Asianet News MalayalamAsianet News Malayalam

'ചെന്നിത്തല പറയുന്നത് പച്ചക്കള്ളം': മാ‌ർക്ക് ദാന വിവാ​ദത്തിൽ ജലീൽ-ചെന്നിത്തല പോര് തുടരുന്നു

സർവകലാശാല അദാലത്തിൽ പ്രൈവറ്റ് സെക്രട്ടറി ഒപ്പിട്ടിട്ടില്ല എന്നാണ് പറഞ്ഞതെന്ന് ജലീലിന്റെ വിശദീകരണം. പ്രമുഖ നേതാവിന്റെ മകന്റെ സിവിൽ സർവ്വീസ് ജയം സംശയാസ്പദമെന്നും മന്ത്രിയുടെ ആരോപണം.

k t jaleel strikes against ramesh chennithala on mark gifting issue
Author
Kasaragod, First Published Oct 17, 2019, 3:38 PM IST

കാസർകോ‍ഡ്: മാ‌‌ർക്കുദാന വിവാദത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ തള്ളി വീണ്ടും മന്ത്രി കെ ടി ജലീൽ. പ്രതിപക്ഷ നേതാവ് പറയുന്നത് പച്ചക്കള്ളമെന്ന് ആരോപണങ്ങൾക്ക് മന്ത്രി മറുപടി നൽകി. സർവ്വകലാശാല അദാലത്തിൽ പ്രൈവറ്റ് സെക്രട്ടറി പങ്കെടുത്തിട്ടില്ല എന്ന് പറഞ്ഞിട്ടില്ലെന്നും ഒപ്പിട്ടിട്ടില്ല എന്നാണ് പറഞ്ഞതെന്നും മന്ത്രി വിശദീകരിച്ചു. പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾക്ക് മറുപടിയായി പ്രമുഖ നേതാവിന്റെ മകന്റെ സിവിൽ സർവ്വീസ് ജയം സംശയാസ്പദമെന്നും ഇതിൽ അന്വേഷണത്തെ കുറിച്ച് സർക്കാർ ആലോചിക്കും എന്നും മന്ത്രി തിരിച്ചടിച്ചു. മോ‍ഡറേഷനെ മാർക്ക് ദാനം എന്ന് വിളിക്കുന്ന ചെന്നിത്തല തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഉന്നയിക്കുന്നതാണ് ഈ ആരോപണങ്ങളെന്നും കെ ടി ജലീൽ കുറ്റപ്പെടുത്തി.

പ്രൈവറ്റ് സെക്രട്ടറി സർവ്വകലാശാല അദാലത്തിൽ പൂർണസമയം പങ്കെടുത്തതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ കെ ടി ജലീലിനെതിരായ ആരോപണം പ്രതിപക്ഷം വീണ്ടും കടുപ്പിക്കുകയാണ്. മന്ത്രിയെ മാറ്റി നിർത്തി കൊണ്ടുള്ള ജുഡീഷ്യൽ അന്വേഷണം വേണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് രംഗത്തെത്തിയിരുന്നു. 

Read More: എംജി സർവകലാശാല മാർക്ക് ദാന വിവാദം; കെ ടി ജലീലിന്‍റെ വാദം പൊളിയുന്നു

എന്നാൽ മോഡറേഷനെയാണ് മന്ത്രി മാർക്ക് ദാനമെന്ന് വിളിക്കുന്നതെന്ന് കെ ടി ജലീൽ പരിഹസിച്ചു. മോ‍ഡറേഷൻ ഇന്നലെ തുടങ്ങിയതല്ല, ആ ആനുകൂല്യം പല കുട്ടികൾക്കും ലഭിച്ചിട്ടുള്ളതാണ്. മോഡറേഷൻ നിർത്തണമെങ്കിൽ അത് പ്രതിപക്ഷ നേതാവ് പറയണമെന്നും അപ്പോൾ അത് പരിഗണിക്കാമെന്നും മന്ത്രി പറഞ്ഞു. തെറ്റിധാരണ പരത്തുക മാത്രമാണ് രമേശ് ചെന്നിത്തലയുടെ ലക്ഷ്യമെന്നും കെ ടി ജലീൽ ആരോപിച്ചു.

