തിരുവനന്തപുരം: എം ജി സർവകലാശാല മാര്‍ക്ക് ദാന വിവാദവുമായി ബന്ധപ്പെട്ട് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ ടി ജലീലിന്‍റെ വാദം പൊളിയുന്നു. തന്‍റെ പ്രൈവറ്റ് സെക്രട്ടറി അദാലത്തിൽ മുഴുവൻ സമയവും പങ്കെടുത്തില്ലെന്ന മന്ത്രിയുടെ വാദം തെറ്റാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. എം ജി സർവകലാശാല അദാലത്തില്‍ മുഴുവന്‍ സമയവും മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ ഷറഫുദ്ദീന്‍ പങ്കെടുത്തതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

ഷറഫുദ്ദീന്‍ ഉദ്ഘാടന ചടങ്ങില്‍ മാത്രമാണ് പങ്കെടുത്തതെന്നും അദാലത്തില്‍ പങ്കെടുത്തില്ലെന്നുമായിരുന്നു മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാല്‍, അദാലത്ത് കഴിഞ്ഞശേഷം സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്ന ചടങ്ങ് വരെ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഡോ കെ ഷറഫുദ്ദീന്‍  പങ്കെടുത്തിരുന്നു എന്നാണ് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്. ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഉഷാ ടൈറ്റസും അദാലത്തിലുണ്ടായിരുന്നു. സർവകലാശാല തന്നെ ശേഖരിച്ച ദൃശ്യങ്ങളാണ് മന്ത്രിയുടെ വാദങ്ങൾ പൊളിക്കുന്നത്.

ജലീലിനെതിരെ മാർക്ക് ദാന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് രംഗത്തെത്തിയത്. എംജി സർവ്വകലാശാലയ്ക്ക് കീഴിലുള്ള കോതമംഗലം എഞ്ചിനീയറിംഗ് കോളേജിലെ ഒരു വിദ്യാർത്ഥിക്ക് മന്ത്രിയും പ്രൈവറ്റ് സെക്രട്ടറിയും ചേർന്ന് മാർക്ക് കൂട്ടി നൽകിയെന്നായിരുന്നു രമേശ് ചെന്നിത്തല ആരോപിച്ചത്. കോട്ടയത്ത് എംജി സർവകലാശാലയിൽ ഈ വർഷം ഫെബ്രുവരി നടത്തിയ അദാലത്തിന്റെ മറവിലാണ് മാർക്ക് ദാനം നടന്നിരിക്കുന്നത് എന്നായിരുന്നു ആരോപണം. സർവ്വകലാശാല അദാലത്തിൽ മന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടതിന് പിന്നാലെ വിഷയം സിൻഡിക്കേറ്റ് യോഗത്തിൽ വയ്ക്കാൻ തീരുമാനിച്ചു. ഇത് ചട്ടവിരുദ്ധമാണെന്ന് വൈസ് ചാൻസിലർ ചൂണ്ടിക്കാട്ടിയപ്പോൾ സിൻഡിക്കേറ്റിലെ ഇടത് അംഗങ്ങൾ ഔട്ട് ഓഫ് അജണ്ടയായി ഇക്കാര്യം കൊണ്ടുവന്നു. മന്ത്രിക്ക് മുന്നിൽ പരാതി ഉന്നയിച്ച വിദ്യാർത്ഥിക്ക് ഒരു മാർക്ക് നൽകാൻ തീരുമാനിച്ചെന്നായിരുന്നു ആക്ഷേപം. 

Read More: എം ജി സർവകലാശാലയിലും കെ ടി ജലീലിന്‍റെ 'മാർക്ക് ദാനം', ആരോപണവുമായി ചെന്നിത്തല