ആറന്മുള: ചരിത്രപ്രസിദ്ധമായ  ആറന്മുള ഉത്രട്ടാതി ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മത്സരവള്ളംകളിയുടെ ഉദ്ഘാടനം ജലവകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവ്വഹിച്ചു. ജലോത്സവം നടത്താന്‍ വേണ്ട ജലനിരപ്പ് പമ്പയില്‍ ഇല്ലാതിരുന്നതിനാല്‍ മണിയാർ ഡാമിന്‍റെ  ഷട്ടറുകൾ തുറന്ന ശേഷമാണ് വള്ളംകള്ളി നടത്തുന്നത്. 

52 പള്ളിയോടങ്ങളാണ് ജലോത്സവത്തിൽ പങ്കെടുക്കുന്നത്. രണ്ട് ബാച്ചുകളായി ആണ് വള്ളംകളി . ഒന്നാം സ്ഥാനം ലഭിക്കുന്ന പള്ളിയോടത്തിന് രണ്ട് ബാച്ചിലും മന്നം ട്രോഫി ലഭിക്കും.  വേഗത്തിന് പ്രാധാന്യം നൽകാതെ വഞ്ചിപ്പാട്ടുകൾ ,തുഴച്ചിൽ ശൈലി , ചമയം വേഷം , അച്ചടക്കം എന്നിവയുടെ അടിസ്ഥാനത്തിലാണ്  വിജയികളെ കണ്ടെത്തുക. 

നാടൻ കലകളുടെ അവതരണവും ഉണ്ടാകും. പമ്പയിൽ ജലനിരപ്പ് ഉയർത്താൻ  മണിയാർ ഡാമിന്‍റെ ഷട്ടറുകൾ തുറന്നത് കൂടാതെ മൂഴിയാർ, കക്കാട് വൈദ്യുത നിലയങ്ങളിൽ ഉത്പാദനം പൂർണതോതിൽ നടത്തുന്നുമുണ്ട്. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘമാണ് വള്ളംകള്ളിക്ക് സുരക്ഷ ഉറപ്പാക്കാനായി രംഗത്തുള്ളത്. പ്രളയത്തെ തുടർന്ന് കഴിഞ്ഞ വർഷം  വള്ളംകളി നടന്നിരുന്നില്ല. അതിനാല്‍ തന്നെ വന്‍ ജനാവലിയാണ് ഇക്കുറി ജലമേളയ്ക്ക് എത്തിയത്.