവുമായി മുന്നോട്ട് പോകാൻ സർക്കാർ കെ സ്വിഫിറ്റിന് അനുമതി നൽകിയത്. നിയമനത്തിൽ എം പാനൽ ജീവനക്കാർക്ക് പ്രത്യേക പരിഗണന നൽകേണ്ടതില്ലെന്നും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. കെ സ്വിഫ്റ്റ് നിയമനത്തെ ചോദ്യം ചെയ്ത് ട്രേഡ് യൂണിയനുകൾ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് പുതിയ കമ്പനിയുടെ മുന്നോട്ടുള്ള പോക്ക് ആദ്യം പ്രതിസന്ധിയിലായത്. 

എന്നാല്‍ പ്രതിപക്ഷ ട്രേഡ് യൂണിയനുകളായ ടിഡിഎഫും, കെഎസ്ടി എംപ്ളോയീസ് സംഘും ആണ് പദ്ധതിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്.കെഎസ്ആര്‍ടിസിയുടെ റൂട്ടോ ബസ്സോ മറ്റൊരു കമ്പനിക്ക് കൈമാറാന്‍ നിയമമില്ല എന്നായിരുന്നു പ്രധാന വാദം. കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചുള്ള ബസ്സ് സ്വതന്ത്ര കമ്പനിക്ക് നല്‍കുന്നത് സ്റ്റേററ് ട്രാന്‍സ്പോര്‍ട്ട് സര്‍വ്വീസെ തകര്‍ക്കുമെന്നും ആക്ഷേപം ഉയര്‍ന്നു. ഈ സഹാചര്യത്തില്‍ സര്‍ക്കാര്‍ നിലപാട് മാറ്റി. റൂട്ടും ബസ്സും കൈമാറില്ല. പകരം കെ സ്വിഫ്റ്റ് വാങ്ങുന്ന ബസ്സുകള്‍ കെഎസ്ആര്‍സിക്ക് വാടകക്ക് നല്‍കും എന്നാണ് പുതിയ നിലപാടായി ഹൈക്കോടതിയിൽ അറിയിച്ചത്. 


എന്താണ് കെ സ്വിഫ്റ്റ്

കെഎസ്ആര്‍ടിസിയെ നഷ്ടത്തില്‍ നിന്ന് കരകയറ്റുന്നതിന്‍റെ ഭാഗമായി കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് പ്രഖ്യാപിച്ച പദ്ധതിയാണ് കെ സ്വിഫ്റ്റ്. സൂപ്പര്‍ ഫാസ്റ്റ് മുതലുള്ള സര്‍വ്വീസുകളും , പുതിയ ബസ്സുകളും കെ സ്വിഫ്റ്റിലേക്ക് മാറ്റും,ലാഭത്തില്‍ നിന്ന് തരിച്ചടവ് ഉറപ്പാക്കും ഇതാണ് കെ സ്വിഫ്റ്റ് കൊണ്ട് ലക്ഷ്യമിടുന്നത്. 

കെ സ്വിഫ്റ്റ് കമ്പനി കെഎസ്ആർടിസിയുടെ അവിഭാജ്യ ഘടകമാണെന്നും പത്ത് വർഷം കഴിഞ്ഞാൽ സ്വിഫ്റ്റിന്റെ മുഴുവൻ ആസ്തിയും കെഎസ്ആർടിസിക്ക് വന്നു ചേരുമെന്നും സർക്കാർ വിശദീകരിക്കുന്നു. കെ സ്വഫ്റ്റിലെ നിരക്ക് മറ്റ് കെ എസ് ആർ ടി സി സർവീസുകളിലേതിന് സമാനമായിരിക്കും

