കൊല്ലം: കടക്കലിൽ സ്പിരിറ്റ് കുടിച്ച് മരിച്ച പൊലീസുകാരൻ അഖിൽ ആശുപത്രിയിൽ പോകാൻ വിസമ്മതിച്ചെന്ന് വാർഡ് മെമ്പർ ബിന്ദു. അഖിലും സുഹൃത്തുക്കളും മദ്യപിച്ചിരുന്നതായി നാട്ടുകാർ അറിയിച്ചെന്നും വീട്ടുകാരും ബന്ധുക്കളും നിർബന്ധിച്ചിട്ടും അഖിൽ ആശുപത്രിയിൽ പോയില്ലെന്നും അവർ പറഞ്ഞു.

നാല് പേരും മദ്യപിച്ചിരുന്നെന്ന് പൊലീസുകാരും എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥരും തന്നോട് പറഞ്ഞുവെന്നും ബിന്ദു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അഖിലും സുഹൃത്തുക്കളും ആശുപത്രിയിൽ ഉപയോഗിക്കുന്ന സ്പിരിറ്റ് ശീതള പാനീയത്തിൽ കലർത്തി കുടിക്കുകയായിരുന്നുവെന്നാണ് വിവരം. സ്പിരിറ്റ് എത്തിച്ച മദ്യപ സംഘത്തിലെ അംഗം വിഷ്ണുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

മരിച്ച അഖിൽ, സുഹൃത്തുക്കളായ ഗിരീഷ്, ശിവപ്രിയൻ, വിഷ്ണു എന്നിവർ ചേർന്നാണ് സ്പിരിറ്റ് കുടിച്ചത്. ഇവരിൽ ഗിരീഷും ശിവപ്രിയനും തിരുവനന്തപുരം മെഡിക്കൽ കൊളജ് ആശുപത്രിയിൽ ചികിത്സയിലാണ്. സ്പിരിറ്റ് കിട്ടിയ സ്ഥലത്തെ കുറിച്ച് അന്വേഷണം തുടങ്ങി. പ്രത്യേക സംഘത്തെ നിയോഗിച്ചുവെന്ന് കൊല്ലം റൂറൽ എസ്പി ഹരിശങ്കർ പറഞ്ഞു. മുൻപും ഇവർ സ്പിരിറ്റ് കുടിച്ചിരുന്നു. അന്ന് ശീതളപാനിയത്തിൽ കലർത്തി കഴിച്ചപ്പോൾ ദേഹാസ്വാസ്ഥ്യമുണ്ടായെന്നാണ് വിഷ്ണുവിന്റെ മൊഴി. അതുകൊണ്ട് ഇത്തവണ കുറച്ച് മാത്രമാണ് കുടിച്ചതെന്ന് വിഷ്ണു മൊഴി നൽകി.

മലപ്പുറം ഐ ആർ ബറ്റാലിയനിലെ പൊലീസ് ഉദ്യോ​ഗസ്ഥനും കടക്കൽ ചെളിക്കുഴി സ്വദേശിയുമാണ് അഖിൽ. മദ്യപിച്ച് അവശനിലയിലായ അഖിലിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.