Asianet News MalayalamAsianet News Malayalam

'ഇത് കേരളത്തിലെ ദേശീയവാദികളുടെ വിജയം'; ജിഹാദി ഇടത് ഇക്കോ സിസ്റ്റവും ജലീലിന് രക്ഷയായില്ലെന്ന് സന്ദീപ് വാര്യര്‍

കേരളവും ഇന്ത്യയാണ് എന്ന് മനസിലാക്കിക്കൊള്ളണം . ഈ മണ്ണ് വിട്ട് നിഷ്കളങ്കരായ കഷ്മീരി പണ്ഡിറ്റുകളെ പോലെ പലായനം ചെയ്യാനല്ല, പൊരുതാനാണ് തീരുമാനമെന്നും സന്ദീപ് കുറിച്ചു.

k t jaleel withdraws  azad kashmir controversial statement sandeep varier says Victory of the Nationalists
Author
Palakkad, First Published Aug 13, 2022, 7:20 PM IST

പാലക്കാട്: കശ്മീരിനെ കുറിച്ചുള്ള വിവാദ ഫേസ്ബുക്ക് പോസ്റ്റ് മുൻ മന്ത്രി കെ ടി ജലീൽ പിന്‍വലിച്ചതോടെ പ്രതികരണവുമായി ബിജെപി വക്താവ് സന്ദീപ് വാര്യര്‍. കേരളത്തിലെ ജിഹാദി ഇടത് ഇക്കോ സിസ്റ്റം ഒരുക്കിയ സംരക്ഷണ കവചം രക്ഷയായില്ലെന്ന് സന്ദീപ് ഫേസ്ബുക്കില്‍ കുറിച്ചു. സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷിക വേളയിൽ കെ ടി ജലീലിന് ദേശവിരുദ്ധ പരാമർശങ്ങൾ പിൻവലിക്കേണ്ടി വന്നിരിക്കുന്നു.

ഇത് പരിപൂർണ വിജയമാണെന്നല്ല, മറിച്ച് കേരളത്തിന്‍റെ സാഹചര്യത്തിൽ ദേശീയവാദികൾക്ക് ഇത് വിജയം തന്നെയാണെന്നാണ് സന്ദീപ് വാര്യര്‍ പറഞ്ഞു. കേരളത്തിലെ ബഹുഭൂരിപക്ഷം  ജനങ്ങളെയും ദേശീയതക്കൊപ്പം അണിനിരത്താൻ ഈ വിഷയത്തിൽ സാധിച്ചു. ഒരാൾക്കും ജലീലിനെ സംരക്ഷിക്കാനായില്ല. ഇത് തുടക്കമാണ്. കേരളവും ഇന്ത്യയാണ് എന്ന് മനസിലാക്കിക്കൊള്ളണം . ഈ മണ്ണ് വിട്ട് നിഷ്കളങ്കരായ കഷ്മീരി പണ്ഡിറ്റുകളെ പോലെ പലായനം ചെയ്യാനല്ല, പൊരുതാനാണ് തീരുമാനമെന്നും സന്ദീപ് കുറിച്ചു.

'ആസാദ് കശ്മീർ': വിവാദം കത്തിയതോടെ ഇടപെട്ട് സിപിഎം, ജലീലിനെ കൊണ്ട് പോസ്റ്റ്‌ വലിപ്പിച്ചു

അതേസമയം, പോസ്റ്റിലെ പരമാർശങ്ങൾ തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയതായി ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിക്കുകയാണെന്നാണ് ജലീൽ വ്യക്തമാക്കിയത്. താൻ ഉദ്ദേശിച്ചതിന് വിരുദ്ധമായി പ്രസ്തുത കുറിപ്പിലെ വരികൾ ദുർവ്യാഖ്യാനം ചെയ്യപ്പെട്ടു. ഈ സാഹചര്യത്തിൽ നാടിന്റെ നന്മയ്ക്കും ജനങ്ങൾക്കിടയിലെ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനും ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചതായി അറിയിക്കുന്നുവെന്നാണ് കെ ടി ജലീലിന്‍റെ വിശദീകരണം.

'ആസാദ് കശ്മീർ' പരാമ‍ർശത്തിനെതിരെ പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് കെ ടി ജലീൽ ഫേസ്ബുക്ക് കുറിപ്പ് പിൻവലിക്കാൻ നിർബന്ധിതനായത്. മുന്‍ മന്ത്രി നടത്തിയത് രാജ്യദ്രോഹപരമായ പരാമർശമാണെന്ന് കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷി കുറ്റപ്പെടുത്തിയിരുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും ദേശീയ നിർവാഹക സമിതിയംഗം പി കെ കൃഷ്ണദാസും ജലീലിനെ വിമർശിച്ച് രംഗത്തെത്തി. പരാമർശം വിവാദമായതോടെ താൻ ഇൻവെർട്ട‍ഡ് കോമയിൽ നൽകിയ ആസാദ് കശ്മീ‍ർ പരാമർശം വിമർശകർക്ക് മനസ്സിലായില്ലെന്ന് സഹതപിച്ച് ജലീല്‍ ആദ്യം വിശദീകരണം നല്‍കിയിരുന്നു.

'ആസാദ് കശ്മീര്‍' പരാമര്‍ശം, കെ ടി ജലീലിനെതിരെ ദില്ലിയില്‍ പരാതി

എന്നാല്‍, സിപിഎമ്മും ജലീലിനോട് വിയോജിച്ചതോടെ പോസ്റ്റ് പിന്‍വലിക്കേണ്ടി വരികയായിരുന്നു. സിപിഎം നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് കെ ടി ജലീല്‍ വിവാദ പോസ്റ്റ് പിന്‍വലിച്ചത്. പോസ്റ്റ് പിന്‍വലിക്കാന്‍ പാര്‍ട്ടി നിര്‍ദേശം നല്‍കുകയായിരുന്നു. സിപിഎം നേതൃത്വം ജലീലിനോട് തിരുത്താൻ ആവശ്യപ്പെടുന്നതിന് മുമ്പ്  മന്ത്രിമാരായ എം വി  ഗോവിന്ദനും പി രാജീവും എതിർപ്പ് വ്യക്തമാക്കിയിരുന്നു. 

 

Follow Us:
Download App:
  • android
  • ios