സാമ്പത്തിക പ്രതിസന്ധി രൂക്ഷം; ജീവനക്കാർക്ക് ഇതുവരെ ശമ്പളം നൽകിയില്ല

ഏപ്രില്‍ മാസം പതിനൊന്നാം തീയതി പിന്നിടുമ്പോഴും കെ എസ് ആര്‍ ടി സി(ksrtc) ജീവനക്കാര്‍ക്ക് ശമ്പളം(salary) വിതരണം ചെയ്തില്ല. സാമ്പത്തിക പ്രതിസന്ധി രൂക്ഷമെന്നാണ് ഔദ്യോഗിക വിശദീകരണം.കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് എല്ലാ മാസവും അഞ്ചാം തീയതിക്കകം ശമ്പളം നല്‍കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഈസ്റ്ററും വിഷുവും അടുത്തെത്തിയിട്ടും കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് ആഹ്ളാദിക്കാനുള്ള അവസരമില്ല. ശമ്പളം എന്നത്തേക്ക് നല്‍കുമെന്ന് സര്‍ക്കാരോ മാനേജ്മെന്‍റോ വ്യക്തമായ ഉറപ്പ് നല്‍കുന്നില്ല.ഇന്ധനവില വര്‍ധന തിരച്ചടിയായെന്നാണ് ഗതാഗതമന്ത്രിയുടെ വിശദീകരണം. വരുമാനത്തിന്‍റെ 75 ശതമാനവും ഇന്ധനത്തിനായി ചെലവിടേണ്ട് സ്ഥിതിയാണ്. ശമ്പള വിതരണത്തിന് 80 കോടി വേണം. സര്‍ക്കാരാകട്ടെ 30 കോടിയിലധീകം നല്‍കാന്‍ കഴിയില്ലെന്ന നിലപാടിലാണ്.

പ്രതിപക്ഷ തൊഴിലാളി യൂണിനുകളുടെ എതിർപ്പ് വകവക്കാതെ , കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് എന്ന പുതിയ കമ്പനിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്. പൊതുഗതാഗതം കുത്തക കമ്പനികള്‍ക്ക് അടിയറവെയ്ക്കുന്ന് എന്ന് ആരോപിച്ച് ഐ എന്‍ ടി യു സി ആഭിമുഖ്യത്തിലുള്ള ടി ഡി എഫ് കരി ദിനം ആചരിക്കും. ബി എം എസിന്‍റെ എംപ്ളോയീസ് സംഘ് പ്രതിഷേധ ദിനം സംഘടിപ്പിച്ചിട്ടുണ്ട്.ഭരണാനുകൂല സംഘടന കെ സ്വിഫ്റ്റിനെ പിന്തുണക്കുകയാണ്. ശമ്പള വിതരണം നീണ്ടു പോയാല്‍ അനിശ്ചിതകാല സമരത്തിലേക്ക് പോകേണ്ടി വരുമെന്ന് പ്രതിപക്ഷ യൂണിയനുകള്‍ മുന്നറിയിപ്പ് നല്‍കി


കടുത്ത പ്രതിസന്ധി, കെ എസ് ആ‍ർ ടി സി ജീവനക്കാരെ പിരിച്ചുവിടേണ്ടി വന്നേക്കുമെന്ന് ​ഗതാ​ഗതമന്ത്രി 

തിരുവനന്തപുരം: കെഎസ്ആ‍ർടിസി പ്രതിസന്ധി ഇനിയും തുട‍ർന്നാൽ ജീവനക്കാരെ എങ്ങനെ നിലനി‍ർത്തുമെന്നതിൽ ആശങ്കയുണ്ടെന്ന് ​ഗതാ​ഗതമന്ത്രി ആൻ്റണി രാജു. നിലവിലെ സാഹചര്യം തുടർന്നാൽ ഒരു വിഭാഗം ജീവനക്കാരെ ഒഴിവാക്കേണ്ടി വന്നേക്കും. ഇനിയുള്ള മാസങ്ങളിൽ കൃത്യമായി ശമ്പളം കൊടുക്കാൻ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി. 

ഇന്ധനവിലയിലുണ്ടായ വൻ വ‍ർധനയാണ് പ്രതിസന്ധി വഷളാക്കിയതെന്നാണ് ​ഗത​ഗാതമന്ത്രി പറയുന്നത്. നിലവിലെ പ്രതിസന്ധിയിൽ ഈ നിലയിൽ മുന്നോട്ട് പോകാനാവില്ല. വരുന്ന മാസങ്ങളിലെ പെൻഷൻ, ശമ്പള വിതരണം മുടങ്ങിയേക്കും എന്നും സാഹചര്യം മോശമായി തുട‍ർന്നാൽ ഒരു വിഭാ​ഗം ജീവനക്കാരെ പിരിച്ചു വിടേണ്ടി വരുമെന്നും ​ഗതാ​ഗതമന്ത്രി തുറന്നു പറയുന്നു.