തിരുവനന്തപുരം: കശുവണ്ടി അഴിമതി കേസിൽ പ്രതിയായ ഖാദി സെക്രട്ടറി കെ എ രതീഷ് ശമ്പളമായി ആവശ്യപ്പെട്ടത് മൂന്നര ലക്ഷം രൂപ. വൈസ് ചെയർ പേഴ്സണ്‍ രതീഷ് നൽകിയ കത്ത് ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. ഖാദി ബോർഡ് വൈസ് ചെയർപേഴ്സൺ ശോഭനാ ജോർജാണ് കെ എ രതീഷിൻ്റെ കത്ത് സർക്കാരിലേക്ക് ശുപാർശ ചെയ്തത്. അതേസമയം എല്ലാം നിയമപരമാണെന്ന വ്യവസായ മന്ത്രിയുടെ വാദത്തിലും പൊരുത്തക്കേടുകൾ ഉയരുകയാണ്.

സാമ്പത്തിക പ്രയാസങ്ങളിൽ ചക്രശ്വാസം വലിക്കുന്ന ഖാദി ബോർഡിൽ കെ എ രതീഷ് ആവശ്യപ്പെട്ട ശമ്പളം മൂന്നര ലക്ഷം രൂപയാണ്. ഖാദി ബോർഡ് വൈസ് ചെയർപേഴ്സണ് 20,000 രൂപ സർക്കാർ നൽകുമ്പോഴാണ് കരാർ വ്യവസ്ഥയിൽ നിയമിച്ച ഉദ്യോഗസ്ഥൻ ഭീമൻ തുക ആവശ്യപ്പെട്ട് വൈസ് ചെയർപേഴ്സണ്‍ ശോഭനാ ജോർജിന് കത്ത് നൽകിയത്. ഇൻകെലിൽ നേരത്തെ വാങ്ങിയ ശമ്പളം മൂന്നരലക്ഷമാണെന്നാണ് രതീഷന്‍റെ വാദം. എന്നാൽ കിൻഫ്ര എംഡിയുടെ ശമ്പളമായ ഒരുലക്ഷത്തി എഴുപതിനായിരം നൽകാനുള്ള കത്താണ് ഖാദി ബോർ‍ഡ് വൈസ് ചെയർപേഴ്സണ്‍ വ്യവസായ മന്ത്രിക്ക് നൽകിയത്. ഈ നടപടികൾക്ക് രണ്ടാഴ്ച എടുത്തെങ്കിൽ മന്ത്രി ഇ പി ജയരാജൻ ശുപാർശ കൈയ്യിൽ കിട്ടിയ അന്ന് തന്നെ ഒപ്പിട്ട് തുടർ നടപടികൾക്കായി വ്യവസായ സെക്രട്ടറിക്ക് കൈമാറി.

എന്നാൽ, മന്ത്രിയും പറയും പോലെ അല്ല കാര്യങ്ങൾ. ധനവകുപ്പ് അംഗീകാരം അടക്കം സർക്കാർ നടപടികൾ പൂർത്തിയായി ശമ്പള വർദ്ധനവ് തീരുമാനിക്കുന്നു എന്നാണ് കെ എ രതീഷ് ഖാദി ബോർഡ് ഡയറക്ടർ ബോർഡിന് ഒക്ടോബർ 19ന്  നൽകിയ കത്തിൽ പറയുന്നത്. നിയമപരമാണെങ്കിൽ ഖാദി ബോ‍ർഡ് കൂടി അംഗീകാരം നൽകാതെ എങ്ങനെ ബോ‍ർഡിന് കീഴിലെ ഉദ്യോഗസ്ഥന്‍റെ ശമ്പള വർദ്ധനവിൽ തീരുമാനമെടുത്തു എന്ന ചോദ്യവും ഉയരുന്നു. യുഡിഎഫ് കാലത്തെ കശുവണ്ടി അഴിമതി കേസിൽ പ്രതിയായ കെ എ രതീഷ് ഇൻകെൽ എംഡിയാക്കി ഇടത് സർക്കാർ നിയമിച്ചത് തന്നെ വിവാദമായിരുന്നു.