ശബരിമല സ്വര്‍ണക്കൊള്ളയുമായി ഒരു ബന്ധവുമില്ലെന്ന് കടകംപള്ളി സുരേന്ദ്രൻ. ദേവസ്വം ബോർഡിന്റേത് സ്വതന്ത്ര തീരുമാനമാണെന്നും അത് സർക്കാർ അറിയണമെന്നില്ലെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം: ദേവസ്വം ബോർഡിന്റേത് സ്വതന്ത്ര തീരുമാനമാണെന്നും അത് സർക്കാർ അറിയണമെന്നില്ലെന്നും മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സ്വർണക്കൊള്ളയുമായി ഒരു ബന്ധവുമില്ലെന്നും ഇതുസംബന്ധിച്ച ഒരു ഫയലും തന്റെ മുന്നിൽ വന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ശബരിമല സ്വർണ്ണക്കൊള്ള അന്വേഷണത്തിനായി എസ്ഐടിയെ നിയോഗിച്ചത് ഹൈക്കോടതിയാണ്. കുറ്റപത്രം സമർപ്പിക്കും വരെ കാത്തിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
ദേവസ്വം ബോര്‍ഡ് മുൻ പ്രസിഡന്‍റ് എ പത്മകുമാര്‍ അറസ്റ്റിൽ
ശബരിമല സ്വര്‍ണക്കൊള്ള കേസിൽ 2019ല്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റായിരുന്ന എ പത്മകുമാറിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രത്തിൽ വെച്ച് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് പിന്നാലെയാണ് പത്മകുമാറിന്‍റെ അറസ്റ്റ്. സ്വര്‍ണക്കൊള്ളയിലെ ആറാമത്തെ അറസ്റ്റാണിത്. സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമാണ് പത്മകുമാര്‍. ശബരിമല ശ്രീകോവിലിന് മുന്നിലെ കട്ടിളപ്പടിയിലെ സ്വര്‍ണം കവര്‍ന്ന കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. കട്ടിള പാളി കേസിൽ ബോർഡിൻ്റെ അറിവോടെയാണ് തട്ടിപ്പ് നടന്നതെന്നാണ് എസ്ഐടിയുടെ പ്രാഥമിക കണ്ടെത്തൽ. കേസില്‍ എട്ടാം പ്രതിയായി എ പത്മകുമാര്‍ അധ്യക്ഷനായ 2019ലെ ബോര്‍ഡിനെ പ്രതി ചേര്‍ത്തിരുന്നു. ബോർഡിൻ്റെ അറിവോടെയാണ് പാളികൾ ഇളക്കിയെടുത്ത് പോറ്റിക്ക് കൊടുത്തത് എന്നാണ് എസ്ഐടി തയ്യാറാക്കിയ എഫ് ഐ ആർ.


