തിരുവനന്തപുരം: കേരള ബാങ്ക് രൂപീകരണം കേരള പിറവി ദിനത്തിലുണ്ടാകില്ല. ഹൈക്കോടതിയിലെ കേസുകളാണ് തടസമാകുന്നത്. കേസ് പരിഗണിക്കുന്നത് നേരത്തെയാക്കാന്‍ കോടതിയെ സമീപിക്കുമെന്നും സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന്‍  അറിയിച്ചു.

പത്തൊമ്പത് വ്യവസ്ഥകളോടെയാണ് റിസര്‍വ് ബാങ്ക് കേരള ബാങ്ക് രൂപീകരിക്കാന്‍ അനുമതി നല്‍കിയത്. കോടതിയില്‍ നിലവിലുളള കേസുകളുടെ തീര്‍പ്പിന് വിധേയമായിരിക്കും ഇതെന്നും വ്യക്തമാക്കിയിരുന്നു. കേരളപിറവി ദിനത്തില്‍ കേരള ബാങ്ക് രൂപീകരിക്കാമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഹൈക്കോടതിയില്‍ നിലവില്‍ ഇരുപത്തി ഒന്ന് കേസുകളുണ്ട്. നവംബര്‍ നാലിനാണ് കേസ് ഇനി പരിഗണിക്കുന്നത്. ഇത് നേരത്തെയാക്കാന്‍ സര്‍ക്കാര്‍ കോടതിയെ സമീപിക്കും. അതേസമയം, ലയനപ്രമേയത്തിന് മലപ്പുറം ജില്ലാ ബാങ്ക് ഇതുവരെ അനുമതി നല്‍കിയിട്ടില്ല.

കേരള ബാങ്ക് രൂപീകരണത്തിന് റിസര്‍വ് ബാങ്ക് നല്‍കിയിരിക്കുന്ന അനുമതിക്ക് 2020 മാര്‍ച്ച് 31 വരെ പ്രാബല്യമുണ്ട്. അതിനകം എല്ലാ വ്യവസ്ഥകളും അംഗീകരിക്കണം. യുഡിഫ് നേതൃത്വം നല്‍കുന്ന സഹകരണ ജനാധിപത്യവേദി കേരള ബാങ്ക് രൂപീകരണത്തിനെതിരായ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്. ഹൈക്കോടതിയില്‍ നിലവിലുള്ള കേസുകളില്‍ തിരച്ചടി നേരിട്ടാല്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.