എംജി സർവകലാശാല അദാലത്തിൽ തന്റെ പേഴ്സണൽ സെക്രട്ടറി ഒപ്പിട്ടതിന് തെളിവുണ്ടെങ്കിൽ അത് ഹാജരാക്കണമെന്ന് കെ ടി ജലീൽ ഇന്നും  ചെന്നിത്തലയെ വെല്ലുവിളിച്ചു. പേഴ്സണൽ സ്റ്റാറ്റ് പങ്കെടുത്തത് നേരത്തെ പറഞ്ഞിട്ടുണ്ട്. പി എസ് പങ്കെടുത്തിട്ടില്ല എന്ന് ഞാൻ പറഞ്ഞിട്ടില്ല. ഒപ്പിട്ടിട്ടില്ല എന്നാണ് പറഞ്ഞത്. ഒപ്പിട്ടതിന് തെളിവ് ഉണ്ടെങ്കിൽ ഹാജരാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഇന്ന് പുറത്തു വന്ന ദൃശ്യങ്ങൾ ഉദ്ഘാടന ചടങ്ങിലേതെന്ന് ജലീൽ ആവർത്തിച്ചു. സിൻഡിക്കേറ്റ് അംഗം വീഴ്ചപറ്റി എന്ന് പറയുമെന്ന് തോന്നുന്നില്ലെന്നും അവർ എടുത്ത തീരുമാനമാണ് നടപ്പാക്കിയതെന്നും ജലീൽ വിശദീകരിച്ചു.

Read More: മാര്‍ക്ക്ദാന വിവാദം: മന്ത്രി രാജിവച്ച് അന്വേഷണം നേരിടണമെന്ന് ചെന്നിത്തല

അദാലത്തിൽ അല്ല , മറിച്ച് സിൻഡിക്കേറ്റ് ആണ് മോഡറേഷൻ തീരുമാനിച്ചത് എന്ന വാദവും മന്ത്രി ആവർത്തിച്ചു. റിസൾട്ടിന് മുൻപ് മോഡറേഷൻ തീരുമാനിക്കണം എന്ന് ചട്ടം ഇല്ല. എത്ര മാർക്ക് നൽകണമെന്ന് സിൻഡിക്കേറ്റിന് തീരുമാനിക്കാം.സിൻഡിക്കേറ്റ് ആണ് അപ്പലേറ്റ് അതോറിട്ടി. അത് കൊണ്ടാണ് ബോർഡ് ഓഫ് സ്റ്റഡീസിന് വിട്ട ഫയൽ തിരികെ വിളിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് മറുപടിയെന്നോണം ഒരു പ്രമുഖ നേതാവിന്റെ മകന്റെ സിവിൽ സർവീസ് പരീക്ഷയുടെ ഫലം സംശയാസ്പദമാണെന്ന ആരോപണവും കെ ടി ജലീൽ ഉയർത്തി. 2017 സിവിൽ സർവീസ് പരീക്ഷയെ കുറിച്ച് പരിശോധിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെടാത്തതെന്തെന്ന് കെ ടി ജലീൽ ചോദിച്ചു. മകന് വേണ്ടി കേരളത്തിലെ ഒരു നേതാവ് ലോബിയിങ് നടത്തി.ഇതിൽ ചില അപാകതകൾ ഉണ്ട്. അന്ന് എഴുത്ത് പരീക്ഷയിൽ ഒന്നാം റാങ്ക് കിട്ടിയ ആളെക്കാൾ നേതാവിന്റെ മകന് ഇന്റർവ്യൂവിൽ മാർക്ക് കിട്ടി. ഇതെങ്കിനെ എന്ന് പരിശോധിക്കണം. അന്വേഷണത്തെ കുറിച്ചു സർക്കാർ ആലോചിക്കും എന്നും കെ ടി ജലീൽ പറഞ്ഞു. 

മാര്‍ക്ക് ദാന വിവാദത്തില്‍ സർക്കാരിനെതിരെ പോര് കടുപ്പിച്ച പ്രതിപക്ഷം സംഭവത്തില്‍ നിരപരാധിയെന്ന് പറഞ്ഞ് ഒഴിയാൻ മന്ത്രി ജലീലിനാവില്ലെന്നും മുഖ്യമന്ത്രി മൗനം വെടിയണമെന്നും ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി അന്വേഷണത്തിന് തയ്യാറാണോ എന്നും രമേശ് ചെന്നിത്തല ചോദിച്ചു. ജലീൽ പച്ചക്കള്ളം പറയുന്നത് എന്തൊക്കെയോ മറച്ചുവയ്ക്കാനാണെന്നും അദ്ദേഹം ആരോപിച്ചു.

Read More: 'പരീക്ഷാഫലം പ്രസിദ്ധീകരിച്ചശേഷം മാർക്ക് നൽകാൻ സിൻഡിക്കേറ്റിന് അധികാരമില്ല'; പ്രതിപക്ഷം നിയമനടപടിയിലേക്ക്.

സർവകലാശാലകളുടെ സ്വയംഭരണാവകാശം അട്ടിമറിച്ചാണ് മന്ത്രിയും ഓഫീസും തോന്നിയപടി മാർക്കുകൾ വാരിക്കോരി നൽകിയതെന്നും എംജി സർവകലാശാല വിസിയാണ് തെറ്റു ചെയ്തതെന്ന് ബോധ്യമുണ്ടെങ്കിൽ അദ്ദേഹത്തെ പുറത്താക്കാൻ തയാറാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. 

Follow Us:
Download App:
  • android
  • ios